ഇഹ്-യാഉല്‍ ഇസ്ലാം മദ്രസ്സ.

മ്മാടെ മുണ്ടിന്‍റെ കോന്തല വിട്ട്‌ ആദ്യമായി സ്വാതന്ത്രത്തോടെ എത്തിപ്പെട്ട ഈ മദ്രസ്സയുടെ ഒന്നാം ക്ലാസ്സും അവിടുത്തെ ഉസ്താദ്‌മാരും സഹപാഠികളും കൊച്ചു കൊച്ചു സംഭവങ്ങള്‍ പോലും ഇന്നും ഓര്‍മ്മകളില്‍ പച്ചപിടിച്ചുതന്നെ നില്‍പ്പുണ്ട്‌, ഗൃഹാതുരത്വത്തിന്‍റെ നൊമ്പരപ്പൊട്ടുകള്‍ ഏറ്റവും കൂടുതല്‍ മനസ്സിനെ തപിപ്പിക്കുന്നത്‌ ഈ മദ്രസ്സയുടെ നടുമുറ്റത്തെത്തുമ്പോഴാണ്, അകാലത്തില്‍ പരലോകം പൂകിയ പ്രിയപ്പെട്ട ഗുരുനാഥന്‍ മൊയ്തുമുസ്ല്യാര്‍ , ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസുവരെ കൊച്ചുന്നാളിലെ എല്ലാ കുസൃതികളും സഹിച്ചും പൊറുത്തും ജീവിതത്തിന്‍റെ ബാലപാഠങ്ങള്‍ ചൊല്ലിതന്നു പഠിപ്പിച്ച ആനക്കരക്കാരന്‍ മമ്മി മുസ്ല്യാര്‍ , മങ്കേരി കുഞ്ഞഹമ്മദ് മുസ്ല്യാര്‍, പുറമണ്ണൂര്‍മുഹമ്മദ്‌ മുസ്ല്യാര്‍, വളാഞ്ചേരി മുഹമ്മദ്‌ മുസ്ല്യാര്‍, വെളിയങ്കോട്മോമുണ്ണി മുസ്ല്യാര്‍, നാട്ടുകാരായ കുഞ്ഞോന്‍ മുസ്ല്യാര്‍, കുഞ്ഞഹമ്മദ്‌മുസ്ല്യാര്‍ തുടങ്ങിയ ഉസ്താദുമാര്‍ അന്ന് സ്വഭാവ രൂപീകരണത്തിനും, ആത്മവിശ്വാസം വളര്‍ത്തുന്നതിനും വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാനാവും,   വര്‍ഷം തോറുമുള്ള നബിദിനാഘോഷത്തിന്‍റെ ഭാഗമായി ഈ മദ്രസ്സ അങ്കണത്തില്‍ വെച്ച് നടത്തപ്പെട്ടിരുന്ന പ്രസംഗം, ഗാനം തുടങ്ങിയ ഇനങ്ങളുടെ മത്സരങ്ങളിലൂടെയാണ് കലാരംഗത്തെക്കുള്ള എന്‍റെ ആദ്യ ചുവടുവെയ്പ്, ആദ്യ സമ്മാനങ്ങള്‍ കരസ്ഥമാക്കിയതും ഇതിലൂടെ തന്നെ, രണ്ടാംക്ലാസ്സു മുതല്‍ അഞ്ചാം ക്ലാസ്സില്‍ നിന്നും  ഫസ്റ്റ്ക്ലാസ്സോടെ പാസ്സായി മദ്രസ്സയില്‍നിന്നു വിട്ടുപോരും വരെ മലയാള പ്രസംഗം, ഭക്തിഗാനം എന്നീ രണ്ടു വിഭാഗങ്ങളില്‍ ഒന്നാം സമ്മാനത്തിന്‍റെ കുത്തക എന്‍റെ പേരിലായിരുന്നെന്നത് ഇന്നും ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുള്ള ഒരു കൊച്ചു സ്വകാര്യമാണ്.
സമാനതകളില്ലാത്ത ബാല്യകാലം, മധുരനൊമ്പരങ്ങളുടെ കുത്തൊഴുക്കാണ്  മനസ്സകത്തിലേക്ക്, പുളകങ്ങള്‍ ഉണര്‍ത്തുന്ന കുതൂഹലതകളുടെ, കുറെ കുസ്രുതികുന്നായ്മകളുടെ, കൊച്ചു കൊച്ചു ഇണക്കങ്ങളുടെ; പിണക്കങ്ങളുടെ....  അങ്ങിനെ ഒരായിരം ഓര്‍മ്മകളുടെ നിലയില്ലാ കയങ്ങളിലേക്ക് മുങ്ങാം കുഴിയിട്ടുമുങ്ങാനും അടിത്തട്ടുകളില്‍ മങ്ങിമയങ്ങിക്കിടക്കുന്ന മണിമുത്തുകള്‍ വാരിക്കോരി എടുക്കാനും വെറുതെയെങ്കിലും ഒരു മോഹം തോന്നുന്നു ഉള്ളിലെവിടെയോ..
അന്നത്തെ അവധിക്കാലങ്ങള്‍, കാരക്കമിട്ടായിയുടെ, കോല്മിട്ടായിയുടെ മധുരം. കണ്ണിമാങ്ങയച്ചാറിന്‍റെ രസമുള്ളപുളി, അച്ചുതൊട്ടുകളിയുടെയം കുട്ടിയും കോലും കളിയുടെയും താളമേളങ്ങള്‍ , കൊച്ചംകുത്തിക്കളിയുടെ വെറിക്കൂട്ടുകള്‍, കോട്ടിക്കുഴിക്കളിയുടെ കൈവഴക്കങ്ങള്‍, അങ്ങിനെ അങ്ങിനെ   ആ കാലത്തിലെക്കൊന്നു തിരിച്ചു പോകാനായെങ്കില്‍! ഹാവൂ.. എന്ത് രസമായേനെ..!
വെറുതെ മോഹിക്കാനല്ലാതെ...! പ്രതിവിധിയില്ലാത്ത നിയോഗങ്ങള്‍.. ഓര്‍ക്കുമ്പോള്‍ എവിടെയൊക്കെയോ, വിണ്ടുകീറുന്ന പ്രതീതി ഉള്ളിലെവിടെയോ ചോരകിനിയുന്നപോലെ..
