Welcome to Thozhiyur Village

തൊഴിയൂര്‍ ഗ്രാമത്തിലേക്ക് ഹൃദ്യമായ സ്വാഗതം...

A.M.L.P. School

ഒരു നൂറ്റാണ്ട് കാലം പിന്നിട്ട വലിയൊരു സേവന പാരമ്പര്യവും; ഒരു പാട് അനുഭവങ്ങളുടെ നേര്‍കാഴ്ച്ചകളും; ഒളിമങ്ങാത്ത ഓര്‍മകളുടെ വന്‍ ശേഖരവുമായി...

I.C.A College-Thozhiyoor

തൊഴിയൂരിന്‍റെ ഒരു അഭിമാന സ്തംഭമായി തെക്ക്‌ പ്രവേശന കവാടത്തില്‍ തന്നെ തലയെടുപ്പോടെ നില്‍ക്കുന്നു. വടക്കേകാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക്‌ കള്‍ച്ചറല്‍ അസോസിയേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് ..

Rahmath Orphanage

ഇച്ഛക്കൊത്ത പഠനം , വസ്ത്രങ്ങള്‍ , പരിചരണം , മാസം തോറും വൈദ്യ പരിശോധന , അഭിരുചിക്കൊത്ത തൊഴില്‍ പരിശീലനം, മികച്ച ഭക്ഷണം തുടങ്ങിയ എല്ലാ സൌകര്യങ്ങളോടും കൂടി ഇവിടെ വളരുന്ന ഓരോ കുട്ടിയും ഭാവിയുടെടെ വാഗ്ദാനങ്ങളും

St.Georges High School

ഞങ്ങളുടെ നാടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന്, അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഞങ്ങളുടെ ഈ സ്കൂളില്‍ ഉള്ളൂവെങ്കിലും ഞങ്ങളുടെ പഠനകാലത്ത് ഓരോ ക്ലാസ്സും കുറഞ്ഞത് അഞ്ചു ഡിവിഷന്‍ വീതമെങ്കിലും ഉണ്ടായിരുന്നു..

Showing posts with label വ്യക്തി. Show all posts
Showing posts with label വ്യക്തി. Show all posts

ജില്ലയിലെ ജൈവകര്‍ഷക അവാര്‍ഡ്‌


2014-15 വര്‍ഷത്തെ തൃശ്ശൂര്‍ജില്ലയിലെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ്‌ തൊഴിയൂര്‍ വി.കെ. നൌഫലിന് ലഭിച്ചു , സുനേന നഗറില്‍ അല്‍-അമീന്‍ കച്ചവടസ്ഥാപനങ്ങളുടെ ഉടമ വളുവത്തയില്‍ കുഞ്ഞഹമ്മദ് ആത്തിക്ക ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവനാണ് നൌഫല്‍. 

സംസ്ഥാന കൃഷിവകുപ്പ് മന്ത്രി കെ.പി .മോഹനനില്‍ നിന്ന് കഴിഞ്ഞദിവസം നൌഫല്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി.



സജിതാ സലാമിന് പുതിയ വീട്.


ഖത്തറില്‍ ജോലിചെയ്തു വരവേ  മൂന്ന് വര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് അകാലത്തില്‍ മരണപ്പട്ട തൊഴിയൂര്‍ ആഞ്ഞിലക്കടവത്ത് സലാമിന്റെ വിയോഗത്തെ തുടര്‍ന്ന് തൊഴിയൂരിലെ ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹുമാനപ്പെട്ട പി.പി.ഹൈദര്‍ ഹാജി നാട്ടുകാരുടെയും ഗള്‍ഫ്‌ രാജ്യങ്ങളിലെ വിവിധ സംഘടനകളുടെയും സഹകരണത്തോടെ  പണിത വീട് ഇന്ന് രാവിലെ (30-11-14 ഞായറാഴ്ച ) സലാമിന്റെ വിധവ സജിതയ്ക്ക് കൈമാറി . താക്കോല്‍ കൈമാറ്റം ഹൈദര്‍ ഹാജിയാണ് നിര്‍വ്വഹിച്ചത്. ലൈഫ്‌ കെയര്‍ പ്രസിഡണ്ട് : മാളിയേക്കല്‍ അഷറഫായിരുന്നു വീട്പണികള്‍ക്ക് നേതൃത്വം നല്‍കിയത്.

