മുസ്തു മുസ്ഥഫയെന്ന അഗ്രജന്‍ .പ്രതിഭയെന്ന  വാക്കിന്  ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടെങ്കിലും ഇവിടെ ഉദ്ദേശിക്കുന്നത് പ്രകൃതിയുടെ വരധാനമായി  ചിലര്‍ക്ക് ലഭിക്കുന്ന നൈസര്‍ഗികമായ  കഴിവിനെയാണ് , സമൂഹത്തില്‍ ശരാശരിയില്‍ ഉള്‍പ്പെടുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും ,  ആയിരങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ക്കാവും പ്രത്യേക സിദ്ധികള്‍ ഉണ്ടാവുന്നത്. എല്ലാവരും ചെയ്യുന്നപോലെ ചെയ്യുന്നവന്‍ ശരാശരിയില്‍ ഉള്‍പ്പെടുമെന്നത് സ്വാഭാവികം, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നവനാണല്ലോ ലോകത്ത്‌ തനതായ മാറ്റങ്ങള്‍ കൊണ്ടുവരാനാവുന്നത്, തനിക്കു വരസിദ്ധിയായി ലഭിച്ച കഴിവ് സ്വയം കണ്ടെത്തി പരിപോഷിപ്പിക്കുക  എന്നത് ഓരോ അപൂര്‍വ്വ വ്യക്തിത്വത്തിന്റെയും കര്‍ത്തവ്യമാണ്, അതുകൊണ്ടാണ് തൊഴിയൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍  നിന്നും ഈ തലക്കെട്ടില്‍ ആദ്യം പരിചയപ്പെടുത്താന്‍ എന്തുകൊണ്ടും  ഉചിതന്‍  പടയിടത്തില്‍  ചുറ്റുവട്ടങ്ങളെ ക്കുറിച്ച്   ആഴ്ചക്കുറിപ്പുകള്‍ എഴുതുന്ന പാച്ചുവിന്‍റെ ലോകത്തിന്റെ ഉടമ   അഗ്രജന്‍ എന്ന സാക്ഷാല്‍  മുസ്‌തഫ തന്നെയാണെന്ന കാര്യത്തില്‍ എനിക്ക് ഒരു പുനര്‍ ചിന്തനത്തിന്റെ ആവശ്യമുണ്ടാവാതിരുന്നത്,  
ഇപ്പോള്‍ ബ്ലോഗ് രംഗത്ത് സജീവമല്ലെങ്കിലും ചില ബ്ലോഗുകളിലെ കമ്മന്റുകളാല്‍ മുസ്‌തഫ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്, ഫേസ്ബുക്കിലും , ഗൂഗിള്‍ പ്ലസ്സിലും നിറസാന്നിധ്യം ശ്രദ്ധേയമായി ഇപ്പോഴും തുടര്‍ന്ന് വരുന്നതായി കാണുന്നു. ബ്ലോകുലകത്തിലേക്കു എത്തിനോക്കുമ്പോള്‍ തന്റെ അനുഭവങ്ങളെ സരസമായി വിവരിച്ചു കൊണ്ടുള്ള കുറെ രചനകള്‍  ചുറ്റുവട്ടമെന്ന ബ്ലോഗില്‍ കാ ണുന്നു , സമകാലീക ചിന്തകള്‍ക്കുള്ള ഇടമായാണ് ആഴ്ചക്കുറിപ്പുകളും ,അഗ്രജനും കാണുന്നത്, കൂടാതെ ഫാത്തിമയെന്ന  പാച്ചുമോളുടെയും ആയിഷയെന്ന ആച്ചിമോളുടെയും കുസൃതികളും വിശേഷങ്ങളും മാത്രം പങ്കുവെക്കാനായി പാച്ചുവിന്‍റെ ലോകം ആച്ചിയുടെയുമെന്ന ഒരെണ്ണമുണ്ട് , മക്കളുടെ പരാതികള്‍ പരിഭവങ്ങള്‍ കുസൃതികള്‍ എന്നിവ  കൂടാതെ കൊച്ചു ചിത്രരചനകളും ഇവിടെ കാണാം. കൂടാതെ, പല പല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്തഫയെന്ന അഗ്രജന്‍ വളരെ സജീവമാണ്. ഭൂലോക കാരുണ്യതിന്‍റെ തുടക്കം മുതല്‍ ഉള്ള മെമ്പറും കൂടിയാണ് കക്ഷി.
ഇതുകൂടാതെ ഈ അടുത്തിടെ പിടിപെട്ട പുതിയൊരു ജ്വരമാണെന്ന് തോന്നുന്നു  ഫോട്ടോഗ്രാഫിയില്‍ ചില പുത്തന്‍ പരീക്ഷണങ്ങള്‍ .  ഏറ്റവും ഒടുവിലായി ഗൂഗിള്‍ പ്ലസ്സില്‍  കണ്ട ഒരെണ്ണം താഴെ ."വൈശാലി" എന്ന് കാപ്ഷന്‍ കൊടുത്തിട്ടുള്ള ഇതിനെ വിലയിരുത്തുമ്പോള്‍ മുഖ്യധാരയില്‍ നിന്നും വേര്‍പ്പെട്ട് ആന്തരീകമായും ഘടനാപരമായും ഘടോല്‍കടവും  അണ്ഡകടാഹത്തിലെ വിജ്രംഭിതവുമായൊരു പ്രതിഭാസം ആണെന്ന് പറയാതെ വയ്യ. ഇത്തരം ഒരുപാടെണ്ണം പ്ലസ്സില്‍ കാണാനാവും .


