സെന്‍റെ: ജോര്‍ജസ് സെക്കണ്ടറി ഹൈ സ്കൂള്‍

തൊഴിയൂരിന്‍റെ നെടുംതൂണായ ഒരു സ്ഥാപനം, ഞങ്ങളുടെ നാടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന്, അഞ്ചു മുതല്‍ പത്തുവരെയുള്ള  ക്ലാസ്സുകള്‍ മാത്രമേ ഞങ്ങളുടെ ഈ സ്കൂളില്‍ ഉള്ളൂവെങ്കിലും ഞങ്ങളുടെ പഠനകാലത്ത് ഓരോ ക്ലാസ്സും കുറഞ്ഞത് അഞ്ചു ഡിവിഷന്‍ വീതമെങ്കിലും ഉണ്ടായിരുന്നു ; അതിനിടെ ഒരു വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ആധിക്യം മൂലം എട്ടാം ക്ലാസ്‌  "J"  ഡിവിഷന്‍ വരെ എത്തിയത് ഇന്നും എന്‍റെ ഓര്‍മ്മയിലുണ്ട് .

 തൊഴിയൂരിന്‍റെ വടക്ക് കിഴക്ക് അതിരിലായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നതെങ്കിലും അന്ന് ചുറ്റുവട്ടങ്ങളിലൊന്നും അത്രയും പ്രശസ്ഥമായ മറ്റൊരു സ്ഥാപനം ഇല്ലാതിരുന്നതിനാല്‍ അറുപത് ,എഴുപത് ,എണ്‍പതു കാലഘട്ടങ്ങളില്‍ അയല്‍ പ്രദേശങ്ങളായ അഞ്ഞൂര്‍, ചിറ്റഞ്ഞൂര്‍, കോട്ടപ്പടി , പേരകം , പിള്ളക്കാട്, വൈലത്തൂര്‍, കുരഞ്ഞിയൂര്‍, ഞമനക്കാട്, വടക്കേകാട്, കല്ലൂര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥി ;വിദ്യാര്‍ഥിനീകള്‍ ഇവിടെയായിരുന്നു പഠനം നടത്തിയിരുന്നത്.
മലബാര്‍ സ്വതന്ത്ര സുറിയാനി ഭദ്രാസന സഭയുടെയും ; സിറിയന്‍ മാര്‍ ബസേലിയാസ് മെത്രാപോലീത്തയുടെയും ആസ്ഥാനമായ തൊഴിയൂര്‍ സെന്‍റെ: ജോര്‍ജസ് ചര്‍ച്ചിന്‍റെ മാനേജുമെന്റിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ സ്കൂളിന് ഏഴു പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന ചരിത്രമുണ്ട്. സമരങ്ങളും , പ്രക്ഷോപങ്ങളും അതോടോപ്പം കലാ കായിക രംഗങ്ങളിലെ കുതിച്ചു ചാട്ടങ്ങളും എല്ലാം ഈ സ്കൂളിന്‍റെ ചരിത്ര താളുകളില്‍ എഴുതപ്പെട്ടിട്ടുണ്ട് .

