Welcome to Thozhiyur Village

തൊഴിയൂര്‍ ഗ്രാമത്തിലേക്ക് ഹൃദ്യമായ സ്വാഗതം...

A.M.L.P. School

ഒരു നൂറ്റാണ്ട് കാലം പിന്നിട്ട വലിയൊരു സേവന പാരമ്പര്യവും; ഒരു പാട് അനുഭവങ്ങളുടെ നേര്‍കാഴ്ച്ചകളും; ഒളിമങ്ങാത്ത ഓര്‍മകളുടെ വന്‍ ശേഖരവുമായി...

I.C.A College-Thozhiyoor

തൊഴിയൂരിന്‍റെ ഒരു അഭിമാന സ്തംഭമായി തെക്ക്‌ പ്രവേശന കവാടത്തില്‍ തന്നെ തലയെടുപ്പോടെ നില്‍ക്കുന്നു. വടക്കേകാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക്‌ കള്‍ച്ചറല്‍ അസോസിയേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് ..

Rahmath Orphanage

ഇച്ഛക്കൊത്ത പഠനം , വസ്ത്രങ്ങള്‍ , പരിചരണം , മാസം തോറും വൈദ്യ പരിശോധന , അഭിരുചിക്കൊത്ത തൊഴില്‍ പരിശീലനം, മികച്ച ഭക്ഷണം തുടങ്ങിയ എല്ലാ സൌകര്യങ്ങളോടും കൂടി ഇവിടെ വളരുന്ന ഓരോ കുട്ടിയും ഭാവിയുടെടെ വാഗ്ദാനങ്ങളും

St.Georges High School

ഞങ്ങളുടെ നാടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന്, അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഞങ്ങളുടെ ഈ സ്കൂളില്‍ ഉള്ളൂവെങ്കിലും ഞങ്ങളുടെ പഠനകാലത്ത് ഓരോ ക്ലാസ്സും കുറഞ്ഞത് അഞ്ചു ഡിവിഷന്‍ വീതമെങ്കിലും ഉണ്ടായിരുന്നു..

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

'ഒരു ഉമ്മയും മകളും ഒരേ പത്രത്താളിൽ '

കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനു ഗള്‍ഫ്‌ തേജസ് പത്രം പുറത്തിറക്കിയ റിപ്പബ്ലിക് സപ്ലിമെന്ററില്‍ അപൂര്‍വമായ ഒരു കാഴ്ചയുണ്ടായിരുന്നു , അമല്‍ ഫെര്‍മിസ്‌ എന്ന ഉമ്മയുടെയും അഫീദ ഫെര്‍മിസ്‌ എന്ന മകളുടെയും ഓരോരോ  കവിതകള്‍ പത്രത്തിന്റെ ഒരു താളിന്റെ രണ്ടു വശത്തായി പ്രസിദ്ധീകരിച്ചിരുന്നു, റിപ്പബ്ലിക്കിന്ത്യയെക്കുറിച്ച് ഉമ്മ കാലികപ്രസക്തമായി എഴുതിയപ്പോള്‍ ഉണരൂ ഇന്ത്യ ഉണരൂ എന്ന കൌമാരത്തിന്റെ വിലാപമായിരുന്നു മകളുടെത്‌.


അമല്‍ ഫെര്‍മിസിനെക്കുറിച്ച് ഇവിടെ മുമ്പ് എഴുതിയിട്ടുണ്ട് , (മുമ്പ് കാണാത്തവര്‍ക്ക് 'തൊഴിയൂരിന്റെ പ്രിയ എഴുത്തുകാരി 'ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം ) ഈ ഉമ്മയുടെ പാത പിന്തുടര്‍ന്ന് അമലിന്റെ മകള്‍ അഫീദയും കാലിക പ്രസക്തിയുള്ള തന്റെ  രചനകളിലൂടെ അനുവാചക ഹൃദയങ്ങള്‍ കവരാന്‍ തുടങ്ങിയിരിക്കുന്നതിന്റെ തുടക്കമായി ഈ കവിതയെ കണക്കാക്കാം  . 

ഖത്തറിലെ സമന്വയ സാംസ്കാരിക സംഘടന ഇന്ത്യന്‍ സ്കൂളുകളെ അടിസ്ഥാനമാക്കി നടത്തിയ കഥാരചന മത്സരത്തില്‍ "ഗമനം" എന്ന കഥയിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ മിടുക്കി നല്ലൊരു പ്രാസംഗികയും കൂടിയാണ് , ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ രചിച്ച കഥകളിൽനിന്നും പുരസ്കാരാർഹമായ കഥ കണ്ടെത്തിയത്,ശ്രീ.അഷ്ടമൂർത്തി,ശ്രീമതി.പി.വത്സല,ശ്രീ. രാധാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ്.


ദോഹയിലെ വിവിധ കലാസാംസ്കാരിക സംഘടകൾ നടത്തിയുട്ടുള്ള കഥാ-ഉപന്യാസമത്സങ്ങളിൽ പുരസ്കാരം നേടിയിട്ടുള്ള അഫീദയും ഉമ്മ അമല്‍ ഫെര്മിസും ഭാവിയുടെ വാഗ്ദാനങ്ങളാണെന്നതോടൊപ്പം ജന്മനാടായ തൊഴിയൂരിന് അഭിമാനവും അംഗീകാരവും നേടിക്കൊടുക്കുന്ന യുവപ്രതിഭകള്‍ കൂടിയാണെന്ന് പറയാതെ വയ്യ.



ഖത്തറിലെ ദോഹയില്‍ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ സെയ്ദ്‌ ഫെര്‍മിസിന്റെയും ദോഹ അക്കാദമി സ്കൂളിൽ ടീച്ചറായി ജോലിചെയ്യുന്ന അമല്‍ ഫെര്‍മിസിന്റെയും മകളായ അഫു എന്ന് വിളിപ്പേരുള്ള അഫീദ സ്കൂള്‍ ഫൈനല്‍ പാസ്സായി നില്‍ക്കുന്നു  അഫുവിന്‍റെ ഇളയ സഹോദരന്‍ അസീം ഫെര്‍മിസ്‌ ഖത്തര്‍ എം .ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും അഫീദയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം :

www.facebook.com/azwafeeda.bloomingstars/


രാജഭരണവും ജനാധിപത്യഭരണവും പുരോഗമനവാദികളും

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 


മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന . നാമൊന്നും കാണുവാനോ കേള്‍ക്കുവാനോ ആഗ്രഹിക്കാത്ത . നീചമായ പ്രവര്‍ത്തികളാണ് ഇപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. മനുഷ്യജന്മങ്ങളില്‍ കരുണയുടെ അംശം നാള്‍ക്കുനാള്‍ ഇല്ലാതെയാകുന്നു എന്നതാണ് വാസ്‌തവം . കാമഭ്രാന്തന്‍മാരായ നീചര്‍ അല്‍പനേരത്തെ ശാരീരിക സുഖത്തിനു വേണ്ടി പിച്ചവെച്ചു നടക്കുവാന്‍ ശ്രമിക്കുന്ന പിഞ്ചുകിഞ്ഞുങ്ങളെ പോലും ബലാല്‍സംഗം ചെയ്തു കൊലപെടുത്തുന്നു . വ്യക്തി സ്വാതന്ത്ര്യത്തെ ഇല്ലാതെയാക്കിക്കൊണ്ട് യുവതികളും വയോവൃദ്ധകള്‍ പോലും നിഷ്കരുണം പീഡിപ്പിക്കപെട്ട് അവരുടെയൊക്കെ ജീവന്‍ തന്നെ നഷ്ടമായ എത്രയോ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കുന്നു . നാള്‍ക്കുനാള്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍ അധികരിച്ചുകൊണ്ടേയിരിക്കുന്നു . സ്വന്തം രക്തത്തില്‍ പിറന്ന മകളെ പോലും കാമം തീര്‍ക്കുവാന്‍ ചില മനസാക്ഷി യില്ലാത്ത മനുഷ്യമൃഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നത് വളരെയധികം ഖേദകരമാണ് . കുറ്റകൃത്യങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാത്തത് കൊണ്ടല്ലെ നാള്‍ക്കുനാള്‍ കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നത് . നീതിന്യായ വ്യവസ്ഥകള്‍ തന്നെ മാറേണ്ടിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ചെയ്തികളല്ലെ നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്നത് . മനുഷ്യരുടേയും നാടിന്‍റെയും പുരോഗതിക്കായി രൂപാന്തരം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇന്നേയുടെ അവസതകള്‍ എന്താണ് ? ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടവര്‍ സ്വന്തം സാമ്പത്തീക നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാഴ്ചകളല്ലെ നമുക്ക് കാണുവാന്‍ കഴിയുന്നത്‌ . തന്നെയുമല്ല രാഷ്ട്രീയക്കാര്‍ അവരുടെ പ്രസ്ഥാനത്തേയും നീച ചെയ്തികളേയും ചോദ്യം ചെയ്യുന്നവരെ പോലും എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യിപ്പിക്കുന്ന കാഴ്ചകളും നാം കാണുന്നു എന്നതാണ് വാസ്തവം . കാരണവും മനുഷ്യന്‍റെ അവസ്തയും മനസ്സിലാക്കാതെ മറ്റുള്ളവരുടെ അധപ്പതനം മാത്രമാകുന്നു ചിലരുടെയൊക്കെ ലക്‌ഷ്യം എന്നതല്ലെ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ . എന്തിന്‍റെ പേരിലായാലും ജീവന്‍ ഉന്മൂലനം ചെയ്യപെടുന്ന അവസ്തകള്‍ മാറേണ്ടിയിരിക്കുന്നു . കൊലപാതകങ്ങളില്‍ കൂടുതലും രാഷ്ട്രീയ വൈരാഗ്യം മൂലം ഉത്ഭവിക്കുന്നതാണ് എന്നത് പരമസത്യം . മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായി കാണുകയാണെങ്കില്‍ സ്നേഹവും സാഹോദര്യവും എങ്ങും നിറഞ്ഞു നില്‍ക്കും. മതം മനുഷ്യനില്‍ നന്മയാണ് ലക്ഷ്യം കാണുന്നത് പക്ഷെ മതത്തിന്‍റെ പേരില്‍ കൊല്ലും കൊലവിളിയുമാണ്‌ ഇന്നേയുടെ അവസ്ത 


ഒരു മതവും അന്യമതസ്ഥരെ ശത്രുവായി കാണുവാന്‍ ആഹ്വാനം ചെയ്യുന്നില്ല മറിച്ച് സ്നേഹവും സാഹോദര്യവും അധികരിപ്പിക്കുവാനാണ് ആഹ്വാനം ചെയ്യുന്നത് . ഭൂമിയില്‍ പിറവിയെടുത്ത എല്ലാ ജീവജാലങ്ങളും ഒരിക്കല്‍ ഇഹലോകവാസം വെടിയെണ്ടിവരും എന്ന നഗ്നമായ സത്യം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ .മരണം ഒരു നാള്‍ നമ്മേ തേടിയെത്തും എന്ന പരമസത്യം ഓര്‍ക്കുവാന്‍ പോലും മനുഷ്യന് നേരമില്ല . അകത്തേക്ക് എടുക്കുന്ന ശ്വാസം പുറത്തേക്ക് വിടുവാന്‍ കഴിയാതെയായാല്‍ നിശ്ചലമാകുന്നതാണ് ഹൃദയം എന്നു ചിന്തിക്കുന്നവര്‍ ഉണ്ടോ ഈ ഭൂലോകത്ത് ? എങ്ങിനെയൊക്കെ സമ്പത്ത് അധികരിപ്പിക്കുവാനും ,മണിമാളികകള്‍ പടുത്തുയര്‍ത്തുവാനും, സുഖലോലുപരായി കഴിയാം എന്നതാണ് മനുഷ്യന്‍റെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് . വൃദ്ധസദനങ്ങളില്‍ അന്തേവാസികള്‍ നാള്‍ക്കുനാള്‍ അധികരിക്കുന്നു . മനുഷ്യര്‍ പത്തുമാസം ഉദരത്തില്‍പേറി നൊന്തു പ്രസവിച്ച മാതാവിനെ മറക്കുന്നു .പൊരിവെയിലില്‍ ജോലി ചെയ്ത് പഠിപ്പിച്ചു വലിയവനാക്കിയ പിതാവിനെ മറക്കുന്നു .സ്നേഹത്തിന് യാതൊരുവിധ വിലയും കല്പിക്കാതെയായിരിക്കുന്നു .

