കള്ളക്കേസില്‍ ചിതറിപ്പോയ നാലു ജീവിതങ്ങള്‍

                      ജാഗ്രത: തൊഴിയൂര്‍ കള്ളക്കേസില്‍ ചിതറിയത് നാലു ജീവിതം

(പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തൊഴിയൂര്‍ ഗ്രാമത്തെ നടുക്കിയ ഒരു കൊലപാതകത്തിന്റെ 
കാണാപ്പുറങ്ങളെക്കുറിച്ച്    ജാഗ്രത  ബ്ലോഗില്‍ വന്ന ലേഖനം അതേപടി ചേര്‍ക്കുന്നു )

ഗുരുവായൂരിനടുത്ത തൊഴിയൂരില്‍ 1994 ഡിസംബര്‍ നാലിന് സുനില്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ നാലുപേരെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. ഇവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ യാദൃച്ഛികമായി യഥാര്‍ഥ പ്രതികള്‍ പിടിയിലായി. അതോടെ തുറങ്കിലുള്ളവര്‍ മോചിതരായി. സിപിഐ എം പ്രവര്‍ത്തകരാണെന്ന ഒറ്റക്കാരണത്താല്‍ നിരപരാധികളായ നാല് യുവാക്കളെ പൊലീസും ഭരണനേതൃത്വവും കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. കേസില്‍പെട്ടതോടെ നാല് പേരും കുടുംബവും അനുഭവിച്ച കടുത്ത മാനസിക-ശാരീരിക പീഡനങ്ങള്‍ അവരുടെ ജീവിതത്തെ തിരിച്ചെടുക്കാനാകാത്ത വിധം ഉലച്ചുകളഞ്ഞു.


ചന്ദ്രശേഖരന്‍ വധത്തിന്റെ പേരിലുള്ള സിപിഐ എം വേട്ടക്ക് സമാനമായിരുന്നു സുനില്‍ കൊലപാതക കേസിലെ സംഭവങ്ങള്‍. മുതുവട്ടൂര്‍ വാകയില്‍ ഗോപിയുടെ മകന്‍ ബിജി, തൈക്കാട് വീട്ടില്‍ മാധവന്റെ മകന്‍ ടി എം ബാബുരാജ്, മുതുവട്ടൂര്‍ രായംമരക്കാര്‍ വീട്ടില്‍ റഫീഖ്, കല്ലിങ്ങല്‍ പറമ്പില്‍ പരേതനായ ഹരിദാസന്‍ എന്നിവരെയാണ് കൊലക്കേസില്‍ കുടുക്കിയത്. സംഭവസമയത്ത് ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിലായിരുന്നു ഇവരുടെ പ്രായം. ബിജെപി പ്രവര്‍ത്തകനായ തൊഴിയൂര്‍ മനങ്കുളം വീട്ടില്‍ സുനില്‍, സഹോദരന്‍ സുബ്രഹ്മണ്യന്‍, അഛന്‍ കുഞ്ഞുമോന്‍, അമ്മ, മൂന്ന് സഹോദരിമാര്‍ എന്നിവരെ ഒരു സംഘം ആക്രമിച്ചു. സുനിലിനെ വെട്ടിനുറുക്കി. സുബ്രഹ്മണ്യന്റെ ഇടതുകൈ അറുത്തെടുത്തു. കൊല നടത്തിയത് സിപിഐ എം ആണെന്ന് ചില മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു. തലേദിവസം ഗുരുവായൂര്‍ സ്വദേശി കണിമംഗലം ജോയിയെ ക്രിമിനലുകള്‍ വെട്ടിപരിക്കേല്‍പ്പിച്ചതിന് പ്രതികാരമാണിതെന്നായിരുന്നു പ്രചാരണം.

കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന അന്വേഷണത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു പുറമെ കോണ്‍ഗ്രസ് വിമതരെയും പ്രതികളാക്കി. ബിജി, ബാബുരാജ്, ഹരിദാസന്‍, റഫീഖ്, കോണ്‍ഗ്രസ്സിലെ തിരുത്തല്‍വാദികളായിരുന്ന ജയ്സണ്‍, ജയിംസ്, പ്രത്യേക രാഷ്ട്രീയമില്ലാതിരുന്ന ഷെമീര്‍, അബൂബക്കര്‍, സുബ്രഹ്മണ്യന്‍ എന്നിവരെ പ്രതികളാക്കി കേസെടുത്തു. കരുണാകരന്റെ ശക്തമായ ഇടപെടല്‍ ഇതിനു പിന്നിലുണ്ടായിരുന്നു. തൃശൂര്‍ സെഷന്‍സ് കോടതി ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവരെ വിവിധ വകുപ്പുകളില്‍ 33 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന വ്യവസ്ഥയുള്ളതിനാല്‍ ഇതു ജീവപര്യന്തമായി.

ഇതിനിടെ, ടി പി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തീരദേശ തീവ്രവാദ വിരുദ്ധസ്ക്വാഡിന്റെ വിവിധ കേസന്വേഷണത്തിനിടെ യഥാര്‍ഥ പ്രതികള്‍ വലയിലായി. തീവ്രവാദ സംഘടനയായ ജംഇയത്തുല്‍ ഹിസാനിയ പ്രവര്‍ത്തകരാണ് പിടിയിലായത്. സുനിലിനെയും കുടുംബത്തെയും അക്രമിച്ചതെന്ന് തങ്ങളാണെന്ന് അവര്‍ സമ്മതിച്ചു. സുനിലിന് ചില മുസ്ലീം വീടുകളുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. വാടാനപ്പിള്ളി സ്വദേശി സന്തോഷ്, കയ്പ്പമംഗലം ചളിങ്ങാട് രാജീവ്, കൊല്ലംങ്കോട് താമി വധക്കേസുകളിലും നോമ്പുകാലത്ത് തുറന്ന് പ്രവര്‍ത്തിച്ച സിനിമ തിയ്യറ്ററുകള്‍ കത്തിച്ച കേസിലും ഇവര്‍ പ്രതികളായിരുന്നു. ചേകന്നൂര്‍ മൗലവി വധക്കേസില്‍ പ്രതിയായ സെയ്തലവി അന്‍വരിയും കൂട്ടാളികളുമാണ് സുനില്‍ വധത്തിനു പുറകിലുമെന്ന് പിന്നീട് തെളിഞ്ഞു.
(ടി ബി ജയപ്രകാശ്)

സമാനതയില്ലാത്ത പീഡനം

തൊഴിയൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട നിരപരാധികള്‍ അനുഭവിച്ചത് സമാനതകളില്ലാത്ത പീഡനം. പത്ത് ദിവസം നീണ്ട കൊടിയ പീഡനമാണ് പിടികൂടിപ്പോള്‍ ഇവര്‍ അനുഭവിച്ചത്. ഇവരുടെ വീട്ടിലുള്ള പ്രായമായവരേയും സഹോദരിമാരടക്കമുള്ള സ്ത്രീകളെയുംപൊലീസ് മര്‍ദിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. ഒന്നാംപ്രതിയെന്ന് ആരോപിച്ച മുതുവട്ടൂര്‍ വാകയില്‍ ഗോപിയുടെ മകന്‍ ബിജിയും കുടുംബത്തിനും ആ കറുത്തദിനങ്ങള്‍ ഇന്നും നടുക്കുന്ന ഓര്‍മ.