ഈ സംരഭത്തോട് സഹകരിച്ച എല്ലാ നല്ലവരായ സുമനസ്സുകള്‍ക്കും ഇലാഹായ തമ്പുരാന്‍ തക്കതായ പ്രതിഫലം നല്‍കുമാറാവട്ടെ എന്ന പ്രാര്‍ഥനകളോടെ തൊഴിയൂര്‍.കോമും ഈ സന്തോഷം മുഹൂര്‍ത്തത്തില്‍ പങ്കു ചേരുന്നു.

'ഒരു ഉമ്മയും മകളും ഒരേ പത്രത്താളിൽ '

കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനു ഗള്‍ഫ്‌ തേജസ് പത്രം പുറത്തിറക്കിയ റിപ്പബ്ലിക് സപ്ലിമെന്ററില്‍ അപൂര്‍വമായ ഒരു കാഴ്ചയുണ്ടായിരുന്നു , അമല്‍ ഫെര്‍മിസ്‌ എന്ന ഉമ്മയുടെയും അഫീദ ഫെര്‍മിസ്‌ എന്ന മകളുടെയും ഓരോരോ  കവിതകള്‍ പത്രത്തിന്റെ ഒരു താളിന്റെ രണ്ടു വശത്തായി പ്രസിദ്ധീകരിച്ചിരുന്നു, റിപ്പബ്ലിക്കിന്ത്യയെക്കുറിച്ച് ഉമ്മ കാലികപ്രസക്തമായി എഴുതിയപ്പോള്‍ ഉണരൂ ഇന്ത്യ ഉണരൂ എന്ന കൌമാരത്തിന്റെ വിലാപമായിരുന്നു മകളുടെത്‌.


അമല്‍ ഫെര്‍മിസിനെക്കുറിച്ച് ഇവിടെ മുമ്പ് എഴുതിയിട്ടുണ്ട് , (മുമ്പ് കാണാത്തവര്‍ക്ക് 'തൊഴിയൂരിന്റെ പ്രിയ എഴുത്തുകാരി 'ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം ) ഈ ഉമ്മയുടെ പാത പിന്തുടര്‍ന്ന് അമലിന്റെ മകള്‍ അഫീദയും കാലിക പ്രസക്തിയുള്ള തന്റെ  രചനകളിലൂടെ അനുവാചക ഹൃദയങ്ങള്‍ കവരാന്‍ തുടങ്ങിയിരിക്കുന്നതിന്റെ തുടക്കമായി ഈ കവിതയെ കണക്കാക്കാം  . 

ഖത്തറിലെ സമന്വയ സാംസ്കാരിക സംഘടന ഇന്ത്യന്‍ സ്കൂളുകളെ അടിസ്ഥാനമാക്കി നടത്തിയ കഥാരചന മത്സരത്തില്‍ "ഗമനം" എന്ന കഥയിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ മിടുക്കി നല്ലൊരു പ്രാസംഗികയും കൂടിയാണ് , ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ രചിച്ച കഥകളിൽനിന്നും പുരസ്കാരാർഹമായ കഥ കണ്ടെത്തിയത്,ശ്രീ.അഷ്ടമൂർത്തി,ശ്രീമതി.പി.വത്സല,ശ്രീ. രാധാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ്.


ദോഹയിലെ വിവിധ കലാസാംസ്കാരിക സംഘടകൾ നടത്തിയുട്ടുള്ള കഥാ-ഉപന്യാസമത്സങ്ങളിൽ പുരസ്കാരം നേടിയിട്ടുള്ള അഫീദയും ഉമ്മ അമല്‍ ഫെര്മിസും ഭാവിയുടെ വാഗ്ദാനങ്ങളാണെന്നതോടൊപ്പം ജന്മനാടായ തൊഴിയൂരിന് അഭിമാനവും അംഗീകാരവും നേടിക്കൊടുക്കുന്ന യുവപ്രതിഭകള്‍ കൂടിയാണെന്ന് പറയാതെ വയ്യ.



ഖത്തറിലെ ദോഹയില്‍ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ സെയ്ദ്‌ ഫെര്‍മിസിന്റെയും ദോഹ അക്കാദമി സ്കൂളിൽ ടീച്ചറായി ജോലിചെയ്യുന്ന അമല്‍ ഫെര്‍മിസിന്റെയും മകളായ അഫു എന്ന് വിളിപ്പേരുള്ള അഫീദ സ്കൂള്‍ ഫൈനല്‍ പാസ്സായി നില്‍ക്കുന്നു  അഫുവിന്‍റെ ഇളയ സഹോദരന്‍ അസീം ഫെര്‍മിസ്‌ ഖത്തര്‍ എം .ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും അഫീദയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം :

www.facebook.com/azwafeeda.bloomingstars/


തൊഴിയൂരിന്റെ പ്രിയ എഴുത്തുകാരി .