മുസ്ലീം ഭൂരിപക്ഷപ്രദേശമായ തൊഴിയൂര്‍ ഗ്രാമത്തിന്‍റെ ചരിത്രം തുടങ്ങുന്ന നാള്‍ മുതല്‍ ഇവിടെയുള്ള ഒരു സ്ഥാപനമാണ് ഇന്ന് ഇഹ്-യാഉല്‍ ഇസ്ലാം മദ്രസ്സ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മതപഠന കേന്ദ്രംഈ സ്ഥാപനത്തിന്‍റെ ഏതെങ്കിലും ഒരു ശാഖയില്‍ പഠനം നടത്താത്ത മുസ്ലീം സമുദായത്തില്‍ പെട്ട; അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള ഒരാള്‍ പോലും തൊഴിയൂരില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്, ഇന്നത്തെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സംസ്കാരം ഇതിന്നൊരു ചെറിയ കുറവ് വരുത്തിയിട്ടുണ്ടെന്നു മാത്രം. 
                                                                            ( മദ്രസ്സയുടെ കല്ലായി ശാഖ)
പാലെമാവ്‌ മുസ്ലിം ജമാഅത്ത് പള്ളി കമ്മറ്റിയുടെ കീഴിലുള്ള ഈ മദ്രസ്സയുടെ പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നത് നാട്ടിലെ കേളികേട്ട മാളിയേക്കല്‍  തറവാട്ടുകാരുടെ വക മാളിയേക്കല്‍ പടിയെന്നറിയപ്പെടുന്ന തൊഴിയൂരിലെ മര്‍മ്മപ്രധാനമായ സ്ഥലത്താണ്, ഇവിടെ ഒരേ കോബൌണ്ടില്‍ തന്നെയാണ് തൊഴിയൂരിന്‍റെ മറ്റൊരു അഭിമാനസ്തംഭമായ എ എം എല്‍ പി സ്കൂളും സ്ഥിതിചെയ്യുന്നത്.
കല്ലായിമദ്രസ്സ , കിഴക്കേ മദ്രസ്സ, മണ്ണാങ്കുളം മദ്രസ്സ, പള്ളി മദ്രസ്സ എന്നിങ്ങനെ തിരിച്ചറിയാനുള്ള വിളിപ്പേരുകളില്‍ നാടിന്‍റെ വിവിധ ദിശകളിലായി ഇഹ്-യാഉല്‍ ഇസ്ലാം മദ്രസ്സ യുടെ ശാഖകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്, തൊഴിയൂരിന്‍റെ അടുത്ത പ്രദേശങ്ങളായ വൈലത്തൂര്‍ ,പിള്ളക്കാട്, ചൂല്‍പ്രം,കോട്ടപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ മദ്രസ്സകളും കൂടി ഉള്‍പ്പെട്ട തൊഴിയൂര്‍ റേഞ്ചിന്‍റെ ആസ്ഥാനവും പുരാതനമായ ഈ മദ്രസ്സ തന്നെ, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ സിലബസ്സാണ് ഇവിടെ എക്കാലവും പിന്തുടര്‍ന്ന്‌ വരുന്നത്,  എന്‍റെ ഓര്‍മ്മയില്‍ ഈ മദ്രസ്സ കെട്ടിടം രണ്ടു തവണയായി പുതുക്കിപ്പണിയുന്നു, ഞങ്ങളുടെ പഠന കാലത്ത് അഞ്ചു വരെ മാത്രം പഠനം നടന്നിരുന്ന ഇവിടെ ഇപ്പോള്‍ പത്തു വരെ ക്ലാസ്സുകളില്‍  പഠനം നടക്കുന്നുണ്ട്, ഈ മദ്രസ്സയില്‍ പന്ത്രണ്ടു ഉസ്താദുമാര്‍ ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നു.
           ( മദ്രസ്സയുടെ പള്ളി ശാഖ)
ഇവിടെനിന്നും ആരംഭിച്ച സൌഹൃദങ്ങളാണ് പലതും ഇന്നും യാതൊരു കോട്ടവും തട്ടാതെ നിലനില്‍ക്കുന്നതില്‍ പലതും, തൊഴിയൂരിന്‍റെ ഭൂപടത്തില്‍ എന്നും ഉന്നത സ്ഥാനത്തു നിലകൊള്ളുന്ന ഈ സ്ഥാപനം ഇനിയും ഒരുപാട് തലമുറകള്‍ക്ക് ആത്മീയവിദ്യഭ്യാസം നല്‍കിക്കൊണ്ട് വഴികാട്ടിയായി നിലനില്‍ക്കുമെന്നുതന്നെ പ്രതീക്ഷിക്കുന്നു.


  ( കൂട്ടത്തില്‍ ഈ ഗാനം കൂടി കേള്‍ക്കാം.)

46 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...