സുനിലിന്റെ ചേട്ടന്‍ സുബ്രഹ്മണ്യനെ അക്രമത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജിലെത്തിക്കുമ്പോള്‍ ആരാണെന്നും പോലും അറിയാതെ സഹായം ചെയ്തത് ബിജിയടക്കമുള്ളവരായിരുന്നു. തങ്ങളുടെ സുഹൃത്തിനെ പരിചരിക്കാന്‍ ആശുപത്രിയിലെത്തിയതായിരുന്നു ഇവര്‍. ഒരിക്കല്‍ പോലും കാണാത്ത സുനിലിനെയും സഹോദരനേയും ബിജിയും ബാബുരാജും അക്രമിച്ചെന്നാണ് പൊലീസ് പറഞ്ഞത്. കേസില്‍ പ്രതിചേര്‍ത്തവര്‍ ഒളിവിലാണെന്നും പ്രചരിപ്പിച്ചു. ആ സമയത്ത് ബിജിയും ബാബുവും റഫീക്കും ജയ്സണും അടക്കമുള്ളവര്‍ മെഡിക്കല്‍ കോളേജിലായിരുന്നു. രക്ഷയില്ലാതായപ്പോള്‍ പീഡനം ഭയന്ന് ഇവര്‍ ഒളിവില്‍ പോയി. ആദ്യം ജയ്സണാണ് പിടിയിലായത്. തുടര്‍ന്ന് ജെയിംസിനെ പിടികൂടി. മറ്റുള്ളവരെ പ്രതിയാക്കുന്നതിന് മൊഴി നല്‍കാന്‍ ക്രൂരമായ മര്‍ദനം. തിരുത്തല്‍വാദികളായിരുന്ന ജയ്സണ്‍, ജെയിംസ് എന്നിവരേയും മറ്റുള്ളവരേയും ബോധപൂര്‍വം പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ പൊലീസിനെ സ്വാധീനിച്ചു. പ്രതികളാക്കപ്പെട്ട ബാബുരാജ്, ഹരിദാസന്‍, ബിജി, ജയ്സണ്‍, ജെയിംസ് എന്നിവരുടെ വീടുകളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ നിരന്തരം അതിക്രമം നടന്നു. ബിജിയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. വീട്ടിലുള്ളവര്‍ക്ക് ജോലിക്കു പോകാനായില്ല.

റഫീഖ് കൊലക്കേസില്‍ പ്രതിയായതറിഞ്ഞ് ബാപ്പ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് മടങ്ങി. ഇതോടെ കുടുംബം സാമ്പത്തികമായി തകര്‍ന്നു. മൂന്നാം പ്രതി ബാബുരാജ് സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. അച്ഛന്‍ മരിച്ചശേഷം കുടുംബത്തെ പുലര്‍ത്തിയ ബാബുവിന്റെ കുടുംബവും പട്ടിണിയിലായി. ഹൃദ്രോഗിയായ അമ്മയ്ക്ക് ഒരുനേരത്തെ മരുന്നുവാങ്ങാന്‍ പോലുമാകാതായി. നാലാം പ്രതി ഹരിദാസിന്റെ തീര്‍ത്തും ദരിദ്രമായ കുടുംബവും തകര്‍ന്നു. ആറാം പ്രതി സുബ്രഹ്മണ്യന്‍ വിധി വരുംമുമ്പ് മരിച്ചു. സാമ്പത്തികമായി താഴ്ന്ന നിലയിലായിരുന്ന ഇവരുടെ കുടുംബങ്ങള്‍ കേസ് നടത്താന്‍ ലക്ഷങ്ങള്‍ കടം വാങ്ങി. കിടപ്പാടംവരെ പണയംവച്ചു. ബാബുരാജും ബിജിയും ഇപ്പോള്‍ ചാവക്കാട് ഏരിയയില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാരാണ്.

17 comments:

  1. ആര് എവിടെ കൊല്ലപ്പെട്ടാലും അതിനു പിന്നിൽ മാർക്സിസ്റ്റ്കാരെന്ന് ആരോപിക്കുന്നതിനെ ഏറ്റുപിടിച്ച് കുപ്രചരണം നടത്തുന്ന മാർക്സിസ്റ്റ് വിരുദ്ധരിലേയ്ക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യൂ‍. (ഓ! ഷെയർ ചെയ്തിട്ടും കാര്യമൊന്നുമില്ല. യഥാർത്ഥ കുറ്റവാളികൾ കുറ്റമേറ്റു പറഞ്ഞാലും അത് വിശ്വസിക്കാൻ ഇഷ്ടപ്പെടാത്ത മാർക്സിസ്റ്റ് വിരുദ്ധത ഒരു തരം മനോരോഗമായിത്തീർന്നിട്ടുണ്ട്. അതിനു ചികിത്സ ശസ്ത്രീയമായിത്തന്നെ നൽകണം)