എനിക്ക്  വളരെ ചെറുപ്പം തൊട്ടേ അടുത്തറിയാവുന്ന മുസ്തഫഡിഗ്രി പഠനം കഴിഞ്ഞ് എന്റെ കൂടെ കുറച്ചു വര്‍ഷങ്ങള്‍ സ്കൈലാര്‍ക്ക്‌ ടൂര്‍സ്‌ & ട്രാവല്‍സ്‌ എന്ന സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നു, ഒന്നിച്ചു ജോലിചെയ്തിരുന്ന ആ കാലഘട്ടം മുസ്തഫ എന്ന വിശ്വസ്തനും
കളങ്കരഹിതനുമായ വ്യക്തിത്വത്തിന്നുടമയെ ശെരിക്കും മനസ്സിലാക്കാന്‍ ഉതകുന്നതായിരുന്നു.  പിന്നെ കാലപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ അതിജീവനത്തിന്‍റെ ഉപാധികള്‍ തേടിയുള്ള   അനിവാര്യമായ വേര്‍പ്പിരിയലുകള്‍ ഇരുവരെയും  പ്രവാസത്തിന്റെ  ഇരു തുരുത്തുകളില്‍ എത്തിച്ചെങ്കിലും ജീവിതത്തിന്‍റെ ഏതു തിക്കുതിരക്കുകള്‍ക്കിടയിലും ഞങ്ങളുടെ സൌഹൃദവലയം മെയിലുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും പരസ്പരം പുതുക്കി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. 

കഴിഞ്ഞ പതിനേഴു വര്‍ഷമായി ദുബായിലെ ഒരു ഓഡിറ്റിംഗ് ഓഫീസില്‍ ജോലി ചെയ്ത്‌വരുന്ന മുസ്തഫ ഇപ്പോള്‍  ഭാര്യ മുനീറ, മക്കള്‍  ഫാത്തിമ (പാച്ചു), ആയിഷ (ആച്ചി) എന്നിവരോടോന്നിച്ചു  ഷാര്‍ജയില്‍ താമസിക്കുന്നു .