ജനാധിപത്യരാഷ്ട്രം ,ജനാധിപത്യ വ്യവസ്തകള്‍ ,എല്ലാം നല്ലത് തന്നെ .പക്ഷെ ഭരണകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ . ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണകര്‍ത്താക്കളുടെ ഭരണം മുന്‍പത്തെ രാജഭരണവും തമ്മിലുള്ള അന്തരം അധികമൊന്നും മാറ്റമില്ലതെയായിരിക്കുന്നു .ആര്‍ഭാടം നിറഞ്ഞ ജീവിതം നയിക്കാത്ത ഒരു ഭരണകര്‍ത്താവിനെ ചൂണ്ടി കാണിക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല .രാജഭരണ കാലത്ത് പ്രജകള്‍ അദ്വാനിച്ചു തന്നെയാണ് ജീവിച്ചു പോന്നിരുന്നത്. അന്ന് പക്ഷെ സ്വന്തം രാജ്യത്ത് പണിയെടുത്തു ജീവിക്കുവാന്‍ പ്രജകള്‍ക്ക് കഴിഞ്ഞിരുന്നു ,ഇന്നേയുടെ അവസ്ഥ എന്താണ്? സ്വന്തം രാജ്യത്ത് ജീവിക്കുവാന്‍ നിര്‍വാഹമില്ലാത്ത അനേകലക്ഷം ഇന്ത്യന്‍ പൌരന്മാര്‍ വിദേശ രാജ്യങ്ങളില്‍ തൊഴിലെടുത്ത് ലഭിക്കുന്ന വേതനം കൊണ്ട് തന്‍റെ കുടുംബാങ്കങ്ങളെ പോറ്റുന്നു .അങ്ങിനെയുള്ളവരെ സമൂഹം പ്രവാസിയെന്ന പേരുനല്‍കി ആദരിക്കുന്നു .എന്താണ് ഒറ്റപെട്ടു ജീവിക്കുന്ന പ്രവാസിയുടെ അവസ്ത ?

പ്രവാസി സത്യത്തില്‍ ജീവിക്കുന്നുണ്ടോ ? 

ഏതാണ്ട് എല്ലാ പ്രവാസികളും ഇരുപതോ ഇരുപത്തിരണ്ടോ വയസ്സില്‍ പ്രവാസിയാകുന്നു .പ്രാരാപ്തങ്ങളുടെ കയത്തില്‍ അകപെടുന്ന പ്രവാസി വിവാഹിതനാകുന്നത് ഇരുപത്തെട്ടോ മുപ്പത്തിരണ്ടോ വയസിനിടയിലാണ്. വിവാഹശേഷം ഒന്നോരണ്ടോ മാസത്തെ ദാമ്പത്യ ജീവിതം ലഭിക്കുന്ന പ്രവാസി പ്രാരാപ്തങ്ങളുടെ ഭാണ്ഡവും പേറി വീണ്ടും പ്രവാസത്തിന്‍റെ ഊഷരതയില്‍ എത്തിപെടുന്നു .പിന്നീട് രണ്ടോമൂന്നോ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തന്‍റെ പ്രിയപെട്ടവരുടെ അരികിലേക്ക് ഒന്നോരണ്ടോ മാസത്തെ അവധിക്ക് നാട്ടില്‍ പോകുന്നു .ഈ അവസ്ത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .

ഇതിനിടയില്‍ മക്കള്‍ ഉണ്ടാകുന്നു ,പിന്നീട് മക്കളെ വലിയ നിലയില്‍ പടിപ്പിക്കുവാനായി എന്ത് ത്യാഗവും സഹിച്ച് പ്രവാസികള്‍ ജോലിയില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .ഇതിനിടയില്‍ അസുഖങ്ങള്‍ പ്രവാസിയെ കാര്‍ന്നുതിന്നുവാന്‍ തുടങ്ങിയിട്ടുണ്ടാവും .പ്രമേഹം ,കൊളസ്ട്രോള്‍ .രക്തസമ്മര്‍ദ്ദം ,മൂത്രത്തില്‍ കല്ല്‌ അങ്ങിനെ നീണ്ടു പോകുന്നു അസുഖങ്ങളുടെ നീണ്ട പട്ടിക .വര്‍ഷങ്ങള്‍ പോയതറിയാതെ ചര്‍മ്മം ചുളിഞ്ഞ് മുടിയെല്ലാം നരച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച് കഷ്ടത അനുഭവിച്ച് പ്രവാസി ജീവിക്കുന്നു .അങ്ങിനെയിരിക്കെ പ്രായാതിക്യം മൂലം മുന്‍പ് തൊഴില്‍ ചെയ്തിരുന്നത് പോലെ ചെയ്യുവാന്‍ കഴിയുന്നില്ല എന്ന് തൊഴിലുടമയോ ബന്ധപ്പെട്ടവരോ മനസ്സിലാക്കുന്നതോടെ പ്രവാസിക്ക് തൊഴില്‍ നഷ്ടമാകുന്നു .

പ്രവാസി സ്വദേശത്തെക്കു മടങ്ങുവാന്‍ നിര്‍ബന്ധിതനാവുന്നു . യവ്വനം നഷ്ടമായി വാര്‍ധക്യ സഹജമായ അസുഖവും പേറി പ്രവാസികള്‍ തന്‍റെ സ്വദേശത്തെക്കു മടങ്ങുന്നു .സാമ്പത്തീകമായി പരാധീനതകള്‍ അനുഭവിക്കുന്ന പ്രവാസിയാണെങ്കില്‍ പിന്നെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ രാജ്യത്തിനോ ആ പ്രവാസിയെ ആവശ്യമില്ല എന്നതാണ് വാസ്തവം .ഇങ്ങനെ പ്രവാസികള്‍ ആയി തീരേണ്ടിവന്നത് എന്തുകൊണ്ടാണ് ?

ഏതൊരു പൌരന്മാരുടെയും ആഗ്രഹം സ്വന്തം രാജ്യത്ത് നല്ല വേദനം ലഭിക്കുന്ന തൊഴിലെടുത്ത് തന്‍റെ പ്രിയപെട്ടവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കണം എന്നത് തന്നെയാണ് .ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇന്ത്യയില്‍ത്തന്നെ തൊഴിലെടുത്ത് കുടുംബാങ്കങ്ങളുടെ കൂടെ ജീവിക്കുവാന്‍ കഴിയുന്ന കാലം ഉണ്ടാകുമോ ?

അല്ലലില്ലാതെ ഇന്ത്യയില്‍ത്തന്നെ ജീവിക്കുവാന്‍ രാഷ്ട്രീയക്കാരന്‍ ആവുക എന്നതാണ് .എന്നാല്‍ പിന്നെ സസുഖം സുഖലോലുപനായി ജീവിതാവസാനംവരെ ജീവിക്കാം .പക്ഷെ അതിന് എല്ലാവര്‍ക്കും തൊലിക്കട്ടിയും ഉളുപ്പ് ഇല്ലായ്മയും  ഇല്ലല്ലോ . 

മദ്യപാനം നമ്മുടെ രാജ്യത്തിന്‍റെ മറ്റൊരു വിപത്താണ് .മദ്യപാനം മൂലം രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കൂടുന്നു എന്നത് അധികാര വര്‍ഗ്ഗങ്ങള്‍ക്ക് നല്ലപോലെ അറിയാം .അധികാരത്തിലിരിക്കുന്ന ആരെങ്കിലും രാജ്യത്തെ മദ്യമുക്തമാക്കുവാന്‍ ശ്രമിക്കുന്നുണ്ടോ ?

പൌരന്മാരുടെ അല്ലലില്ലതെയുള്ള ജീവിതം സ്വപ്നമായി അവശേഷിക്കുമ്പോഴും നാടിന്‍റെ മറ്റൊരു വിപത്താണ് മനുഷ്യരാല്‍ പ്രകൃതിയോട് യാതൊരുവിധ ദാക്ഷിണ്യം ഇല്ലാതെയുള്ള പ്രവര്‍ത്തികള്‍ മൂലം പ്രകൃതിയുടെ അവസ്തകള്‍ തന്നെ മാറികൊണ്ടിരിക്കുന്നത്  .രമ്മ്യ സൌദങ്ങള്‍ പണിതുയര്‍ത്താന്‍ വേണ്ടി പ്രകൃതിയുടെ സമ്പത്ത് , പുഴയില്‍ നിന്നും മണല്‍ ഊറ്റുന്നതിനാല്‍ വരള്‍ച്ച നാള്‍ക്കുനാള്‍ അധികരിക്കുന്നു .മരങ്ങള്‍ വെട്ടി നിരത്തുന്നതിനാല്‍പ്രകൃതിക്ക് ആവശ്യമുള്ള മഴ ലഭിക്കാതെ പോകുന്നു .വയലുകളില്‍ നെല്‍ കൃഷി ഇല്ലാതെയായിരിക്കുന്നു .പകരം മലകളും കുന്നുകളും നിരത്തി വയലുകള്‍ നികത്തുന്നു .എല്ലാംതന്നെ പ്രകൃതിയെ സ്നേഹിക്കാത്ത നീച മനസ്സുകളുടെ സാമ്പത്തീക നേട്ടത്തിന് വേണ്ടി മാത്രമാണ്  .

ഒരുപാട് തലമുറകള്‍ ജീവിച്ചു മണ്മറഞ്ഞു പോയ നമ്മുടെ നാട് നാള്‍ക്കുനാള്‍ വികൃതമാക്കി കൊണ്ടേയിരിക്കുന്നു .ഇനിയും ഈ അവസ്തകള്‍ മാറിയില്ലാ എങ്കില്‍ .ഇനി വരും തലമുറകള്‍ക്ക് കൈമാറുവാന്‍ മോട്ടകുന്നുകളും വറ്റിവരണ്ട പുഴയും തരിശായ വനങ്ങളും മണ്ണിട്ടുമൂടിയ പാടശേഖരങ്ങളും ആവശ്യാനുസരണം മഴ ലഭിക്കാത്ത ഭൂമിയുമാകും ബാക്കി .മാറേണ്ടിയിരിക്കുന്നു ജീവിത രീതികളും ഭരണ വ്യവസ്ഥകളും നീതിന്യായ വ്യവസ്ഥകളും

                                                                _____________


Posted by : Rasheed Thozhiyoor

                       

തൊഴിയൂര്‍ ലൈഫ്‌ കെയര്‍ സൊസൈറ്റിക്ക് വെബ്‌സൈറ്റ് .


ജാതി മത രാഷ്ട്രീയ ഭേദമന്യേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അപകടങ്ങളില്‍ പെടുന്ന സഹജീവികളെ കഴിയും വിധം രക്ഷപ്പെടുത്തുക , അവശത അനുഭവിക്കുന്ന സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് ചികിത്സാ സഹായങ്ങള്‍ ചെയ്യുക  തുടങ്ങിയ സദുദേശങ്ങളായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ചാണ് തൊഴിയൂര്‍  ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി  രൂപം നല്‍കിയത്. തൊഴിയൂരിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി കുടുംബങ്ങള്‍ കഴിഞ്ഞ  നാലു വര്‍ഷത്തോളമായി പ്രതിഫലം ഇച്ഛിക്കാത്ത ഈ സേവനത്തിന്റെ സ്‌പര്‍ശം അറിഞ്ഞുതുടങ്ങിയിട്ട്‌.

