കണ്ണീരുണങ്ങാതെ വീണ്ടും ഈ ഗ്രാമം.


മനുഷ്യ ജീവിതത്തിന് അല്ലെങ്കിൽ ആയുസ്സിന് പ്രകൃതിയാലുള്ള ഗതി വിഗതികളും ഭ്രമണ ചക്രങ്ങളും  ജീവന്റെ ഉൽപ്പത്തി മുതലേ നിലവിലുണ്ട് , എന്നാൽ അതിന്റെ പൂർത്തീകരണത്തിൽ എത്താനാവാതെ അകാലത്തിൽ കൊഴിഞ്ഞു പോകുന്ന ജീവനുകൾ ; അവരെക്കുറിച്ചുള്ള  സ്മൃതികൾ  ആ ജന്മത്തെ ചുറ്റിപ്പറ്റി ജീവിച്ചിരുന്നവർക്ക് അവരുടെ ജീവിതകാലം മുഴുക്കെ വിഷമവൃത്തം തീർത്തുകൊണ്ട് കൂടെകാണും , രോഗങ്ങൾ മൂലം മരണപ്പെടുന്നത് അത്ര മാത്രം അസഹനീയമായി ചിലപ്പോൽ അനുഭവപ്പെടാറില്ലെന്ന് വരാം കാരണം മുൻകൂട്ടി അങ്ങിനെയൊരു ധാരണ മനസ്സിൽ രൂപപ്പെട്ടിരിക്കുമെന്നത് തന്നെ. എന്നാൽ പ്രിയപ്പെട്ടവരുടെ  അപകട മരണങ്ങൾ തീരാത്ത ഒരു വേദനയായി നമ്മെ ജീവിതകാലം മുഴുക്കെ നീറ്റിക്കൊണ്ടിരിക്കുന്നു.
ഒരു നിമിഷമാത്രയിലെ അശ്രദ്ധയകൊണ്ട് ചിലപ്പോള്‍ തച്ചുടക്കപ്പെടുന്നത് അല്ലെങ്കില്‍ നിരാലംബരാക്കപ്പെടുന്നത് കുറേയേറെ ജീവിതങ്ങളുടെ അഭിലാഷങ്ങളെയും പ്രതീക്ഷകളെയുമാണ്. 
കഴിഞ്ഞ നാലഞ്ചു വർഷങ്ങൾക്കിടയിൽ തൊഴിയൂരെന്ന കൊച്ചു ഗ്രാമത്തിൽ നിന്നും വാഹനാപടകടങ്ങളിലൂടെ  പൊലിഞ്ഞുപോയത്  ആറിലേറെ യുവജീവനുകളാണ് ,അതിലെ അവസാനത്തെതാണ് കഴിഞ്ഞ ദിവസം (02-05-13-വ്യാഴാഴ്ച്ച ) യു.എ.ഇ യിൽ വെച്ച് നഷ്ടപ്പെട്ട എന്റെ പ്രിയ സുഹൃത്തായ ജൈസർ എന്ന  ഇരുപത്തിഏഴുകാരന്റെത് , ഒരാഴ്ചമുമ്പ് ദുബായിൽ വെച്ചുണ്ടായ കാർ ആക്സിഡന്റിനെ തുടർന്ന്  ഷാർജയിൽ ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്ന ജൈസർ തലച്ചോറിൽ രക്തം കട്ടിയായതിനെ തുടർന്ന് അബോധാവസ്ഥയിൽ ആയിരുന്നു , ഇടക്ക് നടത്തിയ ഓപ്പറേഷൻ ജൈസറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുമെന്നൊരു പ്രതീക്ഷനൽകിയെങ്കിലും  ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രാര്‍ത്ഥനകളെയും കണ്ണീരിനെയും വിഫലമാക്കി ആ ജീവൻ ഉടയോൻ തിരിച്ചെടുത്തു. 
ഒന്നരക്കാട്ടയിൽ ഹൈദർ ഹാജറ ദമ്പതികളുടെ എക മകനായ ജൈസർ വിവാഹിതനായത് ഒരു വർഷം മുമ്പാണ്‌...
ആകസ്മികമായി ഹൃദയാഘാതത്തെതുടന്ന് പിതാവ് നഷ്ടപ്പെട്ട രണ്ടു പെണ്‍കുട്ടികളിൽ ഇളയവളും അയൽക്കാരിയുമായ ഫാദിയയെയാണ്  ജൈസർ  ഇണയാക്കിയിരുന്നത്. 
രണ്ടു കുടുംബങ്ങള്‍ക്ക് തണലും തുണയുമായിരുന്ന ഏക ആശ്രയമാണ് അറ്റുപോയത്, മനസ്സിന്റെ വിങ്ങലുകള്‍ പങ്കുവെച്ച് അനുശോചനങ്ങള്‍ അറിയിച്ച് എല്ലാം  വിധിയെന്നു പറഞ്ഞ്  ചുറ്റുപാടുമുള്ള നമുക്ക് ആശ്വാസം കണ്ടെത്താനാവുമോ! ആ പ്രിയപ്പെട്ടവന്‍ ഇണയും തുണയുമായിരുന്ന ഇഷ്ടജനങ്ങള്‍ക്ക് ഈ ദുരന്തത്തിന്റെ  നടുക്കത്തിൽ നിന്ന് മോചനം ലഭിക്കാനും   തീരാ ദുഃഖം  സഹിക്കാനുമുള്ള മനക്കരുത്തും സഹനശക്തിയും നല്‍കണേയെന്നും  ആത്മാര്‍ഥമായി നമുക്ക്പ്രാര്‍ഥിക്കാം  നിസ്സഹായരായ നമുക്ക് അതിനല്ലേ കഴിയൂ .രണ്ടു വര്‍ഷം മുമ്പ് ഇതേ മാസം ഇതേ ആഴ്ചയിലാണ് നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്ന രായമരക്കാർ വീട്ടിൽ  അഷ്റഫ്‌ക്കായുടെ വേര്‍പ്പാട് എന്നത് യാദൃശ്ചികമാവാം , 2011 ഏപ്രില്‍ അവസാന വാരത്തിലായിരുന്നു ആ ബൈക്ക് അപകടവും സംഭവിച്ചത് - ഓപ്പറേഷനെത്തുടര്‍ന്നു ഒരാഴ്ചയോളം വെന്റിലേറ്ററില്‍ കിടന്ന അഷ്റഫ്‌ക്കായും വിടപറഞ്ഞത്‌ മെയ്‌ ആദ്യവാരം തന്നെ. പറക്കമുറ്റാത്ത മൂന്നു മക്കളും ഭാര്യയും അനാഥരായി .
കൂടുതല്‍ വായനക്ക് ഈ ബ്ലോഗില്‍ ഇവിടെ  സന്ദര്‍ശിക്കാം മനസ്സേ ശാന്തമാകൂ."