 മുസ്ത്തു,ഭാര്യ മുനീറ, മക്കള്‍  ഫാത്തിമ , ആയിഷ

ഒന്നിച്ചു മൂന്നുനാലുകൊല്ലം ജോലി ചെയ്തതിനാല്‍ ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പം നിലനിറുത്താന്‍ കഴിഞ്ഞിരുന്നു , ആദ്യകാല ഗള്‍ഫ്‌ പ്രവാസികളില്‍ ഒരാളായ മുസ്തഫയുടെ ഉപ്പ മുഹമ്മദ്‌ക്ക കാപട്യങ്ങളോ നാട്യങ്ങളോ തൊട്ടുതീണ്ടിയിട്ടില്ലാത്ത; നാട്ടിന്‍ പുറത്തിന്റെ വിശുദ്ധിയും എളിമയും കാത്തുസൂക്ഷിക്കുന്ന; ജീവിതത്തിന്റെ പല പ്രാരാബ്ധങ്ങളിലും പെട്ടുലഞ്ഞുപോയൊരു പാവം മനുഷ്യനാണ്. അദ്ധേഹത്തിനു തികച്ചും അനുയോജ്യതന്നെ മുത്തുവിന്റെ ഉമ്മയും, ഉമ്മയുടെ സ്വഭാവ വിശേഷങ്ങളാണ് മുസ്തഫയില്‍ കാണുന്നതെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. മുസ്തുവിന്റെ തൊട്ടുതാഴെയുള്ള ഹസ്സന്‍ , ഹുസ്സൈന്‍ എന്നീ ഇരട്ടകളായ അനിയന്മാര്‍ എനിക്ക് പരിചിതരെങ്കിലും അവര്‍ക്ക് താഴെയുള്ള മൂന്നു പേരെ ഞാന്‍ കുഞ്ഞുന്നാളില്‍ കണ്ട ഓര്‍മ്മയെയുണ്ടായിരുന്നുള്ളൂ, പിന്നീട് കുറെ വര്‍ഷങ്ങള്‍ക്കുശേഷം അഞ്ചെട്ടു മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയപ്പോള്‍ വീണ്ടും  അവരെ കണ്ടു ഹംസത്ത്, റാഫി , നിസാര്‍  എല്ലാം തികഞ്ഞ മൂന്നു യുവാക്കളായിരിക്കുന്നു അവരും .

കുട്ടികളുടെ കളികണ്ടിരിക്കുന്ന ഉപ്പ മുഹമ്മദ്‌ക്ക

ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്തിരുന്ന ആ കാലഘട്ടത്തില്‍ അതായത് തൊഴിയൂര്‍ ദേശത്തെ സാഹിത്യരംഗത്തെ  മുറിമൂക്കന്‍ മന്നാടിയാരായി നുമ്മ വാണിരുന്ന കാലത്ത് എന്റെ ക്രൂരമായ പല സാഹിത്യസൃഷ്ടി പരീക്ഷണങ്ങളും ഒരു സഹജോലീയന്‍ എന്ന നിലക്ക് മുസ്തുവിന് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്  എന്‍റെയൊരു അനുമാനം. എഴുത്ത് ഒരു ജ്വരമായി മാറിയ ആക്രാന്തത്തില്‍ വാരിവലിച്ചെഴുതിയിരുന്ന വല്യ വല്യ നോവലുകളും തിരക്കഥകളും വരെ മിനക്കെട്ടിരുന്ന് വായിച്ച് അഭിപ്രായം പറയേണ്ടി വന്നിരുന്ന മുസ്തുവിന്റെ ആ ഗതികേട് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് വിഷമം തോന്നുന്നുണ്ട്. എന്നെ കുത്തികൊല്ലാന്‍ വരെ ചിലപ്പോള്‍ മുസ്തു ചിന്തിച്ചു പോയിരിക്കാം. പക്ഷെ അതൊന്നും അന്ന് പുറത്തു കാട്ടാതെ എല്ലാം കണ്ട്രാസത്തില്‍ കുണ്ട്രാസങ്ങളാണെന്ന് വിലയിരുത്തി എന്നെ സന്തോഷിപ്പിച്ചിരുന്നതിനാലാണ് ആദ്യമേതന്നെ നല്ലവനും നിഷ്കളങ്കനും എന്നൊക്കെ ഞാന്‍ എടുത്തെഴുതാന്‍ കാരണം. അങ്ങനെയല്ലാത്ത ഒരാള്‍ക്ക്‌ അത്രയും സഹിക്കാനുള്ള മനക്കരുത്ത് കാണില്ലല്ലോ ! 