പോയ വര്‍ഷങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്  പൊതുജനങ്ങള്‍ക്ക് പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നു  ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി , തികച്ചും സുതാര്യമായ രീതിയിലുള്ള പ്രവര്‍ത്തങ്ങളിലൂടെ സംഘടനയെ ജനകീയമാക്കാനും സാമൂഹികശ്രദ്ധ പിടിച്ചു പറ്റാനും ഈ കുറഞ്ഞ കാലയളവിന്നുള്ളില്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതില്‍ പിന്നണിയിലുള്ളവര്‍ക്ക് അഭിമാനിക്കാം. 

സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്താനും കൂടുതല്‍ ജനകീയമാക്കുന്നതിനും വേണ്ടി രൂപം നല്‍കിയ  വെബ്സൈറ്റിന്റെ ഉല്‍ഘാടനം  കഴിഞ്ഞ മാസാവസാനം വിദ്യാഭ്യാസ പുരസ്‌ക്കാരവും ധീരതക്കുള്ള അവാര്‍ഡും വിതരണം ചെയ്യുന്നതിന്നായി കൂടിയ പൊതുയോഗത്തില്‍ വെച്ച്  ബഹു : ഇ .എം .ഉമ്മര്‍ സാഹിബ് നിര്‍വഹിച്ചു.

         സൊസൈറ്റിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ :   







തൊഴിയൂരിന്റെ പ്രിയ എഴുത്തുകാരി .

Have a heart that never hardens, a temper that never tires, a touch that never hurts..
അമല്‍ ഫെര്‍മിസ്‌ എന്ന തൊഴിയൂരിന്റെ എഴുത്തുകാരി തന്റെ ബ്ലോഗര്‍ പ്രൊഫൈലില്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് എഴുതിവെച്ചിട്ടുള്ള വരികളാണ് മുകളില്‍ ചേര്‍ത്തിട്ടുള്ളത്.
കൊമ്പത്തയില്‍ അബൂബക്കര്‍ സാഹിബ് എന്ന തൊഴിയൂര്‍ക്കാരുടെ എം എസ് പിക്കാടെയും ഉമ്മത്തിക്കുട്ടിയുമ്മാടെയും ഒമ്പത് മക്കളില്‍ ഏറ്റവും ഇളയവളായ അമല്‍ ചെറുപ്പം മുതലേ പഠനകാര്യങ്ങളില്‍ വളരെ മിടുക്കിയായിരുന്നു, തൊഴിയൂർ എൽ .പി സ്കൂളിലും,സെന്റെ ജോര്‍ജസ് ഹൈസ്കൂളിലുമായി ഒമ്പതാം ക്ലാസ്സുവരെ പഠിച്ച അമൽ  പത്താം  ക്ലാസ്സ്‌ മുതൽ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം,  ‍ജീവിതത്തിലെ ഒരുപാട് അനുഭവങ്ങളുടെ പാഠശാലയായിരുന്നു ഹോസ്റ്റൽ കാലമെന്ന്   അമല്‍ സ്വയം വിലയിരുത്തുന്നു.
ഏഴാം ക്ലാസിലെ പഠന സമയത്തെ ഉപ്പയുടെ മരണവും ഒന്നാം വര്‍ഷ ഡിഗ്രി പഠന കാലത്തെ ഉമ്മയുടെ മരണവും  താങ്ങാവുന്നതിലേറേ മാനസിക ആഘാതമാണ് ഉണ്ടാക്കിയതെന്നും അത് മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞതിനാല്‍ ആദ്യ വര്‍ഷ ഡിഗ്രി പരീക്ഷ ശെരിക്കും എഴുതാനായില്ലെന്നും  അമല്‍ ഓര്‍ക്കുന്നു .
എന്നാല്‍ ഡിഗ്രീ രണ്ടാം വര്‍ഷ പരീക്ഷയില്‍  എല്‍ എഫ് കോളേജിലെ റെക്കോർഡ്‌ മാർക്കോടെ  കോളേജ്  ഫസ്റ്റ് ക്ലാസ്സായി പാസ്സായതില്‍ അമലുവിന് ഇന്നും അഭിമാനമുണ്ട് .
ഫൈനൽ ഇയർ ഡിഗ്രി പരീക്ഷ തുടങ്ങുന്നതിന്റെ തലേന്നായിരുന്നു കല്യാണം നടന്നത് , കാരണം  പരീക്ഷയുടെ തീയ്യതി കഴിഞ്ഞാണ് കല്യാണം തീരുമാനിച്ചിരുന്നതെങ്കിലും കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ കുത്തഴിഞ്ഞ രീതികളും തീരുമാനങ്ങളും മൂലം എക്സാം നീട്ടിയതായിരുന്നു ,അത് കൊണ്ട്തന്നെ ബി.എ.ചരിത്രത്തിൽ റാങ്ക് വാങ്ങണമെന്ന മോഹം പൂവണിഞ്ഞില്ലെങ്കിലും  കോളേജിലെ ആ വര്‍ഷത്തെ എറ്റവും മികച്ച മാര്‍ക്കിന്റെ  ഉടമസ്ഥ ആവാന്‍ അമലുവിന് കഴിഞ്ഞിരുന്നു.
അമലുവിന്റെ ഭര്‍ത്താവ് സെയ്ദ്‌ ഫെര്‍മിസ്‌ എസ്.എം.സാദിക് സാഹിബ് ,കദീജ ദമ്പതികളുടെ മകനാണ്, അമലുവിന് തികച്ചും അനുയോജ്യനും ഒരുപാട് സ്വഭാവ സവിശേഷതകള്‍ക്കുടമയുമാണ് ഫെര്‍മിസ്‌, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജേതാവും പ്രസിദ്ധ ഗാനരചയിതാവുമായ റഫീക്ക്‌ അഹമ്മദ്‌ ഫെര്‍മിസിന്റെ ഉപ്പയുടെ സഹോദരനാണ്. അമലുവിനു നാല് സഹോദരന്‍മാര്‍ മുസ്തഫ (മാനേജര്‍ -ഹോംലൈന്‍ - ദോഹ-ഖത്തര്‍ ) ഉമ്മര്‍ (പര്‍ച്ചേസ് മാനേജര്‍ - ഫാമിലി ഫുഡ്‌ സെന്റര്‍ - ദോഹ-ഖത്തര്‍ ) ഉസ്മാന്‍ (മാനേജര്‍ - ഫാമിലി ഗിഫ്റ്റ്‌ സെന്റര്‍ - അല്‍ - ഖോര്‍ , ഖത്തര്‍ ) അലി ( മാനേജര്‍ - ഹോംലൈന്‍ - ദോഹ-ഖത്തര്‍ )    ഫാത്തിമ , നഫീസ ,റംല , സഫിയ എന്നിങ്ങനെ സഹോദരിമാര്‍ നാലുപേര്‍ .. 
ബാക്കി കാര്യങ്ങള്‍ അമലിന്റെ വാക്കുകളിലൂടെ വായിക്കാം ..
വിദ്യാഭ്യാസം ,ജോലി ,വിവാഹം .
ജീവിതത്തിൽ പഠനം എനിക്കൊരു പാഷൻ  ആയിരുന്നു എന്നാല്‍ വിവാഹം കഴിഞ്ഞ് മോൾ പിറന്നതോടെ പഠനം ഉപേക്ഷിച്ച നിലയിലായി, എങ്കിലും മോൾ സ്കൂളിൽ പോവാൻ തുടങ്ങിയപ്പോൾ കമ്പ്യൂട്ടർ കോഴ്സിന് ചേർന്ന് വീണ്ടും പഠനം പുനരാരംഭിച്ചു.കേരള സര്‍വ്വകലാശാലയിൽ നിന്നും പി.ജി.ഡി.സി.എ ഒന്നാമതായി പാസ്സായി, ഇതിനിടയിൽ പെരുമ്പിലാവ് അന്‍സാര്‍ കോളേജില്‍  ബി.എഡ്  തുടങ്ങിയപ്പോള്‍ ആദ്യ ബാച്ചില്‍ ഞാനും ചേർന്നു. അങ്ങനെ ടീച്ചറാവണമെന്ന കുട്ടിക്കാലം മുതലേയുള്ള  സ്വപ്നത്തിന് വളരെ  അടുത്തെത്തിയെങ്കിലും അതിന്നിടയില്‍ മകനെ ഗര്ഭം ധരിച്ചു ശാരീരികമായി ഒരുപാട് പ്രശ്നങ്ങള ഉണ്ടായിരുന്നത്കൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കണമെന്ന ഘട്ടം വന്നു എങ്കിലും അദ്ധ്യാപകരുടെയും സഹായത്താൽ  വീട്ടിലിരുന്നു പഠിച്ച് പരീക്ഷ എഴുതാൻ സാധിച്ചുത് ഒരു ഭാഗ്യാനുഭവമായി ഞാന്‍ കരുതുന്നു ,  റാങ്കിന് വളരെ കുറഞ്ഞ മാര്‍ക്കിന്റെ വ്യത്യാസത്തോടെ കോളേജ് ഫസ്റ്റ്  ആയി പാസ്സായി, ശേഷം  മോനെ  പ്രസവിച്ച്  കഴിഞ്ഞു വീട്ടിലിരുന്നു സ്വയം പഠിച്ച് എം.എ പരീക്ഷ  റാങ്കോടെ പാസ്സാവുകയും ചെയ്തു .

അതിനിടയിൽ എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി നോക്കിയിരുന്നു പിന്നീട്  വീടിനടുത്തെ  ഇംഗ്ലീഷ്  മീഡിയം സ്കൂളിൽ കമ്പ്യൂട്ടർ ടീച്ചറായി മൂന്നു  വര്‍ഷം ജോലി ചെയ്തു, ആ സമയത്താണ് ഞാന്‍  യോഗ അഭ്യസിച്ചത് , കൂടാതെ ജോലിയുടെ ഭാഗമായി കുട്ടികളുടെ കൗൻസലിങ്ങ് ഒരു വര്‍ഷം പഠിച്ചു. അതിനു ശേഷമാണ്  ഖത്തറിൽ ഹോംലൈന്‍ സപ്ലെ കമ്പനിയില്‍ ജോലിക്കാരനായ ഭര്‍ത്താവ് ഫെര്‍മിസ്ക്കാടെ അടുത്തേക്ക് എത്തിയത്.

ഖത്തറിലെത്തിയ ശേഷം ട്യുഷന്‍  ആയിരുന്നു ഇതുവരെ ജോലി , ഇപ്പോൾ  ഈ സെപ്തംബര്‍ ഒന്ന് മുതല്‍ ദോഹ അക്കാദമി സ്കൂളിൽ ടീച്ചറായി ജോലി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
 ചെറുപ്പം മുതലെ  വായന വല്ലാത്തൊരു ഭ്രമമായിരുന്നു എനിക്ക് പ്രവാസികളായ സഹോദരന്‍മാര്‍ക്കുള്ള  കത്തുകളായിരുന്നു ആദ്യ രചനകൾ , കോളേജിൽ പഠിക്കുമ്പോഴാണ് എഴുതാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. സ്കൂളിൽ ഒമ്പതാം  ക്ലാസ്സ്‌ വരെ അറബിക് ഭാഷയാണ്‌ പഠിച്ചത്. പക്ഷെ ചെറുപ്പത്തിലെ കൂടെകൂടിയ വായന എഴുത്തിനെ സഹായിച്ചു. കോളേജിൽ ലേഖന മത്സരങ്ങളിലാണ്അധികവും പങ്കെടുത്തതും സമ്മാനാർഹയായതും ..കോളേജ് മാഗസിനുകളിൽ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു.കാവ്യമുകുളങ്ങൾ  എന്നാ കവിതസമാഹാരത്തിലും  കവിത വന്നിരുന്നു. പിന്നെ ആരാമം വനിതാ മാഗസിനിലും ഒരു കവിത പ്രസിദ്ധീകരിച്ചു, മാതൃഭൂമി നടത്തിയ ലേഖന മത്സരത്തിൽ സമ്മാനാർഹയായി. ഖത്തറിൽ വന്നതിനു ശേഷം കേരള സർക്കാരിന്റെ രെജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എല്‍ . ഡി ക്ലാർക്കായി പി.എസ.സി വഴി നിയമനം ലഭിച്ചു. പക്ഷേ ജോലിയേക്കാൾ ഒരുമിച്ചുള്ള ജീവിതത്തിനു ഞാൻ പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് ആ  ജോലി  വേണ്ടെന്നുവെച്ചു. എന്റെ മക്കൾ മാതാപിതാക്കളുടെ സ്നേഹം ഒരുമിച്ച് അനുഭവിച്ച് വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. ഇൻഷാഅല്ലാഹ്..
രചനകളും പാരിതോഷികങ്ങളും .