    ReplyDelete
    Replies
    1. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് ചിലരങ്ങുറപ്പിക്കും..എന്തുപറഞ്ഞിട്ടും കാര്യമില്ല ഭായ് ..ആയിരം കുറ്റവാളികളെ രക്ഷപ്പെടുത്തി ഒരു നിരപരാധിയെ തൂക്കിക്കൊല്ലുന്ന രീതിയായി മാറിയപോലെ നമ്മുടെ നീതി

      Delete
  2. ആയിരം നിരപരാധികളും ഒരു കുറ്റവാളിയും!!

    ReplyDelete
    Replies
    1. അതെ അതുതന്നെ ജോസെലിന്‍ .

      Delete
  3. ചന്ദ്രശേഖരനെ വധിച്ചതില്‍ സി പി എമ്മിനല്ലാതെ മറ്റാര്‍കും പങ്കില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്.പാര്‍ടി അനുയായികള്‍ക്കു പോലും അതില്‍ സംശയമില്ല.

    ReplyDelete
  4. ആര് ചത്താലും പുറം കയറി ചൊറിയാന്‍ എളുപ്പം സി പി എമ്മിനെ തന്നെ ആണ് കാരണം മാനുഷിക മൂല്യം ഉയര്‍ത്തിപിടിക്കുന്ന ഒരു പ്രസ്ഥാനം അതല്ലേ ഒള്ളൂ അതിനു കുറെ ഉളിപ്പില്ലാത്ത കൌമും ഉണ്ട്
    മൂന്നാമത്തെ കമെന്റ് ഇട്ട ആളാണോ ഇപ്പോള്‍ കേരളത്തിലെ ഡി ജി പി

    ReplyDelete
  5. എല്ലാം കാണുകതന്നെ അല്ലാതെ എന്താ ചെയ്യുക കൊമ്പാ?

    ReplyDelete
  6. ചില കാടടച്ച വെടിവെപ്പുകളാണ് എല്ലാ സംഭവങ്ങള്‍ക്ക് പിന്നിലും ഇന്ന് തുടരുന്നത്. ആര് ശിക്ഷിക്കപ്പെടുന്നു എന്നതല്ല, താല്‍ക്കാലിക ലാഭം മാത്രം നോക്കി കാര്യങ്ങള്‍ തിരിക്കുകയും അതനുസരിച്ച് ഒരു പൊതു അഭിപ്രായം രൂപികരിക്കാനും ആണ് ആദ്യമേ തന്നെ നോക്കുന്നത്.
    ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സംഭവത്തില്‍ മരിച്ച വ്യക്തിയുടെ കുടുമ്പം അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ പ്രയാസം അനുഭവിച്ചത്‌ ഒന്നും അറിയാത്ത പാവങ്ങള്‍ ആണ് എന്നതാണ്. ഇവിടെ പോലീസിന്റെയും അവരെ നിയന്ത്രിക്കുന്ന അന്നത്തെ രാഷ്ട്രീയവും കാണിച്ച നേറികേടിനേക്കാള്‍ കൂടുതല്‍, സത്യത്തിന്റെ നിയമപാലകരെന്നു സ്വയം അവരോധിച്ച് ഒന്നും കാണാതെ അറിയാതെ ഒരു വിഭാഗത്തിന്റെ പക്ഷം ചേര്‍ന്ന് കുറ്റക്കാരെ തീരുമാനിക്കുന്ന "നല്ലവരായ" കുറെ ആള്‍ക്കാരെന്നേ ഞാന്‍ പറയൂ.

    ReplyDelete
    Replies
    1. സത്യത്തിന്റെ നിയമപാലകരെന്നു സ്വയം അവരോധിച്ച് ഒന്നും കാണാതെ അറിയാതെ ഒരു വിഭാഗത്തിന്റെ പക്ഷം ചേര്‍ന്ന് കുറ്റക്കാരെ തീരുമാനിക്കുന്ന "നല്ലവരായ" കുറെ ആള്‍ക്കാര്‍.. അതെ അതാണതിന്റെ ശെരി റാംജീസാബ്.