ഓര്‍മ്മവെച്ച കാലം മുതല്‍ പ്രൈമറി സ്കൂള്‍ ; മദ്രസ്സ തലങ്ങളില്‍ നിന്നും തുടങ്ങിയ കൊച്ചു കൊച്ചു ചങ്ങാത്തങ്ങളിലൂടെ പടുത്തുയര്‍ത്തി കൊണ്ടുവന്ന സൌഹൃദവലയങ്ങള്‍ ഹൈസ്കൂള്‍ കോളേജ്‌   തലങ്ങളിലെത്തിയപ്പോള്‍ തളിര്‍ത്തു പൂത്തുലഞ്ഞു പിന്നെ പ്രവാസഭൂമികളില്‍ നിന്നത് മൂത്ത്പഴുത്ത് നിറഞ്ഞെങ്കിലും ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് വറുതിയിലായിപ്പോയ ചില വര്‍ഷങ്ങളുടെ ഉരുണ്ടുപോക്കില്‍ കുറെയേറെ പതിരായ ബന്ധങ്ങള്‍ ധൂളികളായി പാറിപ്പോയിരിക്കുന്നു, കുഞ്ഞുന്നാള് തൊട്ട് നിഴലായി നടന്നവനെ പോലും അക്കൂട്ടത്തില്‍   കണ്ടപ്പോള്‍ എവിടെയോ ഒരു കുഞ്ഞു നൊമ്പരം ഉറഞ്ഞുകൂടിയെങ്കിലും ആപത്തില്‍ കൂടെ നിന്ന്  തോളില്‍ കയ്യിട്ടു ഞാനുണ്ടടോ തന്‍റെകൂടെ  എന്ന് നെഞ്ചില്‍ തട്ടി പറയുന്നവരും  നിസ്വാര്‍ത്ഥരും  ആത്മാര്‍ഥതയുടെ ശരിയായ അര്‍ത്ഥവ്യാപ്തി അറിയാവുന്നാവരുമായ  വിരലിലെണ്ണാവുന്ന   ചില നല്ല സൌഹൃദങ്ങള്‍   ആറ്റിക്കുറുക്കിയെടുത്തപോലെ  ബാക്കികിട്ടി  എന്നത്  വലിയ  ആശ്വാസമാണ്  , അവരില്‍ ഒന്ന് എന്നെനിക്ക് ധൈര്യപൂര്‍വ്വം ചൂണ്ടിക്കാണിക്കാവുന്ന ഒരാളാണ് ഈ മുസ്തു മുസ്തഫ.

സ്വച്ഛന്ദം സുന്ദരമായി ഒഴുകുന്ന  ഈ ദാമ്പത്യപേടകത്തില്‍ ഇനിയും ഒരു പാട് കൊച്ചുസുന്ദരികളും സുന്ദരന്മാരും വിരുന്നെത്തട്ടെ എന്നും അല്ലലും അലട്ടുകളും കൂടാതെ ഈ  ജീവിതപേടകം വിജയകരമായി മറുകര ചെന്നെത്തട്ടെയെന്നുമുള്ള ആത്മാര്‍ഥമായ ആശംസകളോടെ പ്രാര്‍ഥനകളോടെ  ഈ കുറിപ്പ് എന്റെ നല്ല സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിക്കുന്നു.

ഇനി മുസ്തുവിന്റെ ഒന്ന് രണ്ടു രചനകള്‍ കാണാം - ആദ്യം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതിയ ഒരു കഥ :
                                                                     "ഭാഗ്യാന്വേഷി"