കേരളത്തിൽ അദ്ധ്യാപകർക്ക് വേണ്ടി നടത്തിയ ഉപന്യാസ മത്സരത്തിൽ സമ്മാനാർഹയാവുകയും സാഹിത്യഅക്കാദമിയിൽ വെച്ച ശ്രീ.സുകുമാര്‍ അഴീക്കോടിൽ നിന്ന് സമ്മാനം സ്വീകരിക്കാൻ കഴിഞ്ഞതും നല്ല ഓര്‍മ്മകളാണ് , ബി.എഡ്  പഠന കാലത്ത്  ശ്രീ എം.എന്‍.വിജയനെ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞതും മറക്കാനാവാത്ത അനുഭവമാണ്.
ഖത്തറിൽ വന്ന ശേഷമാണ്  എഴുത്തിലേക്ക്  കൂടുതൽ ശക്തമായി വന്നത്. ഇവിടെ ഒഴിവു വേളകൾ ധാരാളമായി കിട്ടുന്നതിനാൽ നെറ്റ് വഴി അയക്കാവുന്നതും അല്ലാത്തതുമായ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി, ചന്ദ്രിക പത്രത്തിന്റെ ഗള്‍ഫ്‌ എഡിഷന്‍ ഉത്ഘാടനത്തോട്  അനുബന്ധിച്ച് നടത്തിയ  കത്തെഴുത്ത് മത്സരത്തിൽ രണ്ടാം സമ്മാനം ലഭിച്ചിരുന്നു, മന്ത്രി ഇ.അഹമ്മദില്‍ നിന്നായിരുന്നു സമ്മാനം ഏറ്റുവാങ്ങിയത്. അതിനു ശേഷം ഖത്തർ കേരളീയം 2011-12 വർഷങ്ങളിൽ കഥ,കവിത,ലേഖനം,പ്രസംഗം മൈലാഞ്ചി ഡിസൈനിംഗ് മത്സരങ്ങളിൽ സമ്മാനാർഹയായി. ഖത്തർ മലയാളി സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ ലേഖന മത്സരത്തിലും മൈലാഞ്ചിയിടല്‍  മത്സരത്തിലും ഒന്നാമതായി. കേരളത്തിലെ കോളേജ് കളുടെ സംഘടനയായ 'കാക്' മുല്ലപെരിയാർ അണകെട്ടിനെ കുറിച്ചുനടത്തിയ ലേഖന മത്സരത്തിൽ രണ്ടാം സമ്മാനം ലഭിച്ചു. ഖത്തർ മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് നടന്ന ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം. ഇന്ത്യൻ യൂത്ത് ഫോറം നടത്തിയ വിവിധ മേഘലകളുടെ കഥ കവിത ലേഖന മത്സരങ്ങളിൽ സമ്മാനാർഹയായി. ഖത്തർ വുമന്‍ ഫെഡറേഷന്‍ വനിതാ ദിനത്തിൽ നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം. പ്രവാസികള്‍ക്കായി ഖത്തർ ഇന്ത്യ ഫ്രാട്ടനിറ്റി ഫോറം റിപ്പബ്ലിക്  ദിനത്തിൽ നടത്തിയ കഥ കവിത മത്സരത്തിൽ ഒന്നാം സ്ഥാനം.
തേജസ് പത്രത്തിന്റെ ഉൽഘാടനദിന സപ്ലിമെന്‍റില്‍  ലേഖനം  പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമം നോമ്പിന്റെ ആദ്യാനുഭവത്തെ കുറിച്ചുള്ള  വന്നിരുന്നു.
ഒഴിവുസമയം അധികവും വായനക്കാണ് നീക്കിവെക്കാറ്‌, പുതിയ അറിവുകൾ  സമ്പാദിക്കാന്‍ ഇഷ്ടമാണ് , മൈലാഞ്ചിയിടൽ , പാചകം ഇതൊക്കെയാണ് ഇഷ്ട ഹോബികൾ പാചകത്തിൽ പുതിയ രുചികൾ തേടാൻ ഒത്തിരി ഇഷ്ടാണ്, പെരുന്നാൾ സമയങ്ങളിലും മറ്റും മൈലാഞ്ചിയിടൽ  ഒരു കൈതൊഴിലിന്റെ  സ്ഥാനം എറ്റെടുക്കുന്നു, തെറ്റില്ലാത്ത ഒരു സമ്പാദ്യം ഇത് മുഖേന ലഭിക്കുന്നുണ്ട്.
മക്കൾ രണ്ടു പേരും എം.ഇ.എസ സ്കൂളിൽ പഠിക്കുന്നു, മൂത്ത മകള്‍ അഫീദ ഫെര്‍മിസ്‌  പത്താം തരത്തിലും രണ്ടാമൻ അസീം ഫെര്മിസ് ഒന്നാം ക്ലാസ്സിലും, മോൾ എഴുത്തിന്റെ ലോകത്തിലേക്ക് കടന്നു വന്നത് ഏറെ സന്തോഷം നല്‍കുന്ന അനുഭവമാണ്. 
എന്റെ വീട്.
ഞാൻ അടക്കം എന്റെ മുന്‍തലമുറയിലും പിന്‍തലമുറയിലും പെട്ട ഒരുപാടുപേര്‍ പിറന്നു വീണ വീട്. ഒന്‍പത് മക്കളുള്ള എന്റെ  ഉമ്മാടെ ഈറ്റു നോവിന്റെ  വേദനകൾക്ക് സാക്ഷ്യം വഹിച്ച അകത്തളങ്ങള്‍ ,കുഞ്ഞു മക്കളുടെ കരച്ചിലുകൾ ,ബാല്യത്തിന്‍റെ കുതൂഹലതകള്‍ ,കൗമാര തിമിർപ്പുകൾ  ,യൗവനത്തിന്റെ തീക്ഷ്ണത ,വാർദ്ധക്യത്തിന്റെ ആവലാതികൾ  ഇതെല്ലാം ആ വീടിനെ എത്രത്തോളം മുഖരിതമാക്കിയിരിക്കും..ഇന്നത്തെ കുട്ടികൾക്ക്  ചിരപരിചിതമല്ലാത്ത നടുവകം ,ഉമ്മറം,തിണ്ണ ,പൂമുഖം,മച്ചിന്റകം ,ഇടനാഴിക,വടക്കിനി ,കോലായി ,കോണിച്ചോട്  ,വീതന,ഓവ്...അങ്ങനെയങ്ങനെ പോകുന്നു  വീടിനെ പരിചയപെടുത്താൻ ഉപയോഗിക്കുന്ന പദാവലി ..
ഇന്നത്തെ പോലെ നിറഞ്ഞ സൂര്യപ്രകാശം കടന്നുവരുന്ന അകത്തളങ്ങൾ അല്ലായിരുന്നു, ഇരുട്ട് മൂടി കിടക്കുന്ന ആ മുറികൾ ഞങ്ങളുടെ പല കുസൃതികൾക്കും  സാക്ഷ്യം വഹിച്ചിട്ടുണ്ട് . മച്ചിന്റകത്തെ പത്തായത്തിൽ ആരും കാണാതെ ഉമ്മ പഴുക്കാൻ വെച്ചിരുന്ന പഴക്കുല ഉമ്മ അറിയാതെ എടുത്ത് തിന്നു പഴത്തൊലി മാത്രം പത്തായത്തിൽ ശേഷിച്ചത് കണ്ട് അന്തം  വിട്ടിരുന്ന ഉമ്മാനെ നോക്കി കുസൃതിച്ചിരി ചിരിച്ച വയറാവു , വേലക്കാരുടെ പ്രണയ ചാപല്യങ്ങൾ വെല്ലിമ്മാടെ ദിക്റുകൾ. അന്നത്തെ ഓരോ വൈകുന്നേരത്തിനും ഭക്തിയുടെ നിറമായിരുന്നു കൂടുതൽ പടിഞ്ഞാറേ പറമ്പിലെ പാമ്പും കാവിൽ വിളക്ക്  വെക്കാൻ വരുന്ന അപ്പുറത്തെ ചേച്ചിയുടെ 'ദീപം ദീപം..' എന്ന മന്ത്രണവും ഞങ്ങളുടെ ഖുറാൻ ശീലുകളും ഒരുമിച്ച് അന്തരീക്ഷത്തിൽ അലയടിക്കും മുനിഞ്ഞു കത്തുന്ന ചിമ്മിനിയുടെ പ്രകാശത്തിൽ കുട്ടികൾ പഠിക്കുമ്പോൾ വൈകുന്നേരത്തെ പണിയൊക്കെ ഒതുക്കി കുളിച്ച്  അടുത്ത വീട്ടിലെ ചേച്ചിമാരിൽ  നിന്നും വാങ്ങി കൊണ്ടുവന്ന മാസികകളും വാരികകളും നോവലുകളും വായിക്കുന്ന തിരക്കിലാവും മുതിർന്നവർ.
മകര മാസത്തിലെ തണുപ്പിനോടൊപ്പം  പറമ്പ് നിറയെ ഓല വെട്ടിയിട്ടിട്ടുണ്ടാവും.വൃശ്ച്ചിക  കാറ്റിനോടൊപ്പം വീണു കിടക്കുന്ന കണ്ണിമാങ്ങകൾ അവ പെറുക്കി കൂട്ടി നാലായരിഞ്ഞ്  ഉപ്പും മുളകും ഇത്തിരി വെളിച്ചെണ്ണയും തൂവി പച്ചോല മടലുകൾ ചേർത്തുവെച്ചുണ്ടാക്കിയ ഉണ്ണിപ്പുരയിൽ വലിഞ്ഞ്  കേറിയിരുന്ന് തിന്നുമ്പോൾ ആ ഉണ്ണിപ്പുരയെക്കാൾ വലുപ്പം മറൊന്നിനുമുണ്ടായിരുന്നില്ല.
മെടഞ്ഞ ഓലകൾ താളത്തിൽ മേലോട്ടിടുമ്പോൾ അതു പിടിച്ചെടുത്ത് ,അരയിൽ  കെട്ടിവെച്ച  കൊതുമ്പു നാരുകളാൽ  താളത്തിൽ വേഗത്തിൽ കെട്ടിയുറപ്പിക്കുമ്പോൾ പലപ്പോഴും ഞാൻ അന്തം  വിട്ട നോക്കി നിന്നിട്ടുണ്ട്, പുരകെട്ട്  കഴിഞ്ഞാൽ ശർക്കരയും തേങ്ങയുമെല്ലാം ചേർത്തൊരു "കറി " കുടിക്കാൻ കിട്ടും. ഈ പായസത്തിനെന്താണ് കറിയെന്ന്  പറയുന്നതെന്ന് എന്നിലെ ഭാഷാ സ്നേഹി ഒത്തിരി തവണ ചിന്തിച്ചിട്ടുണ്ട്.

ഓരോ വേനലവധികളും ആ വീടിനെ കോരിത്തരിപ്പിച്ചു. ഓരോ മാമ്പഴകാലത്തും പച്ചയും പഴുത്തതുമായ നിരവധി മാങ്ങാ ചാക്കുകൾ അണ്ടി മാത്രമായി ആ മുറികളിലൂടെ പിന്നിലെ തോട്ടിരംബിലേക്ക്  വലിച്ചെറിയപ്പെട്ടു പഴുത്ത ചക്കയുടെ നറും മണവും കശുമാങ്ങയുടെ ചുണ പറ്റി പൊള്ളിയ കവിൾത്തടങ്ങളും ഓരോ വേനലിലും മാറികൊണ്ടിരുന്നു..