Have a heart that never hardens, a temper that never tires, a touch that never hurts..
അമല്‍ ഫെര്‍മിസ്‌ എന്ന തൊഴിയൂരിന്റെ എഴുത്തുകാരി തന്റെ ബ്ലോഗര്‍ പ്രൊഫൈലില്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് എഴുതിവെച്ചിട്ടുള്ള വരികളാണ് മുകളില്‍ ചേര്‍ത്തിട്ടുള്ളത്.
കൊമ്പത്തയില്‍ അബൂബക്കര്‍ സാഹിബ് എന്ന തൊഴിയൂര്‍ക്കാരുടെ എം എസ് പിക്കാടെയും ഉമ്മത്തിക്കുട്ടിയുമ്മാടെയും ഒമ്പത് മക്കളില്‍ ഏറ്റവും ഇളയവളായ അമല്‍ ചെറുപ്പം മുതലേ പഠനകാര്യങ്ങളില്‍ വളരെ മിടുക്കിയായിരുന്നു, തൊഴിയൂർ എൽ .പി സ്കൂളിലും,സെന്റെ ജോര്‍ജസ് ഹൈസ്കൂളിലുമായി ഒമ്പതാം ക്ലാസ്സുവരെ പഠിച്ച അമൽ  പത്താം  ക്ലാസ്സ്‌ മുതൽ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം,  ‍ജീവിതത്തിലെ ഒരുപാട് അനുഭവങ്ങളുടെ പാഠശാലയായിരുന്നു ഹോസ്റ്റൽ കാലമെന്ന്   അമല്‍ സ്വയം വിലയിരുത്തുന്നു.
ഏഴാം ക്ലാസിലെ പഠന സമയത്തെ ഉപ്പയുടെ മരണവും ഒന്നാം വര്‍ഷ ഡിഗ്രി പഠന കാലത്തെ ഉമ്മയുടെ മരണവും  താങ്ങാവുന്നതിലേറേ മാനസിക ആഘാതമാണ് ഉണ്ടാക്കിയതെന്നും അത് മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞതിനാല്‍ ആദ്യ വര്‍ഷ ഡിഗ്രി പരീക്ഷ ശെരിക്കും എഴുതാനായില്ലെന്നും  അമല്‍ ഓര്‍ക്കുന്നു .
എന്നാല്‍ ഡിഗ്രീ രണ്ടാം വര്‍ഷ പരീക്ഷയില്‍  എല്‍ എഫ് കോളേജിലെ റെക്കോർഡ്‌ മാർക്കോടെ  കോളേജ്  ഫസ്റ്റ് ക്ലാസ്സായി പാസ്സായതില്‍ അമലുവിന് ഇന്നും അഭിമാനമുണ്ട് .
ഫൈനൽ ഇയർ ഡിഗ്രി പരീക്ഷ തുടങ്ങുന്നതിന്റെ തലേന്നായിരുന്നു കല്യാണം നടന്നത് , കാരണം  പരീക്ഷയുടെ തീയ്യതി കഴിഞ്ഞാണ് കല്യാണം തീരുമാനിച്ചിരുന്നതെങ്കിലും കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ കുത്തഴിഞ്ഞ രീതികളും തീരുമാനങ്ങളും മൂലം എക്സാം നീട്ടിയതായിരുന്നു ,അത് കൊണ്ട്തന്നെ ബി.എ.ചരിത്രത്തിൽ റാങ്ക് വാങ്ങണമെന്ന മോഹം പൂവണിഞ്ഞില്ലെങ്കിലും  കോളേജിലെ ആ വര്‍ഷത്തെ എറ്റവും മികച്ച മാര്‍ക്കിന്റെ  ഉടമസ്ഥ ആവാന്‍ അമലുവിന് കഴിഞ്ഞിരുന്നു.