റേഷന്‍ കട തുറക്കാന്‍ ഇനിയും വൈകും. അതുവരെ അപ്പുറത്ത് നടക്കുന്ന കളി കാണാം... അയാള്‍ കരുതി.
‘അകത്ത്’ ‘പുറത്ത്’ വിളികള്‍ തകൃതിയായി നടക്കുന്നു. എല്ലാവരും കളിയുടെ ആവേശത്തിലാണ്. കുറച്ച് നേരം കണ്ടു നിന്നപ്പോള്‍ അയള്‍ക്ക് രസം പിടിച്ചു. വെറുതെ ഒരു കൈ കളിച്ചു നോക്കാം. പോയാല്‍ ചെറിയൊരു സംഖ്യയല്ലേ.
റേഷന്‍ വാങ്ങിക്കാന്‍ വെച്ച കാശയാള്‍ പുറത്തെടുത്തു. ‘പുറത്ത്’ കാശ് വെച്ചയാള്‍ പറഞ്ഞു.
കളിക്കാരന്‍ ചീട്ടുകള്‍ മലര്‍ത്തി തുടങ്ങി.
അയാള്‍ വാത് വെച്ച പുള്ളിയുള്ള ചീട്ട് പുറത്തേക്ക് വെട്ടിയിട്ടു കളിക്കാരന്‍ പറഞ്ഞു... ‘പുറത്ത്’.
‘തുടക്കം മോശമില്ലല്ലോ’ അയാള്‍ സന്തോഷിച്ചു.
ലാഭം കിട്ടിയ കാശുമായി അയാള്‍ കളി തുടര്‍ന്നു. പല തവണയായി നല്ലൊരു സംഖ്യ അയാളുടെ കൈകളില്‍ നിറഞ്ഞു. വാത് സംഖ്യ ഉയര്‍ത്താന്‍ അയാള്‍ക്ക് ന്യായമുണ്ടായിരുന്നു ‘വെറുതെ കിട്ടിയതല്ലേ, പോയാല്‍ പോട്ടേ... കിട്ടിയാല്‍ വലിയൊരു സംഖ്യയും’. പക്ഷെ, ഭാഗ്യം എപ്പോഴും അയാളുടെ കൂടെ നിന്നില്ല. പലപ്പോഴായി വന്നു ചേര്‍ന്നത് അതുപോലെ തന്നെ തീര്‍ന്നു.
‘ഛെ, വേണ്ടിയിരുന്നില്ല... കിട്ടിയതെല്ലാം പോയി. ങും... ഒന്നുകൂടെ നോക്കാം’
റേഷന്‍ വാങ്ങാനിരുന്ന പൈസയിലേക്ക് ഒരിക്കല്‍ കൂടെ അയാളുടെ കൈകള്‍ നീണ്ടു... പിന്നെ പലപ്പോഴും അതാവര്‍ത്തിച്ചു.
‘റേഷന്‍ വാങ്ങിക്കേണ്ട പൈസയാണ്, എങ്ങിനെയെങ്കിലും അത് തിരിച്ച് പിടിച്ചേ പറ്റൂ’ അയാള്‍ക്ക് വേവലാതിയായി. അവസാനത്തെ ചില്ലിയും തീര്‍ന്ന അയാള്‍ക്ക് മുന്നിലൊരു വഴി തെളിഞ്ഞു. റേഷന്‍ കാര്‍ഡിന്‍റെ ജാമ്യത്തില്‍ കിട്ടിയ കാശുമായി അയാള്‍ കളി തുടര്‍ന്നു - തനിക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍.
‘എന്താ, നിറുത്തിയോ’ കളിയില്‍ ഹരം പിടിച്ചിരിക്കുന്നവരുടെ ചോദ്യം.
ഇനിയുമൊന്നും പണയം വെക്കാനില്ലാത്ത അയാള്‍ കാലി സഞ്ചിയുമായി വീട്ടിലേക്ക് നടന്നു.

                 ( ഇവിടെ അയാള്‍ എന്നുള്ളിടത്തെല്ലാം ഞാന്‍ എന്നാക്കിയാല്‍ സംഭവം ഓക്കേ)

(നര്‍മ്മമെങ്കിലും ചില നഗ്നസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു  കഥ)