എത്ര എത്ര കല്യാണങ്ങൾ ..സദ്യവട്ടങ്ങൾ .!

ഞാൻ കോളേജു വിട്ട് വീട്ടിലെത്താൻ ഇത്തിരി താമസിച്ചാൽ കത്തുന്ന നെഞ്ചോടെ മുന്നിലെ മുള ക്കൂട്ടത്തിന്നടുത്ത്  എന്നെ കാത്ത് നിന്നിരുന്ന എന്റെ  ഉമ്മാനെ ഞാൻ എത്ര കളിയാക്കിയിട്ടുണ്ട് ഇന്നീ മണൽക്കാട്ടിൽ മക്കളുടെ സ്കൂൾ ബസ് വരാൻ ഇത്തിരി വൈകുമ്പോൾ ഏതോ ലോകത്തിരുന്നു ഉമ്മയെന്നെ കളിയാക്കി ചിരിക്കുന്നതായെനിക്ക് തോന്നാറുണ്ട്..

വെല്ലിമ്മ,ഉമ്മ,ഉപ്പ...ഒക്കെ മരിച്ചിറങ്ങി  പോയ വീട്.. ഇന്നാ വീടില്ല..എങ്കിലും ഏഴു കടലുകൾക്ക്  ഇപ്പുറത്തിരുന്നു  ഞാൻ  ഓർക്കാറുണ്ട് ..സ്കൂൾ വിട്ട്  ഓടി വരുന്ന എന്നെ കാത്തിരുന്ന  എന്റെ ഉപ്പാനെ..ഓരോ വേനലവധിക്കും വന്നിരുന്ന ഇത്തമാര്‍ക്കും കുട്ടികൾക്കുമായി  പലഹാരങ്ങളുമായി കാത്തിരുന്ന എന്റെ ഉമ്മ  ഇന്നുമാ വീടിന്റെ ഉമ്മറപ്പടിയിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടാവുമെന്നു വെറുതെ മോഹിക്കുവാന്‍ ...


മാധ്യമത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച അമലുവിന്റെ ലേഖനം .

സ്വര്‍ഗം തേടിയ നോമ്പുകള്‍


ഒരു മീനച്ചൂടിലാണ് ജീവിതത്തിലാദ്യമായി ഞാന്‍ നോമ്പിനെ അറിഞ്ഞത്. അന്നെനിക്ക് അഞ്ചര വയസ്സ് പ്രായം. ഞങ്ങള്‍ ഒമ്പതു മക്കളായിരുന്നു. മൂന്ന് ഇത്തമാരുടെ വിവാഹം കഴിഞ്ഞിരുന്നു. കല്ല്യാണം കഴിച്ചയച്ചത് ദൂരത്തേക്കായതിനാല്‍ വേനലവധിക്കാണ് ഇത്തമാരും കുട്ടികളുമെല്ലാം വീട്ടിലെത്തുക. വീട്ടില്‍ ഒമ്പതാമനായിരുന്നതിനാല്‍ എനിക്ക് കുഞ്ഞിമ്മാന്നു വിളിപ്പേരു കിട്ടി. ഇവരെ കൂടാതെ അടുത്ത ബന്ധത്തിലുള്ള യത്തീമായ ഒരു കുട്ടി, അയല്‍പക്കത്തെ ദരിദ്രകുടുംബത്തിലെ ഇക്ക ഇവരെല്ലാം ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായിരുന്നു. പിന്നെ ഉപ്പായുടെയും ഉമ്മായുടെയും ഉമ്മമാരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സന്തുഷ്ട കുടുംബം.
ഉപ്പാക്ക് കടുത്ത പ്രമേഹമായതിനാല്‍ നോമ്പെടുക്കാനാവുമായിരുന്നില്ല.ഞാന്‍ ആദ്യമായി നോമ്പെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ട്യോള്‍ടെ നോമ്പ് മാതാപിതാക്കള്‍ക്കുള്ളതാണെന്ന്
ഉപ്പ സന്തോഷത്തോടെ പറഞ്ഞു. ‘ഇന്‍െറ മോളെ നോമ്പ് ഉപ്പാക്കാണോ ഉമ്മാക്കാണോ’ന്ന് ചോദ്യത്തിന് എന്നും ഉപ്പക്കുട്ടിയായിരുന്ന എനിക്ക്, ഉപ്പാക്കെന്നു പറയാന്‍ തെല്ലും ചിന്തിക്കേണ്ടിവന്നില്ല.
രാത്രിയില്‍ ഉപ്പയും ആണ്‍കുട്ടികളെല്ലാവരും പൂമുഖത്തെ കോലായിലാണ് കിടക്കുക. രണ്ടര മൂന്നു മണിയാവുമ്പോഴാണ് അത്താഴത്തിനെഴുന്നേറ്റത്. ചൂടുചോറും ചുട്ടരച്ച ചമ്മന്തിയും കട്ടിത്തൈരും കൂട്ടി എല്ലാവരും ചോറുണ്ടു. സുബ്ഹ് ബാങ്ക് കൊടുക്കുന്നതുവരെ എല്ലാവരും കൂടിയിരുന്നു ഖുര്‍ആന്‍ പാരായണം. ഇതിനിടയില്‍ പഴവും തേങ്ങാപ്പാലും അവിലുംകൂട്ടി പിഴിഞ്ഞത് ഓരോ ഗ്ളാസ് കിട്ടും. ഏറ്റവുമാദ്യം ഖത്തം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്മാനവുമുണ്ടാവും.
ആദ്യത്തെ നോമ്പെടുത്ത ദിവസം രണ്ടു മണിവരെ ഒരുവിധം പിടിച്ചുനിന്നു. രാവിലെ മുതല്‍ മാവിന്‍ചുവട്ടിലും കൊത്തങ്കല്ല് കളിക്കുന്നിടത്തും സജീവമായിരുന്ന ഞാന്‍ ഉച്ചച്ചൂട് സഹിക്കാനാവാതെ തൊണ്ടവരണ്ട് ഒരിറ്റു വെള്ളത്തിനായി കൊതിച്ചു. വെള്ളം കിട്ടാതെ ഞാന്‍ മരിച്ചുപോവുമോയെന്നൊരു ഭീതി എന്നെ തളര്‍ത്തി. വീട്ടിലെ രണ്ട് വല്യുമ്മമാര്‍ തളര്‍ന്ന എന്‍െറ മുഖത്ത് നോക്കി ‘മോളതിനൊന്നും ആയില്ല. കുട്ട്യോള്‍ക്ക് ഉച്ചവരെ നോറ്റാല്‍ മതി’യെന്നുപറഞ്ഞ് ആശ്വസിപ്പിച്ചു. രണ്ടു മണിയായപ്പോള്‍ ഉമ്മ പറഞ്ഞു, ഇത്രനേരം നോമ്പെടുത്തില്ലേ, ഇനി കുറച്ചുനേരം കൂടിയല്ലേ, ഉമ്മാടെ പൊന്ന് നോമ്പെത്തിക്കൂന്ന്. വീണ്ടും കളിക്കൂട്ടത്തിലേക്ക് തിരിച്ചിറങ്ങിയ ഞാന്‍ മൂന്നു മണിയായപ്പോള്‍ കളിക്കിടയില്‍ നിന്നോടിവന്ന് പുറത്തെ പൈപ്പില്‍നിന്ന് വെള്ളം ആര്‍ത്തിയോടെ കോരിക്കുടിച്ചു. ആ വെള്ളം ഇറങ്ങിപ്പോകുമ്പോള്‍ ഞാനന്നുവരെ അനുഭവിക്കാത്ത തണുപ്പനുഭവപ്പെട്ടു. അന്നനാളത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ്. നോമ്പുമുറിച്ച എന്നെ നോക്കി, കൊടുംപാതകം ചെയ്തതുപോലെ നില്‍ക്കുന്ന കളിക്കൂട്ടത്തില്‍ നിന്ന് ഒരു കുറുമ്പന്‍ ‘അമലു നോമ്പുമുറിച്ചേ’ എന്നോളിയിട്ട് അകത്തേക്കോടി.
‘ഇത്രനേരം നോമ്പെടുത്തിട്ട്’ ഉമ്മാടെ സ്വരത്തിലെ നിരാശ എന്‍െറ കണ്ണുകളില്‍ എരിവായി പെയ്തിറങ്ങി. രാവിലെ മുതല്‍ കരുതിവെച്ച ഞാവല്‍പഴങ്ങള്‍, കാക്ക കൊത്തിയിട്ട മൂവാണ്ടന്‍ മാങ്ങയുടെ മുറിച്ചുവെച്ച കഷണങ്ങള്‍ , പഴുത്തൂര്‍ന്നുവീണ അയിനിച്ചക്കയുടെ മണ്ണാവാത്ത പഴം... പാത്രത്തില്‍ മൂടിവെച്ചിരുന്നതെല്ലാം പുറത്തേക്കെറിഞ്ഞ്, ഞാന്‍ പായയില്‍ മുഖമമര്‍ത്തി കമിഴ്ന്നുകിടന്നു. ‘ഉപ്പപ്പ വന്നാല്‍ അനക്കിന്ന് കിട്ടിക്കോളു’മെന്നുപറഞ്ഞ് കളിക്കൂട്ടങ്ങള്‍ എന്നെ പേടിപ്പിച്ചു. ഉപ്പ അരികില്‍ വന്നിരുന്ന് ‘ഉപ്പാടെ കൂലി പോയല്ലോ’ എന്നു പറഞ്ഞപ്പോള്‍ ഞാനൊന്നൂടെ തേങ്ങി. ‘സാരോല്ല, ആദ്യത്തെ നൊമ്പല്ലെ, അതിത്രക്കൊക്കെ മതി’യെന്നു പറഞ്ഞ് തഴുകിയപ്പോള്‍ ഞാനാ മടിയില്‍ തലവെച്ചങ്ങനെ കിടന്നു. പിറ്റേന്നെന്നെ അത്താഴത്തിന് വിളിക്കണമെന്ന് ഉപ്പാനെ പറഞ്ഞേല്‍പിച്ച് കൈയിലടിച്ച് സത്യം ചെയ്യിച്ചാണ് കിടന്നുറങ്ങിയത്.
ഉപ്പ എന്നെ അത്താഴത്തിന് വിളിക്കുമ്പോള്‍ ഉമ്മയും വല്യുമ്മമാരും ‘‘കുട്ടീനെക്കൊണ്ട് പറ്റൂല്ല, വെറുതെ അതിന്‍െറ ഉറക്കം കളയണ്ടാ’’എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ വാശിയോടെ ഞാന്‍ ഉപ്പാടെ ചെവിയില്‍ മന്ത്രിച്ചു.‘‘എന്‍െറ നോമ്പിന്റെ കൂലി ഉപ്പാക്കു മാത്രാട്ടോ. ഇന്നലെ ഞാന്‍ ഉമ്മാക്കും കൂടി കിട്ടിക്കോട്ടേന്ന് വിചാരിച്ചേരുന്നു. ഇനി ഉപ്പാക്കു മാത്രം മതി’’.
പിറ്റേന്ന് ദാഹത്തേക്കാളും കത്തിക്കാളുന്ന വിശപ്പിനേക്കാളും എന്റെ ഉപ്പാക്ക് റബ്ബ് കൊടുക്കുന്ന സ്വര്‍ഗമെന്ന പൂങ്കാവനത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ വാശിയോടെ നോമ്പുപിടിച്ചു. ഉപ്പാനെ കാണാന്‍ വന്ന വിരുന്നുകാരന്‍ കൊണ്ടുവന്ന കമറുകട്ടക്കോ പഞ്ചാരമണലില്‍ വീണുകിടക്കുന്ന മൂവാണ്ടന്‍ മാങ്ങകള്‍ക്കോ എന്‍െറ തീരുമാനത്തെ ഇളക്കാനായില്ല. വൈകുന്നേരം മഗ്രിബ് ബാങ്കിന് ചെവിയോര്‍ത്ത് കോലായിലെ പായയില്‍ ഒടിഞ്ഞുതൂങ്ങിയിരിക്കുമ്പോഴും ഉള്ളില്‍ അണയാത്ത ഊര്‍ജമായിരുന്നു.
പതിനൊന്നാം വയസ്സില്‍ ‘എന്‍െറ മക്കളെ കണ്ട് കൊതിതീര്‍ന്നില്ലല്ലോ എന്‍െറ റബ്ബേ’ എന്നു കേണുകൊണ്ടെന്‍െറ ഉപ്പ ഞങ്ങളെ വിട്ട് ഇഹലോകത്തില്‍നിന്ന് പോയശേഷം വന്ന ഓരോ റമദാനിലും ഞാനെന്‍െറ ഉപ്പാക്ക് സ്വര്‍ഗത്തിലൊരിടത്തിനായി കേണു, മുഴുവന്‍ നോമ്പും എടുത്തു. പെരുന്നാള്‍ തലേന്ന്, ‘‘ന്‍റെ മോള്‍ നോമ്പെടുത്തതല്ലേ’’ എന്നു പറഞ്ഞ് ഉപ്പ തരാറുള്ള പുത്തനുടുപ്പ് ഇന്നില്ല. എന്റെ പതിനേഴാം വയസ്സില്‍ ഒരു നോമ്പുകാലത്ത് പോരിശയാക്കപ്പെട്ട അവസാനത്തെ പത്തില്‍ നോമ്പോടുകൂടി ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞു. അന്നുമുതല്‍ ഓരോ നോമ്പിനും ഞാനെന്‍റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ഒരുപോലെ പ്രാര്‍ഥിക്കാന്‍ തുടങ്ങി.
അമലുവിന്റെ കൂടുതല്‍ രചനകള്‍ വായിക്കാന്‍ ബ്ലോഗ്‌ സന്ദര്‍ശിക്കാം ..: പിടിച്ചു കയറാന്‍ ഒരു പൂമരം