പരേതനായ ആലി ഹാജിയുടെയും ആഞ്ഞിലക്കടവത്ത് ശരീഫയുടെയും രണ്ടാമത്തെ   മകന്‍ ഹാഫിഷിന്റെ വേര്‍പ്പാട് തീര്‍ത്ത വേദനയില്‍ നിന്ന് ആ കുടുംബം  ഇപ്പോഴും മോചിതരായിട്ടില്ല , അതും ഒരു ബൈക്ക്‌ അപകടമായിരുന്നു ,ഒരു പെരുന്നാള്‍ ദിവസം ബൈക്കുമെടുത്ത് അടുത്തുള്ള കടയിലേക്ക്  പോയതായിരുന്നു, ഒരു ചെറിയ വളവില്‍ വെച്ച് എതിരെവന്ന വാഹനം ഇടിക്കുകയായിരുന്നു , ഹോസ്പിറ്റലില്‍ അടിയന്തിര ചികത്സയെത്തുടര്‍ന്നു ഒരു വിധം രക്ഷപ്പെട്ടു എന്ന സമാധാനത്തില്‍ നില്‍ക്കവേയാണ് ആ ജീവന്‍ വിടപറഞ്ഞത്‌ , അന്ന് കൌമാരം പിന്നിട്ടു  യൗവന ഘട്ടത്തിലേക്ക് കാലൂന്നുന്ന സമയമായിരുന്ന ഹാഫിഷ്, പഠനത്തിലും കായിക വിനോദങ്ങളിലും വളരെ സാമര്‍ത്ഥ്യമുള്ള ഒരു പ്രതിഭ കൂടിയായിരുന്നു ഹാഫിസ്‌.. .

പരേതനായ മരക്കാത്ത് മുഹമ്മദുണ്ണി സാഹിബിന്റെ നാല് ആണ്‍ മക്കളിൽ ഏറ്റവും ഇളയവനും എന്‍റെ ആത്മസുഹൃത്തുമായിരുന്ന  ഹുസൈന്‍  പാലക്കാട് ജില്ലയിലെ കൊളപ്പുള്ളി എന്ന സ്ഥലത്ത് രാത്രി ജോലിചെയ്തിരുന്ന കടയടച്ചു തനിയെ താമസസ്ഥലത്തേക്ക് നടന്നു പോകവേ പുറകിലൂടെ വന്ന ഒരു വാഹനം ഇടിച്ചു റോഡ് സൈഡിലെ ഓവു ചാലിലേക്ക് തലയിടിച്ചു വീഴുകയായിരുന്നു , ആ വീഴ്ചയിൽ ബോധം നഷ്ട്ടപ്പെട്ടിരിക്കാവുന്ന  ഹുസൈന്‍  ആരുടേയും ശ്രദ്ധയില്‍ പെടാതെ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. 
ഇടിച്ചിട്ടു നിറുത്താതെ പോയ വാഹനം ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ അപകടം നടന്നതിന്റെ അടുത്ത ദിവസംതന്നെ പോലീസ്‌ കസ്റ്റഡിയില്‍ എടുക്കുകയുണ്ടായി.പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു . ഇരുട്ടിൽ നടന്നുപോവുന്ന ആളെ പെട്ടെന്ന് കാണാനായില്ല എന്നാണ് ഇടിച്ചതിന് കാരണമായി പ്രതികൾ മൊഴി നൽകിയത് - എന്നാൽ  അവരൊന്നു മനസ്സുവെച്ച് തത്സമയം ആളെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ആ ജീവൻ രക്ഷിക്കാമായിരുന്നു എന്നൊരു തോന്നൽ ഇന്നും ആ അപകടമരണത്തിനു സാക്ഷിയായവരുടെ  മനസ്സിൽ ബാക്കിനിൽക്കുന്നു.