എ എം എല്‍ പി സ്കൂളില്‍ നാലാം തരം പാസ്സായി അഞ്ചാം ക്ലാസ്സിലാണ് ഞാനും എന്‍റെ ഏറ്റവും അടുത്ത നാല് സുഹൃത്തുകളും ഈ സ്കൂളില്‍ ചേര്‍ന്നത്‌, കൌമാരത്തിന്‍റെ കുലൂഹതകളും കൗതുകങ്ങളും നിറഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ഇവിടെ പിന്നിടുമ്പോള്‍ ഒരു പാട് സുഖ ദുഃഖ പങ്കിലങ്ങളായ അനുഭവങ്ങള്‍ ഓര്‍മ്മയില്‍ തങ്ങി നിന്നിരുന്നു . ഇന്നും ഓര്‍ക്കുമ്പോള്‍ സുഖമുള്ള നൊമ്പരങ്ങളായി അത് ഉള്ളത്തില്‍  ഊഞ്ഞാലാടി കളിക്കുന്നു .
ഹെഡ് മാസ്റ്റര്‍ ആദിത്യന്‍ നമ്പൂതിരി , അദ്ധേഹത്തിനു ശേഷം ജോണ്‍ മാസ്റ്റര്‍ , ശ്രീമതി ടീച്ചര്‍ , കണക്ക് ഗോപാലന്‍ മാഷ്‌; കാവീട്ടി ടീച്ചര്‍ ,ജേക്കബ്‌ മാഷ്‌ ,  സയിന്‍സിന്‍റെ ജോസ് മാഷ്‌ , മലയാളം കുഞ്ഞോല ടീച്ചര്‍ ,നാരായണന്‍ നമ്പൂരി മാഷ്‌, ജോര്‍ജ്ജ് മാഷ്‌, സൂസി ടീച്ചര്‍ , കൊച്ചുപാപ്പി മാഷ്‌ , കുഞ്ഞാതിരി ടീച്ചര്‍ , യശോധ ടീച്ചര്‍ , ഗൌരി ടീച്ചര്‍ , രാധ ടീച്ചര്‍ , പാപ്പി മാഷ്‌ , ഡ്രോയിംഗ് മാഷ്‌ കൊച്ചപ്പന്‍ , ഡ്രില്‍ മാഷ്‌     ആന്റപ്പന്‍, സുമതി ടീച്ചര്‍ , കമല ടീച്ചര്‍ അങ്ങിനെ  എന്‍റെഓര്‍മയില്‍  തപ്പിയപ്പോള്‍ കിട്ടിയ അവിടുത്തെ അദ്യാപക പ്രമുഖരില്‍   ചിലര്‍ ഇവരാണ് .  ഇവരില്‍ പലരും ഇന്ന് ഓര്‍മ്മകള്‍ മാത്രമായിരിക്കുന്നു .

ഇന്ന് ; ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നു കയറ്റം മറ്റു ഏതൊരു മലയാളം സ്കൂളിനെയും പോലെ  ഈ സ്കൂളിനെയും കാര്യമായി ബാധിച്ചു , അഡ്മിഷന്‍ കിട്ടാതെ വിദ്യാര്‍ഥികള്‍ മടങ്ങി പ്പോയിരുന്ന ആ നാളുകളുടെ  സ്മരണകള്‍ ഉണരുമ്പോള്‍ ഇന്നത്തെ ഈ ശോചനീയ അവസ്ഥ പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ് .
അന്നത്തെ ആ സ്കൂള്‍ കാലഘട്ടത്തിന്‍റെ പല പല ഓര്‍മ്മകള്‍ മനസ്സിലേക്ക് ആരവങ്ങളോടെ എഴുന്നള്ളി വരുന്നു...വഴിയെ അവയില്‍ പലതും ഓര്‍മ്മകളില്‍ നിന്നും കോരിയെടുത്ത് ഇവിടെ കുറിക്കാമെന്ന വിശ്വാസത്തോടെ ...ഈ ഓര്‍മ്മ ക്കുറിപ്പിനു അടിവരയിടുന്നു.

14 comments:

  1. നാടിനെ അടുത്തറിയുക അതൊരു സുഖമുള്ള ഏര്‍പ്പാടാണ്

    ReplyDelete
  2. ഒരു വട്ടം കൂടിയെൻ,...ഓർമ്മകൾ,......

    ReplyDelete
  3. ടോംസ് സന്തോഷം ..തീര്‍ച്ചയായും നമ്മുടെ നാട് അങ്ങിനെ തന്നെ
    ശ്രീജിത്ത്...ആദ്യ സന്ദര്‍ശനത്തിലും അഭിപ്രായത്തിലും സന്തോഷം , നന്ദി .

    ReplyDelete
  4. കുമാരേട്ടാ..ഇങ്ങോട്ട് കണ്ടതില്‍ വളരെ വളരെ സന്തോഷം.

    ReplyDelete
  5. ഗതാകാലങ്ങളെ നെഞ്ചേറ്റി അഭിമാനപൂര്‍വം അയവിറക്കിയും അക്ഷര ക്കളരിയില്‍ അടവുകള്‍ പഠിപ്പിച്ച ഗുരുക്കന്മാരെ ആദരപൂര്‍വ്വം അനുസ്മരി ച്ചും ,നാടിന്റെ അഭിമാനമായിരുന്ന പാഠശാലയുടെ ഇന്നത്തെ ജീര്‍ണ്ണാവസ്തയില്‍ മനം നൊന്തും താങ്കള്‍ മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കുന്നു. അനുമോദനങ്ങള്‍ .