‘എന്നെയിങ്ങനെ ദേഹോദ്രപവം ഏല്പിക്കുന്ന കുടലയായ സാറാമ്മേ, നിന്നെ നാളെ പാമ്പ് കടിക്കും’... കുഞ്ഞുവറീത് മനമുരുകി പ്രാകി. ഭാര്യയില്‍ നിന്നും കിട്ടിയ ഇടിയും തൊഴിയും ഒരു പുത്തരിയല്ലാത്തത് പോലെ അയാള്‍ പുറത്തിറങ്ങി. സാറാമ്മ അങ്കം കഴിഞ്ഞ് വിറകൊടിക്കാന്‍ പോയി.
കടത്തിണ്ണയില്‍ ഇടി കിട്ടിയതിന്‍റെ ക്ഷീണം തീര്‍ക്കുകയായിരുന്ന കുഞ്ഞുവറീത് ആ വാര്‍ത്ത കേട്ട് ഞെട്ടി. സാറാമ്മയെ പാമ്പ് കടിച്ചു. ‘ദൈവമേ... എന്‍റെ ശാപം ഇത്ര പെട്ടെന്ന് ഫലിച്ചോ’. അയാള്‍ ധൃതിപ്പെട്ട് വീട്ടിലെത്തിയപ്പോഴേക്കും എല്ലം കഴിഞ്ഞിരുന്നു.
തന്നെ ഒരു പാട് ഇടിച്ചിട്ടുണ്ടെങ്കിലും സാറാമ്മയുടെ മരണം വറീതിനെ ദുഃഖത്തിലാക്കി സംസ്കാരത്തിന് സാറാമ്മയെ പള്ളിയിലേക്കെടുക്കുകയായിരുന്നു. അടുത്ത ബന്ധുക്കളാണ് മഞ്ചം ചുമക്കുന്നത്. പിന്നില്‍ ദുഃഖിതനായി വറീതും. പള്ളിയിലെത്താന്‍ കാട്ടുവഴിയിലൂടെ കുറച്ച് നടക്കണം.
വിലാപയാത്ര നിശബ്ദമായി കടന്ന് പോകുന്നു. പെട്ടെന്ന് വലിയൊരൊച്ച കേട്ടു. മഞ്ചം ചുമന്നിരുന്ന ഒരാള്‍ വഴിയില്‍ കിടന്ന വേരില്‍ കാലുടക്കി വീണതാണ്. മഞ്ചം ദൂരേക്ക് തെറിച്ച് വീണു. അപ്പോഴാണ് അത്ഭുതം... സാറാമ്മയുടെ കൈ അനങ്ങുന്നതായി ആരോ കണ്ടു. അയാള്‍ ബഹളം വെച്ചു... ‘സാറാമ്മ കയ്യനക്കി... സാറാമ്മ കയ്യനക്കി’. എല്ലാവര്‍ക്കും പരിഭ്രമമായി. അവര്‍ സാറാമ്മയേയും കൊണ്ട് ആശുപത്രിയിലേക്കോടി. ആശുപത്രിയിലേക്കെത്തിയപ്പോഴേക്കും സാറാമ്മ എഴുന്നേറ്റിരുന്നു.
പിന്നെയും പത്ത് വര്‍ഷങ്ങള്‍ കൂടെ സാറാമ്മ ജീവിച്ചു.
പത്താം വര്‍ഷം സാറാമ്മ വീണ്ടും മരിച്ചു. മഞ്ചം പള്ളിയിലേക്കെടുത്തു. വിലാപയാത്ര പഴയ വഴിയിലൂടെ നടന്ന് പോകുന്നു. ശവമഞ്ചം ചുമന്നവര്‍ കാല്‍ തട്ടി വീണ പഴയ സ്ഥലത്തെത്തിയപ്പോള്‍ കുഞ്ഞുവറീത് അറിയാതെ വിളിച്ച് പറഞ്ഞു.
‘എടാ വര്‍ക്കീ, സൂക്ഷിച്ച് നടക്കെടാ... വഴിയിലൊക്കെ വേരുണ്ട്’.

കൂടുതല്‍ ഇത്തരം ഗുണപാഠങ്ങളും സരോപദേശങ്ങളും നിറഞ്ഞ കഥകള്‍ കാണാന്‍ താഴെയുള്ള ബ്ലോഗ്‌ ലിങ്കുകളില്‍ ക്ലിക്കാം.
53 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...