തൊഴിയൂരിലെ നായാടി കോളനികൾ .


(മാതൃഭൂമി ദിനപത്രത്തില്‍ വന്നത്)
വംശ നാശം വന്നുകൊണ്ടിരിക്കുന്ന നായാടി കോളനികൾ .
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദേശത്തെ കപ്പിയൂര്‍ മംഗലത്ത് മനക്കലെ തമ്പ്രാക്കള്‍ തങ്ങളുടെ പൂര്‍വ്വികര്‍ക്ക് നല്‍കിയ സ്ഥലമാണിതെന്നുമാത്രമെ തൊഴിയൂര്‍ നായാടിക്കോളനിയിലെ എഴുപതുകാരിയായ പുന്നയൂര്‍ രമണിക്ക് അറിയൂ. പൊന്നാനിയില്‍ നിന്ന് പതിനാറാം വയസ്സിലാണ് രമണി തൊഴിയൂരിലേക്ക് വിവാഹം കഴിച്ചെത്തിയത്. അന്നുമുതല്‍ ഇന്നുവരെ ഇവിടെ ജീവിക്കുന്നു. അമ്പത്തിനാലുവര്‍ഷമായി വോട്ടുചെയ്തിട്ടില്ല. അന്നും ഇന്നും ഒരേപോലെയുള്ള ഓലക്കൂരയില്‍ ജീവിക്കുന്നു. ഇക്കാലമത്രയും റേഷന്‍ കാര്‍ഡ് ലഭ്യമായില്ല. വീടിനു നമ്പറില്ല, പട്ടയമില്ല, വൈദ്യുതിയില്ല. ഈ വര്‍ഷം മഴ കനത്തതിനാല്‍ ഓലമേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നു. തൊഴിയൂര്‍, പൂക്കോട്ടുപഞ്ചായത്തിലായിരുന്ന കാലത്ത് റേഷന്‍ കാര്‍ഡിന്റെ രേഖകള്‍ക്കായി വില്ലേജോഫീസും മറ്റും കയറിയിറങ്ങി. ബ്ലോക്കോഫീസുവഴി ആനുകൂല്യങ്ങള്‍ക്കു ശ്രമിച്ചു. ഒന്നും കിട്ടിയില്ല. അഞ്ചുവര്‍ഷം മുമ്പ് സ്വന്തമായി കിടപ്പാടവും വീടും ഉണ്ടാക്കുന്നതിനായുള്ള രേഖകള്‍ ലഭിക്കാന്‍ കളക്ടര്‍ക്ക് നിവേദനം നല്കിയെങ്കിലും ഫലമുണ്ടായില്ല.
തൊഴിയൂര്‍ പ്രദേശം ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയുടെഭാഗമാക്കിയപ്പോള്‍ നായാടിക്കോളനി മുനിസിപ്പാലിറ്റിയുടെ ഭാഗമായി. ഇക്കാലമത്രയും യാതൊരു വിധ ആനുകൂല്യങ്ങളും ലഭിച്ചില്ല. റേഷന്‍ മണ്ണെണ്ണ വാങ്ങാന്‍ കഴിയാത്തതുകൊണ്ട് മെഴുകുതിരി കത്തിച്ചുവെയ്ക്കുന്നു. പകല്‍ മുഴുവന്‍ മുറിമരുന്നു ശേഖരിയ്ക്കലും ആമപിടിത്തവുമൊക്കയായി കഴിയുന്നു. അടുത്തകാലങ്ങളിലായി മറ്റു കൂലിപ്പണിക്കും പോയിത്തുടങ്ങി. മഴയായതിനാല്‍ പണിയില്ലാതായി. വീടിന്റെ തറ സിമന്റിട്ടിട്ടില്ല. ചുമരുകളുടെ സ്ഥാനത്ത് ഓലയും പരസ്യക്കാര്‍ ഉപേക്ഷിച്ച കീറിയ ഫ്‌ളക്‌സുകളും ഉപയോഗിച്ചു മറച്ചിരിക്കുന്നു. ഭര്‍ത്താവ് മരിച്ചതിനുശേഷം രമണി ഒരു തമിഴ്‌നാട്ടുകാനെ വിവാഹം കഴിച്ചു. പണ്ടുണ്ടായിരുന്ന നായാടിക്കുടുംബങ്ങള്‍ പലതും പലയിടങ്ങളിലേക്കുപോയി. രമണിയുടെ മക്കളും സഹോദരങ്ങളുമൊക്കയായി ഇപ്പോള്‍ മൂന്നു കുടിലുകള്‍ മാത്രമാണുള്ളത്. പ്രദേശം ഷോപ്പിങ് കോംപ്ലക്‌സുകളും വ്യാപാരസ്ഥാപനങ്ങളും മറ്റും വന്ന് വികസിച്ചപ്പോള്‍ നായാടിക്കോളനി മാത്രം മാറ്റമില്ലാതെ തുടര്‍ന്നു. ഗുരുവായൂര്‍- പൊന്നാനി സംസ്ഥാന പാതയോരമായതിനാല്‍ ഭൂമിക്ക് നല്ല വിലയായപ്പോള്‍ ഭൂമാഫിയ പ്രലോഭനങ്ങളുമായി കോളനിക്ക് ചുറ്റുമുണ്ട്. 
നായാടിക്കോളനിയെ കുടിയൊഴിപ്പിക്കാനുള്ള അണിയറ ശ്രമങ്ങള്‍ നടത്തുന്നു. എന്തുവന്നാലും തങ്ങളുടെ മണ്ണില്‍ ഉറച്ചു ജീവിക്കാനാണ് കോളനി വാസികളുടെ തിരുമാനം. അധികൃതരും സാമൂഹിക സന്നദ്ധ സംഘടനകളും സഹായിച്ചാല്‍ ഇവര്‍ക്ക് ചോര്‍ന്നൊലിക്കാത്ത സ്വന്തം വീട്ടില്‍ ജീവിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളെ വോട്ടര്‍ പട്ടികയിലെങ്കിലും ചേര്‍ത്ത് സഹായിക്കണമെന്നാണ് ഇവരുടെ അപേക്ഷ. തങ്ങളുടെ കുട്ടികളെ നല്ലരീതിയില്‍ വിദ്യാഭ്യാസം ചെയ്യിച്ച് നല്ലഭാവിയിലെത്തിക്കാന്‍ രമണിയും കുടുംബവും പ്രാര്‍ത്ഥനയോടെ കഴിയുന്നു.

ബഫറിംഗ്.