അമലുവിന്റെ ഭര്‍ത്താവ് സെയ്ദ്‌ ഫെര്‍മിസ്‌ എസ്.എം.സാദിക് സാഹിബ് ,കദീജ ദമ്പതികളുടെ മകനാണ്, അമലുവിന് തികച്ചും അനുയോജ്യനും ഒരുപാട് സ്വഭാവ സവിശേഷതകള്‍ക്കുടമയുമാണ് ഫെര്‍മിസ്‌, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജേതാവും പ്രസിദ്ധ ഗാനരചയിതാവുമായ റഫീക്ക്‌ അഹമ്മദ്‌ ഫെര്‍മിസിന്റെ ഉപ്പയുടെ സഹോദരനാണ്. അമലുവിനു നാല് സഹോദരന്‍മാര്‍ മുസ്തഫ (മാനേജര്‍ -ഹോംലൈന്‍ - ദോഹ-ഖത്തര്‍ ) ഉമ്മര്‍ (പര്‍ച്ചേസ് മാനേജര്‍ - ഫാമിലി ഫുഡ്‌ സെന്റര്‍ - ദോഹ-ഖത്തര്‍ ) ഉസ്മാന്‍ (മാനേജര്‍ - ഫാമിലി ഗിഫ്റ്റ്‌ സെന്റര്‍ - അല്‍ - ഖോര്‍ , ഖത്തര്‍ ) അലി ( മാനേജര്‍ - ഹോംലൈന്‍ - ദോഹ-ഖത്തര്‍ )    ഫാത്തിമ , നഫീസ ,റംല , സഫിയ എന്നിങ്ങനെ സഹോദരിമാര്‍ നാലുപേര്‍ .. 
ബാക്കി കാര്യങ്ങള്‍ അമലിന്റെ വാക്കുകളിലൂടെ വായിക്കാം ..
വിദ്യാഭ്യാസം ,ജോലി ,വിവാഹം .
ജീവിതത്തിൽ പഠനം എനിക്കൊരു പാഷൻ  ആയിരുന്നു എന്നാല്‍ വിവാഹം കഴിഞ്ഞ് മോൾ പിറന്നതോടെ പഠനം ഉപേക്ഷിച്ച നിലയിലായി, എങ്കിലും മോൾ സ്കൂളിൽ പോവാൻ തുടങ്ങിയപ്പോൾ കമ്പ്യൂട്ടർ കോഴ്സിന് ചേർന്ന് വീണ്ടും പഠനം പുനരാരംഭിച്ചു.കേരള സര്‍വ്വകലാശാലയിൽ നിന്നും പി.ജി.ഡി.സി.എ ഒന്നാമതായി പാസ്സായി, ഇതിനിടയിൽ പെരുമ്പിലാവ് അന്‍സാര്‍ കോളേജില്‍  ബി.എഡ്  തുടങ്ങിയപ്പോള്‍ ആദ്യ ബാച്ചില്‍ ഞാനും ചേർന്നു. അങ്ങനെ ടീച്ചറാവണമെന്ന കുട്ടിക്കാലം മുതലേയുള്ള  സ്വപ്നത്തിന് വളരെ  അടുത്തെത്തിയെങ്കിലും അതിന്നിടയില്‍ മകനെ ഗര്ഭം ധരിച്ചു ശാരീരികമായി ഒരുപാട് പ്രശ്നങ്ങള ഉണ്ടായിരുന്നത്കൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കണമെന്ന ഘട്ടം വന്നു എങ്കിലും അദ്ധ്യാപകരുടെയും സഹായത്താൽ  വീട്ടിലിരുന്നു പഠിച്ച് പരീക്ഷ എഴുതാൻ സാധിച്ചുത് ഒരു ഭാഗ്യാനുഭവമായി ഞാന്‍ കരുതുന്നു ,  റാങ്കിന് വളരെ കുറഞ്ഞ മാര്‍ക്കിന്റെ വ്യത്യാസത്തോടെ കോളേജ് ഫസ്റ്റ്  ആയി പാസ്സായി, ശേഷം  മോനെ  പ്രസവിച്ച്  കഴിഞ്ഞു വീട്ടിലിരുന്നു സ്വയം പഠിച്ച് എം.എ പരീക്ഷ  റാങ്കോടെ പാസ്സാവുകയും ചെയ്തു .