    ReplyDelete
  6. ഖാദര്‍ ഭായ് ..താങ്കള്‍ എന്‍റെ എല്ലാ സംരംഭങ്ങളിലും എത്തിച്ചേര്‍ന്നു വളരെ ആത്മാര്‍ഥമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കാണുന്നു..വളരെ സന്തോഷവും കൃതജ്ഞതയും അറിയിക്കട്ടെ.

    ReplyDelete
  7. ഒരുപാട് ഓര്‍മകളെ ഉണര്‍ത്തി...
    എനിക്ക് അറിയുന്ന സ്ഥലമാണ് തൊഴിയൂര്‍
    aashamsakal

    ReplyDelete
  8. നിയാ ..ആദ്യമായി എന്‍റെ ഒരു ബ്ലോഗ് സന്ദര്‍ശിച്ചതില്‍ സന്തോഷം ...തൊഴിയൂരുമായുള്ള ബന്ധം ജിഷാദു പറഞ്ഞിരുന്നു..

    ReplyDelete
  9. ഞാന്‍ കണ്ടിട്ടില്ലെങ്കിലും ഈ എഴുത്തിലൂടെ തൊഴിയൂര്‍ എനിക്ക് പരിചയമുള്ള നാടായി തീര്‍ന്നിരിക്കുന്നു. ജന്‍മ നാടിനെ അഭിമാനപൂര്‍വ്വം ലോകത്തിനു പരിചയപ്പെടുത്തുന്നതോടൊപ്പം ചരിത്ര സ്മൃതികള്‍ കണ്ണി ചേര്‍ത്തു സ്വ ഗ്രാമത്തിന്റെ സ്വതം പുനരവതരിപ്പിക്കാന്‍ താങ്കള്‍ എഴുത്തിലൂടെ നടത്തുന്ന ശ്രമത്തെ അഭിനന്ദിക്കുന്നു.

    ReplyDelete
  10. മധുരമുള്ള ഓര്‍മ്മകള്‍..

    ReplyDelete
  11. അക്ബര്‍ ഭായ് ഇവിടെ കണ്ടതില്‍ വളരെ സന്തോഷം ...വിലപ്പെട്ട അഭിപ്രായത്തിനു നന്ദിയും
    ഗോപീകൃഷ്ണന്‍ ....വന്നു കണ്ടതിലും അഭിപ്രായത്തിലും സന്തോഷം

    ReplyDelete
  12. ഞാന്‍ ഏത് ബ്ലോഗില്‍ പോയാലും ആദ്യം നോക്കുക ബ്ലോഗ് ടെമ്പ്ലേറ്റ് ആണ്. ഈ ബ്ലോഗ് മനോഹരമായിരിക്കുന്നു.
    എനിക്ക് പത്തിലേറെ ബ്ലോഗുകള്‍ ഉണ്ട്. അതില്‍ 4 എണ്ണം വളരെ സജീവം.
    ഇത് പോലൊരു ടെമ്പ്ലേറ്റ് എനിക്കും ഉണ്ടാക്കിയാല്‍ കൊള്ളാമെന്നുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരാമോ?

    താങ്കളുടെ ബ്ലോഗിലെ വിഭവങ്ങള്‍ കൊള്ളാം. പ്രൊഫൈല്‍ വായിച്ചു.
    ഞാന്‍ ചെറുവത്താനിയില്‍ നിന്ന് പതിനഞ്ചാം വയസ്സില്‍ വിട്ടതാണ്. തിരിച്ച് വന്ന് സെറ്റില്‍ ആയത് 50 വയസ്സില്‍. ഇപ്പോള്‍ തൃശ്ശൂരില്‍ സ്ഥിരതാമസം.

    ഞാന്‍ ഈ വഴിക്ക് വീണ്ടും വരാം.

    ReplyDelete
  13. കൊണ്ടു പോകൂ ഞങ്ങളെ ആ മാഞ്ചുവട്ടില്‍!
    തൊഴിയൂര്‍ വന്ന ഒരനുഭവം തോന്നി.

    ReplyDelete

Related Posts Plugin for WordPress, Blogger...