      Delete
  7. എം.എം മണിയെ പോലെ ആയിരം കുറ്റവാളികള്‍ കൊന്നും കൊലവിളിച്ചും നടക്കുന്നു.
    അതെ സമയം നിരപരാധികള്‍ ജയിലിലും

    ReplyDelete
  8. വളരെ നല്ല ലേഖനം ..
    സത്യങ്ങള്‍ പലതും പലയിടത്തും മൂടി വെക്കപെടും.
    പല കള്ളകേസുകളിലും ഇത് പോലെ നിരപരാധികള്‍ ക്രൂശിക്കപെടുന്നു. സത്യം ഇത് പോലെ തുറന്നു പറയുകയോ വെളിച്ചത്തു കൊണ്ട് വരികയോ അരുത്. അത് താങ്കളുടെ കപട കമ്മ്യൂണിസ്റ്റ് ചിന്തയായി വ്യാഖാനിക്കപെട്ടെക്കാം.

    ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി വേണുജീ..താന്കള്‍ പറഞ്ഞത് അക്ഷരം പ്രതി ശേരിയാണെന്ന് തെളിയിച്ചുകൊണ്ട് ഒരു വിവരദോഷിയുടെ കമ്മന്റ്കണ്ടു , മന്ദബുദ്ധിയും വിവരദോഷിയും ആയ അവനോടൊന്നും മറുപടി പറയേണ്ട കാര്യമില്ലെന്ന് തോന്നിയതിനാല്‍ ഞാനത് ഒഴിവാക്കി.

      Delete
  9. മനുഷ്യന്‍ എന്തിനുവേണ്ടിയാണ് കൊടുംപാതകങ്ങള്‍ ചെയ്യുന്നത് .ജീവിച്ച്‌ തീര്‍ക്കുവാനുള്ള മനുഷ്യന്‍റെ ആയുസിനെ ഉന്‍മൂലനം ചെയ്യുന്ന പ്രവണതകള്‍ നാള്‍ക്കുനാള്‍ അധികരിക്കുന്നു. എന്തിന്‍റെ പേരിലായാലും കൊലപാതകം ഒന്നിനും പരിഹാരമാവില്ല മനുഷ്യനില്‍ നന്മ ഉണ്ടാവട്ടെ നന്മയുള്ളവന് ആരേയും വേദനിപ്പിക്കുവാന്‍ ആവില്ല കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നവരുടെ അവസ്ഥ ഖേദകരം തന്നെ

    ReplyDelete
    Replies
    1. സന്തോഷം റഷീദ് ഇതെന്റെ പോസ്ട്ടല്ലാട്ടോ വിവരം തുടക്കത്തില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട് , നമ്മുടെ നാടിനെക്കുറിച്ചുള്ള ഈ ഒരു വാര്‍ത്ത നാട്ടുകാര്‍ കാണട്ടെ എന്ന് കരുതി എടുത്തു പോസ്റ്റിയതാണ്.

      Delete
  10. എനിക്ക് അറിയാം സിദ്ധീക്ക്‌ ബായി എഴുതിയ ലേഖനമല്ല ഇത് എന്ന്. നമ്മുടെ നാട്ടില്‍ തന്നെ ഇങ്ങിനെയൊരു അവസ്ഥ ഉണ്ടായി എന്നത് ഈ ലേഖനം വായിച്ചപ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്.ഒരു പക്ഷെ സിദ്ധീക്ക് ബായിയുടെ ബ്ലോഗില്‍ ഈ ലേഖനം പോസ്റ്റിയില്ലാ എങ്കില്‍ ഞാന്‍ ഈ വാര്‍ത്ത അറിയാതെ പോയേനെ . (കാണാപ്പുറങ്ങളെക്കുറിച്ച് ജാഗ്രത ബ്ലോഗില്‍ വന്ന ലേഖനം അതേപടി ചേര്‍ക്കുന്നു )

    ReplyDelete
  11. കുറ്റവാളികളെ സൃഷ്ടിക്കുന്ന വിധം

    ReplyDelete

Related Posts Plugin for WordPress, Blogger...