അതിനിടയിൽ എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി നോക്കിയിരുന്നു പിന്നീട്  വീടിനടുത്തെ  ഇംഗ്ലീഷ്  മീഡിയം സ്കൂളിൽ കമ്പ്യൂട്ടർ ടീച്ചറായി മൂന്നു  വര്‍ഷം ജോലി ചെയ്തു, ആ സമയത്താണ് ഞാന്‍  യോഗ അഭ്യസിച്ചത് , കൂടാതെ ജോലിയുടെ ഭാഗമായി കുട്ടികളുടെ കൗൻസലിങ്ങ് ഒരു വര്‍ഷം പഠിച്ചു. അതിനു ശേഷമാണ്  ഖത്തറിൽ ഹോംലൈന്‍ സപ്ലെ കമ്പനിയില്‍ ജോലിക്കാരനായ ഭര്‍ത്താവ് ഫെര്‍മിസ്ക്കാടെ അടുത്തേക്ക് എത്തിയത്.

ഖത്തറിലെത്തിയ ശേഷം ട്യുഷന്‍  ആയിരുന്നു ഇതുവരെ ജോലി , ഇപ്പോൾ  ഈ സെപ്തംബര്‍ ഒന്ന് മുതല്‍ ദോഹ അക്കാദമി സ്കൂളിൽ ടീച്ചറായി ജോലി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
 ചെറുപ്പം മുതലെ  വായന വല്ലാത്തൊരു ഭ്രമമായിരുന്നു എനിക്ക് പ്രവാസികളായ സഹോദരന്‍മാര്‍ക്കുള്ള  കത്തുകളായിരുന്നു ആദ്യ രചനകൾ , കോളേജിൽ പഠിക്കുമ്പോഴാണ് എഴുതാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. സ്കൂളിൽ ഒമ്പതാം  ക്ലാസ്സ്‌ വരെ അറബിക് ഭാഷയാണ്‌ പഠിച്ചത്. പക്ഷെ ചെറുപ്പത്തിലെ കൂടെകൂടിയ വായന എഴുത്തിനെ സഹായിച്ചു. കോളേജിൽ ലേഖന മത്സരങ്ങളിലാണ്അധികവും പങ്കെടുത്തതും സമ്മാനാർഹയായതും ..കോളേജ് മാഗസിനുകളിൽ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു.കാവ്യമുകുളങ്ങൾ  എന്നാ കവിതസമാഹാരത്തിലും  കവിത വന്നിരുന്നു. പിന്നെ ആരാമം വനിതാ മാഗസിനിലും ഒരു കവിത പ്രസിദ്ധീകരിച്ചു, മാതൃഭൂമി നടത്തിയ ലേഖന മത്സരത്തിൽ സമ്മാനാർഹയായി. ഖത്തറിൽ വന്നതിനു ശേഷം കേരള സർക്കാരിന്റെ രെജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എല്‍ . ഡി ക്ലാർക്കായി പി.എസ.സി വഴി നിയമനം ലഭിച്ചു. പക്ഷേ ജോലിയേക്കാൾ ഒരുമിച്ചുള്ള ജീവിതത്തിനു ഞാൻ പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് ആ  ജോലി  വേണ്ടെന്നുവെച്ചു. എന്റെ മക്കൾ മാതാപിതാക്കളുടെ സ്നേഹം ഒരുമിച്ച് അനുഭവിച്ച് വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. ഇൻഷാഅല്ലാഹ്..
രചനകളും പാരിതോഷികങ്ങളും .