സമീർ മത്രംകോട്  സഹൃദയനും കലാതൽപരനുമായ ഒരു തൊഴിയൂർ നിവാസി കഴിഞ്ഞ എട്ടു വർഷങ്ങളോളമായി  പ്രവാസിയായി ഖത്തറിലുണ്ട് , സുനേന നഗറിൽ മത്രംകോട് മൊയ്തുട്ടി, ആമിനു ദമ്പതികളുടെ നാലുമക്കളിൽ ഇളയനായ സമീർ രണ്ടു വർഷത്തിലേറെയായി ഖത്തർ എയർ വൈസിൽ  അക്കൌന്റ്സ് ഡിപ്പാർട്ട്മെന്റിൽ ജോലിനോക്കി വരുന്നു ,സലിം മത്രംകോട് (ഫോട്ടോ ജേർണലിസ്റ്റ് -പെനിൻസുല ,ഖത്തർ ) ബഷീർ അഹമ്മദ് ( ടൂറിസ്റ്റ്‌ട്രാവെൽ ബ്യൂറോ , അൽ -ഖോർ , ഖത്തർ ) മുജീബ് റഹ്മാൻ (കാപ്കോ,ഖത്തർ ) എന്നിവർ  സഹോദരങ്ങൾ , ഭാര്യ യംസിയ   ഒരു മകൻ ഷുഹൈബ്  (രണ്ടു വയസ്സ് ) 
താഴെ ചേര്‍ക്കുന്ന ലേഖനം ഫോകസ് ഖത്തർ പുറത്തിറക്കിയ ദോഹ യൂത്ത് കോണ്‍ഫറൻസ്‌ സോവനീരിൽ സമീറിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടതാണ് .
(സമീര്‍ കോളേജ്‌ പഠന കാലത്ത് )
പച്ചവിരിച്ച് നില്‍ക്കുന്ന പാടങ്ങളും, ചെമ്പക പൂവിന്റെ  മണമുള്ള എന്റെ‌ വീട്ടുമുറ്റവും , കണിക്കൊന്ന പൂത്തുനില്‍ക്കുന്ന എന്റെ ഗ്രാമ ഭംഗിയുംവിട്ട് സന്ദര്‍ശന വിസയില്‍ ദോഹയില്‍ എത്തിയത് മുതല്‍ ഇത് പ്രവാസത്തിന്റെ എട്ടാം വര്‍ഷം .
ആദ്യ മൂന്നു വര്‍ഷം  തീര്‍ത്തും ഒരു കുടുംബാന്തരീക്ഷം തന്നെയായിരുന്നു .ഇക്കമാരും അവരുടെ കുടുംബവും പിന്നെ വളരെ കുറച്ചു സുഹൃത്തുക്കളുമായിട്ടുള്ള ഒരു ചെറിയ ലോകം .നാട് വിട്ടു വന്നതിന്റെ വിഷമങ്ങളോ പിരിമുറുക്കങ്ങളോ  ഒന്നും അനുഭവിച്ചരിയാതെയുള്ള ദിനങ്ങള്‍.
പിന്നീട് പലപ്പോഴായി പരിചയപ്പെട്ട ഗള്‍ഫ്‌  സൌഹൃദങ്ങള്‍ ബാച്ചിലര്‍ റൂമുകളിലെ താമസത്തിന് വഴിയൊരുക്കി ,പല സ്ഥലങ്ങളിലായി ചെറിയ ഇടവേളകളില്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലക്കാരുമയുള്ള ജീവിതം, പ്രവാസത്തിന്റെ ആ നീരൊഴുക്കിലേക്ക് കുറേശെ കുറേശെയായി ഞാന്‍ ഊര്‍ന്നിറങ്ങുകയായിരുന്നു .
ആദ്യം അല്‍ ഖോറില്‍,എന്റെ സമീപ നാട്ടുകാര്‍ തന്നെയായ ഒരു ജോലിയില്ലാ പട്ടാളവുമായായി പിന്നെ എന്റെ ചങ്ങാത്തം , സ്വപനങ്ങള്‍ നെയ്തു കൂട്ടി അവയ്ക്ക് മുകളില്‍ അടയിരിക്കുന്ന പൊന്മുട്ടയിടാത്ത താറാവ് കൂട്ടങ്ങള്‍! ഒരു കൂരവെക്കാന്‍ ,സഹോദരിയെ മാന്യമായി കെട്ടിച്ചുവിടാന്‍ ,പിതാവിന്റെത കടങ്ങളും ജോലിഭാരവും ഒഴിവാക്കി ഒരു കൈ താങ്ങായി മാറാന്‍ അങ്ങിനെയങ്ങിനെ നിരവധി സ്വപ്നങ്ങള്‍ നെഞ്ചില്ട്ട് തിരിച്ചും മറിച്ചും കൂട്ടിയും കിഴിച്ചും സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുന്ന പ്രവാസി കൂട്ടം .
ആ കൂട്ടായ്മക്ക് ഞങ്ങള്‍ ‘തണ്ടര്‍ ബോയ്സ് ‘എന്ന് പേരിട്ടു .ക്രിക്കറ്റും ,കാരംസും ,വൈകുന്നേരങ്ങളിലെ കോര്‍ണീഷ് ചുറ്റലുമൊക്കെയായി കുറച്ചു നല്ല നാളുകള്‍ . പിന്നെ ജോലി തരപ്പെട്ടപ്പോള്‍ പലരും പലവഴിക്ക് പിരിഞ്ഞു .
ഞാന്‍ വീണ്ടും ദോഹ ഷാര കഹ്രുബയിലേക്ക്, അതൊരു കണ്ണൂര്‍ നിവാസികളുടെ വില്ല.
പാനൂര്‍ സ്വദേശിയും I.C എന്ന് ഇഷ്ടത്തോടെ വിളിക്കുന്ന അബ്ദുല്‍ അസീസ്‌ ആണ് അവിടെയൊരു താല്‍ക്കാലിക ബെഡ് സ്പൈസ് ശെരിയാക്കി തന്നത്.
“വൈദ്യര്‍ പശുവിനെ തല്ലിയാല്‍ എല്ലായിടത്തും മര്‍മ്മം എന്ന് പണ്ടാരോ പറഞ്ഞത് പോലെ മൂട്ടക്കും പാറ്റക്കും ഒഴിച്ച് ഒരുപാട് നിയമങ്ങളും ,നോട്ടീസ് ബോര്‍ഡും ,ഇടയ്ക്കിടെ വരുന്ന താക്കീതുകളും ഒക്കെയായി ഒരു കിടിലന്‍ സ്ഥലം.
എങ്കിലും ശെരിക്കും അടുക്കും ചിട്ടയുമുള്ള ഒരു ബാച്ചിലര്‍ താമസക്കരനാക്കി എന്നെ മാറ്റിയത് അവിടുത്തെ താമസമാണ് എന്ന് പറയാതെ വയ്യ.
തൊട്ടടുത്തുള്ള അല്‍ ഗാനം മസ്ജിദില്‍ റഊഫ് മഅദനിയുടെ വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ ആ നാളുകളില്‍ എനിക്ക് കിട്ടിയ വലിയൊരു അനുഗ്രഹമായിരുന്നു.അവിടെ നിന്ന് കിട്ടിയ സൌഹൃദങ്ങള്‍ എന്നെ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിലേക്ക് അടുപ്പിച്ചു.ജോലിക്കിടെ ഉച്ച ഭക്ഷണം ഇസ്ലാഹി സെന്റര്‍ മെസ്സില്‍ നിന്നായി.
അവിടുത്തെ ഉച്ച ഭക്ഷണവും,ചര്‍ച്ചകളുമാണ് ഖത്തറിലെ യുവത്വത്തിന്റെ് പ്രതീകമായ ‘ഫോകസ് ഖത്തര്‍ ‘എന്ന യുവജന പ്രസ്ഥാനത്തിലേക്ക് എന്നെ അടുപ്പിച്ചത്.
മൂല്യവത്തായ ഒരു യുവജന പ്രസ്ഥാനം എങ്ങിനെ ആയിരിക്കണമെന്ന് തിരിച്ചറിയുകയായിരുന്നു ഫോകസ് ഖത്തറിലൂടെ  ഞാന്‍ . ഒരു പുരുഷന്റെ തീഷ്ണമായ യൌവ്വന കാലം എങ്ങിനെ ചിലവഴിക്കണമെന്നു അനുഭവങ്ങളിലൂടെ പടിച്ചിച്ചുതരികയായിരുന്നു ഫോകസ് ഖത്തര്‍ .
നാട്ടിലെ സാംസ്കാരിക  സംഘടന ഭാരവാഹിത്വ പരിചയം വളരെയെളുപ്പം എന്നെ ‘ഫോകസ് ഖത്തറിലേക്ക് ‘അടുപ്പിച്ചു.
(മകന്‍ ശുഹൈബിനോടൊപ്പം)
‘ഫോകസ് ഖത്തര്‍ ‘സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിയുള്ള പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ ജീവിതത്തിന്റെ വസന്തകാലത്തില്‍ നിന്നും പാര്ശ്വവൽക്കരിക്കപെട്ട ലേബര്‍ ക്യാമ്പുകളില്‍ പ്രയാസം അനുഭവിക്കുന്ന യാഥാര്ത്ഥ  പ്രവാസിയെ നേരിട്ട് കാണാനും അവരുടെ ദുരിതങ്ങളില്‍ ആശ്വാസത്തിന്റെ ഒരു മെഴുകുതിരി വെട്ടമെങ്കിലും പകർന്നു നൽകാനും ഫോകസ് ഖത്തറുമായുള്ള പ്രവര്ത്തനം കൊണ്ട് കഴിഞ്ഞു എന്നുള്ളത് ഇവിടെ എനിക്ക് കിട്ടിയ സൌഭാഗ്യമാണ് . ഒപ്പം ഒരുപാട് നല്ല വ്യക്തിബന്ധങ്ങളും ഫോകസ് എനിക്ക് നല്കിയിട്ടുണ്ട് .
ഇതിനിടയില്‍ ജോലിയുടെ ഭാഗമായി ദോഹയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടു മൂന്നു താല്‍ക്കാലിക സങ്കേതങ്ങള്‍  മാറി .ഇടയ്ക്കിടെ നാട്ടില്‍ പോയി വരുന്നതുകൊണ്ടാണീ മാറ്റങ്ങള്‍ .
ഒടുവിലായി എയര്‍പോര്‍ട്ടിന് അടുത്തായി ഒരു പാര്‍ട്ടി ഹാല്‍  താമസം.
മലപ്പുറം ,കോഴിക്കോട് ,തിരുവനന്തപുരം ,കണ്ണൂര്‍ ,കൊല്ലം ജില്ലക്കാരും ,പിന്നെ ഒരു ഹൈദ്രാബാദിയും ഞാനടക്കമുള്ള കുറച്ചു തൃശൂര്ക്കാരും.
തൊട്ടടുത്ത റൂമുകളില്‍ മുംബൈക്കാരും ,പിന്നെ കാസര്ഗോഡ്‌കാരും.
ഓര്ത്തു വെക്കാന്‍ നല്ല ചിന്തകളും ,അതിലേറെ ഓർത്തോർത്തു ചിരിക്കാന്‍ കുറെ നര്‍മ്മ മൂഹൂര്ത്തങ്ങളും ഇവിടെ നിന്നും എനിക്ക് കിട്ടി .
സ്വന്തമായി എംബസി അവകാശപെടുന്ന കാസര്‍ഗോഡ് സുഹൃത്തുക്കള്‍ ചിരിക്കാനുള്ള വക ഏറെ നല്കിയിട്ടുണ്ട്.
(കൂടെ  ജേഷ്ടന്‍ ബഷീര്‍ )
തലസ്ഥാന നഗരിയുടെ ഭാഗമാണെന്നു മേനി പറയുന്ന തിരുവനന്തപുരം അപ്പികള്‍ ,ഭാഷാ പിതാവിന്റെ നാട്ടുകാരെന്നു  ‘പോരിശ’പറയുന്ന മലപ്പുറം ‘കത്തികള്‍’ തലശ്ശേരി ബിരിയാണിയുടെ വമ്പു മായി കണ്ണൂര്‍.. സാംസ്ക്കാരിക തലസ്ഥാനത്തിന്റെയും, ലോകത്തിലെ ഏറ്റവും വലിയ ‘റൌണ്ട് എബൌട്ട്‌ ആയ തേക്കിന്‍ കാട് മൈതാനത്തിന്റെയും ഹുങ്ക് പറഞ്ഞു ജില്ല അടിസ്ഥാനത്തിലുള്ള ഈ വീമ്പ് പറച്ചിലില്‍ ഞങ്ങള്‍ ‘തൃശൂര്‍ ‘ക്കാരും ഒട്ടും കുറഞ്ഞു നിന്നില്ല.
ഇതുവരെ താമസിച്ച സ്ഥലങ്ങളില്‍ ഇന്റര്നെറ്റ് ഷെയറിംഗ് സൗകര്യം ഉണ്ടായിരുന്നു, പക്ഷെ ഇവിടെ ഞങ്ങള്‍ സ്വയം കണക്ഷന്‍ എടുക്കാന്‍ നിര്ബന്ധിതരായി .
മാസ വരിസംഖ്യ പങ്ക് വെക്കാന്‍ മുന്നോട്ട് വന്ന കാസര്ഗോഡ്‌ ചോട്ടാ ബായ് ആദ്യമേ തന്നെ ഒരു പരാതി മുന്നോട്ടു വെച്ചു നെറ്റ്  ജാസ്ത്തി കറങ്ങുന്നൂ എന്നായിരുന്നു ആ പരാതി .
സത്യത്തില്‍ ചോട്ടാ ബായ് (ഇങ്ങനെയാണ് ഞങ്ങള്‍ അദ്ധേഹത്തെ വിളിക്കുന്നത്‌ ) പറഞ്ഞതിന്റ പൊരുള്‍ എനിക്ക് പിടികിട്ടിയില്ല .കൂടുതല്‍ പേർക്ക്  വൈഫൈ പാസ്സ്‌വേര്ഡ് കൊടുക്കേണ്ടി വരും എന്നായിരിക്കും അയാൾ  ഉദ്ദേശിച്ചത്‌ എന്ന് ഞാന്‍ ഊഹിച്ചു .
രണ്ടാഴ്ച കഴിഞ്ഞു ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സന്തോഷത്തോടെ ഓടി വന്ന് ‘ചോട്ടാ ബായ്’ എന്നോട് പറഞ്ഞു “ഇക്ക നെറ്റ് കറക്കം കുറഞ്ഞു ഇപ്പൊ നല്ല സൂപ്പര്‍ ആണെന്ന് .
പിന്നീട് ഞാന്‍ അന്വേഷിച്ചു  നോക്കിയപോഴല്ലേ ‘ചോട്ടാ ബായ്’ ഉദേശിച്ച കറക്കം എന്താണെന്ന് എനിക്ക് മനസ്സിലായത് അത് മറ്റൊന്നുമായിരുന്നില്ല സുഹൃത്തുക്കളെ ...
ഇന്റര്നെറ്റില്‍ വീഡിയോ ക്ലിപ്പുകള്‍ കാണുമ്പോഴൊക്കെ നമ്മെ വട്ടം കറക്കാറുള്ള “ബഫഫ്‌റിംഗ്’ തന്നെ...... 
അതെ ഓരോ പ്രവാസിയുടെയും ജീവിതം പോലെയുള്ള ഒരു ബഫ്‌റിംഗ് .