പഠനം കഴിഞ്ഞു സെഞ്ചുറിയന്‍ ബേങ്കില്‍ ജോലിയില്‍ ഇരിക്കവെയാണ് ഫാറൂഖിനെ മരണം ബൈക്ക്‌ അപകടത്തിന്റെ രൂപത്തില്‍ എത്തി റാഞ്ചികൊണ്ടുപോയത്, പരേതനായ വടക്കൂട്ട് മാമുതു സാഹിബിന്റെ മൂത്ത മകനായിരുന്നു ഫാറൂക്ക് , ഫാറൂക്കിന്റെ മരണത്തോടെ ആ കുടുംബം ശെരിക്കും കണ്ണീര്‍ കയത്തിലായിരുന്നു -  ഫാറൂഖിന്റെ ഇളയ സഹോദരന്‍മാരായ  ജമീലും ഫിറോസും  പഠനം കഴിഞ്ഞു ദുബായിലും ഖത്തറിലുമായി  ജോലികളിലുണ്ട് ഇപ്പോള്‍ .


ഇരുപത്തി ആറാം വയസ്സിലാണ് അബ്ദുൾ മിനാസെന്ന യുവാവ്  ഈ ലോകത്തോട്‌ വിടപറഞ്ഞു പോയത് . 
ഇവരെ കൂടാതെ തൊഴിയൂര്‍ ഹൈസ്കൂള്‍ ഭാഗത്ത്‌ താമസിക്കുന്ന പോളേട്ടന്റെ മകന്‍ സ്റ്റാന്‍ലി ഏറണാകുളത്ത് ജോലി ചെയ്തുവരവേ ഒരു യാത്രക്കിടയില്‍ ആലുവയില്‍ വെച്ച് കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ ഒരപകടത്തില്‍ പെട്ട് മരിക്കുകയായിരുന്നു .
കഷ്ടപ്പാടുകളില്‍ നിന്നും ഒന്ന് കരകയറാനായി ഖത്തറില്‍ ഒരു അറബിവീട്ടിലെ ഡ്രൈവറായി ജോലിയില്‍ ഇരിക്കവെയാണ് ആഞ്ഞിലക്കടവത്ത് അവ്വുക്കാടെ മകന്‍ സലാം മരിച്ചത് ,പതിവുപോലെ രാത്രി ഭക്ഷണം കഴിഞ്ഞു തന്റെ മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു സലാം , രാത്രിയുടെ ഏതോ യാമത്തില്‍ ആരുമറിയാതെ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി , മരണകാരണം ഹാര്‍ട്ട്ഫെയില്‍ തന്നെ .
അബുദാബിയില്‍ ഒരു വലിയ കെട്ടിടത്തിനു മീതെനിന്നും കാല്‍ത്തെറ്റി വീണു മരിച്ച കൊളത്താട്ടില്‍ മുഹമ്മദ്‌ഹാജിയെന്ന കുടുംബനാഥനും ദുബായിൽ വെച്ച് ഹാര്‍ട്ട് അറ്റാക്ക് മൂലം അകാലത്തില്‍ വിടപറഞ്ഞ  മണ്ണാങ്കുളം തളുകശ്ശേരി ഉസ്മാൻക്ക എന്ന പ്രിയവ്യക്തിയും ആ കുടുംബങ്ങളില്‍ വലിയ വിള്ളലുകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് കടന്നു പോയത് .
തെക്കും പറമ്പത്ത് മുഹമ്മദ്‌ അലിസാഹിബിന്റെ മരണവും ആകസ്മികമായ ഒരു ഹാര്‍ട്ട് അറ്റാക്ക്‌ ആയിരുന്നു . ഓരോരുത്തരും വിടപറഞ്ഞു പോകുമ്പോഴാണ് അവരുടെ വേര്‍പ്പാടുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണെന്നും അവര്‍ ജീവിതത്തില്‍ ചെലുത്തിയിരുന്ന സ്വാധീനം എത്രമാത്രമായിരുന്നെന്നും ബോധ്യമാവുന്നത്.

മനസ്സിലേക്ക് കനലുകള്‍ കോരിയിടുന്ന ഓരോ അപകടവാര്‍ത്തയെക്കുറിച്ച് അറിയുമ്പോഴും ഉള്ളം പിടക്കുകയാണ് , ഇനിയും ഇതുപോലെഒരെണ്ണം കേള്‍ക്കാനും കാണാനും ഇടവരുത്തരുതേയെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു പ്രാര്‍ഥിക്കുന്നു .

Posted by : അലി മാണിക്കത്ത്  on 10/05/2013

4 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...