കേരളത്തിൽ അദ്ധ്യാപകർക്ക് വേണ്ടി നടത്തിയ ഉപന്യാസ മത്സരത്തിൽ സമ്മാനാർഹയാവുകയും സാഹിത്യഅക്കാദമിയിൽ വെച്ച ശ്രീ.സുകുമാര്‍ അഴീക്കോടിൽ നിന്ന് സമ്മാനം സ്വീകരിക്കാൻ കഴിഞ്ഞതും നല്ല ഓര്‍മ്മകളാണ് , ബി.എഡ്  പഠന കാലത്ത്  ശ്രീ എം.എന്‍.വിജയനെ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞതും മറക്കാനാവാത്ത അനുഭവമാണ്.
ഖത്തറിൽ വന്ന ശേഷമാണ്  എഴുത്തിലേക്ക്  കൂടുതൽ ശക്തമായി വന്നത്. ഇവിടെ ഒഴിവു വേളകൾ ധാരാളമായി കിട്ടുന്നതിനാൽ നെറ്റ് വഴി അയക്കാവുന്നതും അല്ലാത്തതുമായ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി, ചന്ദ്രിക പത്രത്തിന്റെ ഗള്‍ഫ്‌ എഡിഷന്‍ ഉത്ഘാടനത്തോട്  അനുബന്ധിച്ച് നടത്തിയ  കത്തെഴുത്ത് മത്സരത്തിൽ രണ്ടാം സമ്മാനം ലഭിച്ചിരുന്നു, മന്ത്രി ഇ.അഹമ്മദില്‍ നിന്നായിരുന്നു സമ്മാനം ഏറ്റുവാങ്ങിയത്. അതിനു ശേഷം ഖത്തർ കേരളീയം 2011-12 വർഷങ്ങളിൽ കഥ,കവിത,ലേഖനം,പ്രസംഗം മൈലാഞ്ചി ഡിസൈനിംഗ് മത്സരങ്ങളിൽ സമ്മാനാർഹയായി. ഖത്തർ മലയാളി സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ ലേഖന മത്സരത്തിലും മൈലാഞ്ചിയിടല്‍  മത്സരത്തിലും ഒന്നാമതായി. കേരളത്തിലെ കോളേജ് കളുടെ സംഘടനയായ 'കാക്' മുല്ലപെരിയാർ അണകെട്ടിനെ കുറിച്ചുനടത്തിയ ലേഖന മത്സരത്തിൽ രണ്ടാം സമ്മാനം ലഭിച്ചു. ഖത്തർ മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് നടന്ന ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം. ഇന്ത്യൻ യൂത്ത് ഫോറം നടത്തിയ വിവിധ മേഘലകളുടെ കഥ കവിത ലേഖന മത്സരങ്ങളിൽ സമ്മാനാർഹയായി. ഖത്തർ വുമന്‍ ഫെഡറേഷന്‍ വനിതാ ദിനത്തിൽ നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം. പ്രവാസികള്‍ക്കായി ഖത്തർ ഇന്ത്യ ഫ്രാട്ടനിറ്റി ഫോറം റിപ്പബ്ലിക്  ദിനത്തിൽ നടത്തിയ കഥ കവിത മത്സരത്തിൽ ഒന്നാം സ്ഥാനം.
തേജസ് പത്രത്തിന്റെ ഉൽഘാടനദിന സപ്ലിമെന്‍റില്‍  ലേഖനം  പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമം നോമ്പിന്റെ ആദ്യാനുഭവത്തെ കുറിച്ചുള്ള  വന്നിരുന്നു.
ഒഴിവുസമയം അധികവും വായനക്കാണ് നീക്കിവെക്കാറ്‌, പുതിയ അറിവുകൾ  സമ്പാദിക്കാന്‍ ഇഷ്ടമാണ് , മൈലാഞ്ചിയിടൽ , പാചകം ഇതൊക്കെയാണ് ഇഷ്ട ഹോബികൾ പാചകത്തിൽ പുതിയ രുചികൾ തേടാൻ ഒത്തിരി ഇഷ്ടാണ്, പെരുന്നാൾ സമയങ്ങളിലും മറ്റും മൈലാഞ്ചിയിടൽ  ഒരു കൈതൊഴിലിന്റെ  സ്ഥാനം എറ്റെടുക്കുന്നു, തെറ്റില്ലാത്ത ഒരു സമ്പാദ്യം ഇത് മുഖേന ലഭിക്കുന്നുണ്ട്.
മക്കൾ രണ്ടു പേരും എം.ഇ.എസ സ്കൂളിൽ പഠിക്കുന്നു, മൂത്ത മകള്‍ അഫീദ ഫെര്‍മിസ്‌  പത്താം തരത്തിലും രണ്ടാമൻ അസീം ഫെര്മിസ് ഒന്നാം ക്ലാസ്സിലും, മോൾ എഴുത്തിന്റെ ലോകത്തിലേക്ക് കടന്നു വന്നത് ഏറെ സന്തോഷം നല്‍കുന്ന അനുഭവമാണ്. 