സുനേന - പുനര്‍ ജീവനത്തിന്റെ പാതയില്‍

ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്ക് ഡിസംബറിലെ ഒരു സുന്ദര സായാഹ്നത്തിലായിരുന്നു സുനേന കലാ കായിക വേദിയുടെ ഔപചാരികമായ ഉത്ഘാടനം നടന്നത് , തൊഴിയൂരിലെ സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം യുവാക്കളുടെ ചിരകാല സ്വപ്നമായിരുന്നു അത് , കക്ഷി രാഷ്ട്രീയ; വര്‍ഗീയ ചേരിതിരിവുകളില്ലാതെ നാടിന്‍റെ പുരോഗതിക്കും ഉന്നമനത്തിനുമായി ഒരേമനസ്സായി സുനേനയുടെ കീഴില്‍ അണിനിരന്നു മുന്നേറിയ ആ കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യവും,അചഞ്ചലതയും സമീപ പ്രദേശങ്ങളിലും അത്തരം സമാന സംഘടനകള്‍ക്ക് രൂപം നല്‍കാന്‍ ഉത്തെജനമായിരുന്നു 


സുനേന കലാ കായിക വേദി തൊഴിയൂരിന്‍റെ വികസനത്തില്‍ തനതായ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു മറുവാക്കിനു വഴിയില്ല. യുവത്വത്തിന്‍റെ ഇച്ഛകളും നൈസര്‍ഗിക കഴിവുകളും തൊട്ടറിഞ്ഞ് അവരെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സുനേനയുടെ പ്രവര്‍ത്തകര്‍ അശ്രാന്ത പരിശ്രമം ചെയ്തുവന്നിരുന്നു, കൂടെ സാധുജന സംരക്ഷണ സമിതി , രക്തദാന സമിതി, വായനശാല;ലൈബ്രറി, വിദ്യാഭ്യാസ സഹായനിധി തുടങ്ങിയ സംരംഭങ്ങള്‍ സുനേനയുടെ സല്‍കീര്‍ത്തി വര്‍ദ്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. 

 ആദ്യ മൂന്ന്‍നാല് വര്‍ഷങ്ങള്‍ മണ്ണാന്കുളം പാവുക്കര ബില്‍ഡിംങ്ങില്‍ പ്രവര്‍ത്തിച്ച സുനെനയുടെ ഓഫീസ് പിന്നീട് അഞ്ചു വര്ഷം ആര്‍ .എം.കുഞ്ഞഹമ്മദിന്റെ പഴയ ബില്‍ഡിങ്ങിലും തുടന്നുള്ള വര്‍ഷങ്ങള്‍ അദ്ധേഹത്തിന്റെ തന്നെ പുതിയ കെട്ടിടത്തിലും പ്രവര്‍ത്തിച്ചു വന്നിരുന്നു 
 എന്നാല്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി പുതു തലമുറകള്‍ക്കിടയില്‍ കാലികമായി കടന്നുകൂടിയ ഓണ്‍ലൈന്‍  മാനിയ, ഉദാസീനത, ഐക്യമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ മറ്റേതൊരു സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും പോലെ സുനേനയുടെ പ്രവര്‍ത്തനങ്ങളെയും  ബാധിച്ചിരുന്നു എന്നകാര്യം വിസ്മരിക്കാനാവില്ല.

എന്നാല്‍  സുനേനയുടെ മുന്‍കാല ഭാരവാഹികളും നാട്ടിലെ പ്രമുഖ വ്യക്തികളും യുവാക്കളും പങ്കെടുത്ത ഒരു യോഗം  ഇക്കഴിഞ്ഞ നവംബര്‍ നാലാം തീയ്യതി ഞായറാഴ്ച വൈകുന്നേരം സുനേന നഗറിലെ ഹൈസന്‍ സെന്ററില്‍ വെച്ച് ചേര്‍ന്നിരുന്നു ,   സുനേനയുടെ പുനരുദ്ധാരണത്തിനുവേണ്ടി നൂറോളം വരുന്ന യുവതലമുറയിലെ ഒരു കൂട്ടം പുത്തന്‍ പ്രതീക്ഷകളുണര്‍ത്തിക്കൊണ്ട് തയ്യാറായിരിക്കുന്നത് ആശാവഹമാണ് . തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും തോഴിയൂരിനു ഗുണകരവും ഉയര്‍ച്ചകള്‍ക്ക് വേണ്ടിയുള്ളതാവട്ടെ എന്നാഗ്രഹിക്കുന്നു ആശംസിക്കുന്നു .




 2012 നവംബര്‍ നാലിലെ യോഗത്തില്‍ നിന്ന് .

   2012 നവംബര്‍ നാലിലെ യോഗത്തില്‍ നിന്ന് .

 2012 നവംബര്‍ നാലിലെ യോഗത്തില്‍ നിന്ന് .



സുനേന നഗര്‍ എന്നറിയപ്പെടുന്ന തൊഴിയൂരിലെ പ്രധാന ജങ്ക്ഷന്‍

സുനേന വക വെയ്റ്റിംഗ് ഷെഡ്‌

"ഫാമിലി ഫീസ്റ്റ് '12 "


തൊഴിയൂരിലെ ഒരു പാട് കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി തൊഴിയൂരില്‍ന്റെ പ്രിയപ്പെട്ട ഹൈദര്‍ ഹാജി തുടക്കം കുറിച്ച് കഴിഞ്ഞ മുപ്പത്തഞ്ചോളം വര്‍ഷങ്ങളോളം നീണ്ട നിസ്വാര്‍ത്ഥ സേവനത്തിന്റെ പാരമ്പര്യവുമായി  ഖത്തറില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാമിലി ഫുഡ്‌ സെന്‍റര്‍ സുപ്പര്‍ മാര്‍ക്കറ്റും സഹോദര; കൂട്ട് സ്ഥാപനങ്ങളും ചേര്‍ന്ന് ഇക്കഴിഞ്ഞ ബക്രീദ് ദിനമായ ഒക്ടോബര്‍ 26ന് വെള്ളിയാഴ്ച ഫാമിലിഫീസ്റ്റ്‌'12  വളരെ വിപുലമായ രീതിയില്‍ ആഘോഷിച്ചു, ദോഹയിലെ ഷെരാട്ടണ്‍ ഹോട്ടല്‍ ഹാളില്‍വെച്ച് വൈകീട്ട് രണ്ടു മണിക്ക് തുടങ്ങി രാത്രി പന്ത്രണ്ടുമണി വരെ നീണ്ട ആഘാഷം ഫാമിലി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ഇന്ത്യ നേപ്പാള്‍ ഫിലിപ്പെന്‍സ് ബംഗ്ലാദേശ് ശ്രീലങ്ക ഭൂട്ടാന്‍ ഇന്തോനേഷ്യ തുടങ്ങിയ വ്യത്യസ്തരാജ്യങ്ങളില്‍നിന്നായുള്ള രണ്ടായിരത്തിലേറെ വരുന്ന ജീവനക്കാരും മാനേജ്‌മെനറും കുടുംബാംഗങ്ങളും കയ്യോട് കൈകോര്‍ത്ത് ഒരേമനസ്സോടെ അടുക്കും ചിട്ടയോടും കൂടി നടത്തിയ കലാ കായിക വിനോദ പരിപാടികളുടെ തിളക്കത്തില്‍  വളരെ കെങ്കേമമായിരുന്നു ,തങ്ങള്‍ക്കിടയില്‍നിന്നും നിനച്ചിരിക്കാതെ വെര്‍പ്പെട്ടുപോയ സഹപ്രവര്‍ത്തകന്‍ സുരേഷ് കുമാറിന്‍റെ വേദനാജനകമായ അകാലനിര്യാണത്തില്‍ മൌനപ്രാര്‍ഥനകളോടെ ആരംഭിച്ച ഫീസ്റ്റുആഘോഷത്തില്‍ മാസ്റ്റര്‍ നസിം ജമാലില്‍ പ്രാര്‍ത്ഥന നടത്തിയശേഷം   ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ജനറല്‍ മാനേജര്‍ പി പി ജമാല്‍ സ്വാഗതം ആശംസിച്ചു,  കുട്ടികള്‍ക്കായുള്ള വിനോദമത്സരങ്ങള്‍, ജീവനക്കാര്‍ പങ്കെടുത്ത വടംവലിമത്സരം, ഗ്രൂപ്പ്‌ ഡാന്‍സുകള്‍ ഗാനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളായി എത്തിയ പ്രഥമഏഷ്യാനെറ്റ്‌ സ്റ്റാര്‍സിംഗറും പ്രമുഖ പിന്നണി ഗായകനുമായ  നജീം അര്‍ഷാദ്, കൈരളി ഗന്ധര്‍വസംഗീതം വിജയിയും പിന്നണി ഗായികയുമായ സിത്താര ബാലക്കൃഷ്ണന്‍,  ഹിന്ദി സംഗീത ലോകത്തെ പുതു തരംഗങ്ങളായ ഇന്ത്യന്‍ ഐടോള്‍ ഫെയിം ശശി സുമന്‍ ,ചാരു തുടങ്ങിയവരും സംഘവും ആടിയും പാടിയും പരിപാടികള്‍ക്ക് കൊഴുപ്പേകി, പ്രമുഖ ഫിലിപ്പെന്‍സ് ബാന്‍ഡ് ലിപ്സ്റ്റിക് , നേപ്പാള്‍ ഫോക്‌ ഡാന്‍സ്‌ ഗ്രൂപ്പുകള്‍  തുടങ്ങിയവരുടെ പരിപാടികളും ആഘോഷത്തിന് മിഴിവേകി.
കമ്പനിയുടെ സ്പോണ്‍സര്‍മാരും സഹോദരന്‍മാരുമായ അബ്ദുല്‍ അസീസ്‌ അന്‍സാരി (ചെയര്‍മാന്‍) അബ്ദുല്‍റഹ്മാന്‍ അന്‍സാരി(എം.ഡി) ,ജാബിര്‍ അന്‍സാരി കമ്പനിയുടെ സി.ഇ.ഒ മിസ്റ്റര്‍: പി.പി.ഫൈസല്‍ തുടങ്ങിയവര്‍  മത്സരാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട്പരിപാടികളില്‍ ഉടനീളം പങ്കെടുത്തിരുന്നു.
ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പില്‍ ബംബര്‍ സമ്മാനങ്ങളായി ഒരാള്‍ക്ക്‌ പന്ത്രണ്ടുഗ്രാം സ്വര്‍ണ്ണനാണയവും,  രണ്ടു പേര്‍ക്ക് പതിനഞ്ചു ദിവസത്തെ ലീവും പോക്കറ്റ് മണിയും  ഉള്‍പ്പെടെ  സ്വദേശത്തെക്കുള്ള റിട്ടേണ്‍ ടിക്കറ്റും കൂടാതെ ഐപോഡ്കള്‍, മൊബൈല്‍ഫോണുകള്‍, ക്യാമറകള്‍, വി സി ഡികള്‍ ,സൌണ്ട് സിസ്റ്റം തുടങ്ങിയ ഇരുനൂറിലേറെ പ്രോത്സാഹനസമ്മാനങ്ങളും ഉണ്ടായിരുന്നു.
കമ്പനി അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ഹബീബ്‌ മുഹമ്മദുണ്ണിയുടെ നന്ദി പ്രകാശാനത്തോടെ കൃത്യം പന്ത്രണ്ടു മണിക്ക് ആഘോഷത്തിനു തിരശീലവീണു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www.family.com.qa

പരിപാടികളില്‍ നിന്നുള്ള ചില ഫോട്ടോകള്‍ കാണാം ..




  













 






















Related Posts Plugin for WordPress, Blogger...