എന്റെ വീട്.
ഞാൻ അടക്കം എന്റെ മുന്‍തലമുറയിലും പിന്‍തലമുറയിലും പെട്ട ഒരുപാടുപേര്‍ പിറന്നു വീണ വീട്. ഒന്‍പത് മക്കളുള്ള എന്റെ  ഉമ്മാടെ ഈറ്റു നോവിന്റെ  വേദനകൾക്ക് സാക്ഷ്യം വഹിച്ച അകത്തളങ്ങള്‍ ,കുഞ്ഞു മക്കളുടെ കരച്ചിലുകൾ ,ബാല്യത്തിന്‍റെ കുതൂഹലതകള്‍ ,കൗമാര തിമിർപ്പുകൾ  ,യൗവനത്തിന്റെ തീക്ഷ്ണത ,വാർദ്ധക്യത്തിന്റെ ആവലാതികൾ  ഇതെല്ലാം ആ വീടിനെ എത്രത്തോളം മുഖരിതമാക്കിയിരിക്കും..ഇന്നത്തെ കുട്ടികൾക്ക്  ചിരപരിചിതമല്ലാത്ത നടുവകം ,ഉമ്മറം,തിണ്ണ ,പൂമുഖം,മച്ചിന്റകം ,ഇടനാഴിക,വടക്കിനി ,കോലായി ,കോണിച്ചോട്  ,വീതന,ഓവ്...അങ്ങനെയങ്ങനെ പോകുന്നു  വീടിനെ പരിചയപെടുത്താൻ ഉപയോഗിക്കുന്ന പദാവലി ..
ഇന്നത്തെ പോലെ നിറഞ്ഞ സൂര്യപ്രകാശം കടന്നുവരുന്ന അകത്തളങ്ങൾ അല്ലായിരുന്നു, ഇരുട്ട് മൂടി കിടക്കുന്ന ആ മുറികൾ ഞങ്ങളുടെ പല കുസൃതികൾക്കും  സാക്ഷ്യം വഹിച്ചിട്ടുണ്ട് . മച്ചിന്റകത്തെ പത്തായത്തിൽ ആരും കാണാതെ ഉമ്മ പഴുക്കാൻ വെച്ചിരുന്ന പഴക്കുല ഉമ്മ അറിയാതെ എടുത്ത് തിന്നു പഴത്തൊലി മാത്രം പത്തായത്തിൽ ശേഷിച്ചത് കണ്ട് അന്തം  വിട്ടിരുന്ന ഉമ്മാനെ നോക്കി കുസൃതിച്ചിരി ചിരിച്ച വയറാവു , വേലക്കാരുടെ പ്രണയ ചാപല്യങ്ങൾ വെല്ലിമ്മാടെ ദിക്റുകൾ. അന്നത്തെ ഓരോ വൈകുന്നേരത്തിനും ഭക്തിയുടെ നിറമായിരുന്നു കൂടുതൽ പടിഞ്ഞാറേ പറമ്പിലെ പാമ്പും കാവിൽ വിളക്ക്  വെക്കാൻ വരുന്ന അപ്പുറത്തെ ചേച്ചിയുടെ 'ദീപം ദീപം..' എന്ന മന്ത്രണവും ഞങ്ങളുടെ ഖുറാൻ ശീലുകളും ഒരുമിച്ച് അന്തരീക്ഷത്തിൽ അലയടിക്കും മുനിഞ്ഞു കത്തുന്ന ചിമ്മിനിയുടെ പ്രകാശത്തിൽ കുട്ടികൾ പഠിക്കുമ്പോൾ വൈകുന്നേരത്തെ പണിയൊക്കെ ഒതുക്കി കുളിച്ച്  അടുത്ത വീട്ടിലെ ചേച്ചിമാരിൽ  നിന്നും വാങ്ങി കൊണ്ടുവന്ന മാസികകളും വാരികകളും നോവലുകളും വായിക്കുന്ന തിരക്കിലാവും മുതിർന്നവർ.
മകര മാസത്തിലെ തണുപ്പിനോടൊപ്പം  പറമ്പ് നിറയെ ഓല വെട്ടിയിട്ടിട്ടുണ്ടാവും.വൃശ്ച്ചിക  കാറ്റിനോടൊപ്പം വീണു കിടക്കുന്ന കണ്ണിമാങ്ങകൾ അവ പെറുക്കി കൂട്ടി നാലായരിഞ്ഞ്  ഉപ്പും മുളകും ഇത്തിരി വെളിച്ചെണ്ണയും തൂവി പച്ചോല മടലുകൾ ചേർത്തുവെച്ചുണ്ടാക്കിയ ഉണ്ണിപ്പുരയിൽ വലിഞ്ഞ്  കേറിയിരുന്ന് തിന്നുമ്പോൾ ആ ഉണ്ണിപ്പുരയെക്കാൾ വലുപ്പം മറൊന്നിനുമുണ്ടായിരുന്നില്ല.
മെടഞ്ഞ ഓലകൾ താളത്തിൽ മേലോട്ടിടുമ്പോൾ അതു പിടിച്ചെടുത്ത് ,അരയിൽ  കെട്ടിവെച്ച  കൊതുമ്പു നാരുകളാൽ  താളത്തിൽ വേഗത്തിൽ കെട്ടിയുറപ്പിക്കുമ്പോൾ പലപ്പോഴും ഞാൻ അന്തം  വിട്ട നോക്കി നിന്നിട്ടുണ്ട്, പുരകെട്ട്  കഴിഞ്ഞാൽ ശർക്കരയും തേങ്ങയുമെല്ലാം ചേർത്തൊരു "കറി " കുടിക്കാൻ കിട്ടും. ഈ പായസത്തിനെന്താണ് കറിയെന്ന്  പറയുന്നതെന്ന് എന്നിലെ ഭാഷാ സ്നേഹി ഒത്തിരി തവണ ചിന്തിച്ചിട്ടുണ്ട്.

ഓരോ വേനലവധികളും ആ വീടിനെ കോരിത്തരിപ്പിച്ചു. ഓരോ മാമ്പഴകാലത്തും പച്ചയും പഴുത്തതുമായ നിരവധി മാങ്ങാ ചാക്കുകൾ അണ്ടി മാത്രമായി ആ മുറികളിലൂടെ പിന്നിലെ തോട്ടിരംബിലേക്ക്  വലിച്ചെറിയപ്പെട്ടു പഴുത്ത ചക്കയുടെ നറും മണവും കശുമാങ്ങയുടെ ചുണ പറ്റി പൊള്ളിയ കവിൾത്തടങ്ങളും ഓരോ വേനലിലും മാറികൊണ്ടിരുന്നു..

എത്ര എത്ര കല്യാണങ്ങൾ ..സദ്യവട്ടങ്ങൾ .!

ഞാൻ കോളേജു വിട്ട് വീട്ടിലെത്താൻ ഇത്തിരി താമസിച്ചാൽ കത്തുന്ന നെഞ്ചോടെ മുന്നിലെ മുള ക്കൂട്ടത്തിന്നടുത്ത്  എന്നെ കാത്ത് നിന്നിരുന്ന എന്റെ  ഉമ്മാനെ ഞാൻ എത്ര കളിയാക്കിയിട്ടുണ്ട് ഇന്നീ മണൽക്കാട്ടിൽ മക്കളുടെ സ്കൂൾ ബസ് വരാൻ ഇത്തിരി വൈകുമ്പോൾ ഏതോ ലോകത്തിരുന്നു ഉമ്മയെന്നെ കളിയാക്കി ചിരിക്കുന്നതായെനിക്ക് തോന്നാറുണ്ട്..

വെല്ലിമ്മ,ഉമ്മ,ഉപ്പ...ഒക്കെ മരിച്ചിറങ്ങി  പോയ വീട്.. ഇന്നാ വീടില്ല..എങ്കിലും ഏഴു കടലുകൾക്ക്  ഇപ്പുറത്തിരുന്നു  ഞാൻ  ഓർക്കാറുണ്ട് ..സ്കൂൾ വിട്ട്  ഓടി വരുന്ന എന്നെ കാത്തിരുന്ന  എന്റെ ഉപ്പാനെ..ഓരോ വേനലവധിക്കും വന്നിരുന്ന ഇത്തമാര്‍ക്കും കുട്ടികൾക്കുമായി  പലഹാരങ്ങളുമായി കാത്തിരുന്ന എന്റെ ഉമ്മ  ഇന്നുമാ വീടിന്റെ ഉമ്മറപ്പടിയിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടാവുമെന്നു വെറുതെ മോഹിക്കുവാന്‍ ...


മാധ്യമത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച അമലുവിന്റെ ലേഖനം .

സ്വര്‍ഗം തേടിയ നോമ്പുകള്‍


ഒരു മീനച്ചൂടിലാണ് ജീവിതത്തിലാദ്യമായി ഞാന്‍ നോമ്പിനെ അറിഞ്ഞത്. അന്നെനിക്ക് അഞ്ചര വയസ്സ് പ്രായം. ഞങ്ങള്‍ ഒമ്പതു മക്കളായിരുന്നു. മൂന്ന് ഇത്തമാരുടെ വിവാഹം കഴിഞ്ഞിരുന്നു. കല്ല്യാണം കഴിച്ചയച്ചത് ദൂരത്തേക്കായതിനാല്‍ വേനലവധിക്കാണ് ഇത്തമാരും കുട്ടികളുമെല്ലാം വീട്ടിലെത്തുക. വീട്ടില്‍ ഒമ്പതാമനായിരുന്നതിനാല്‍ എനിക്ക് കുഞ്ഞിമ്മാന്നു വിളിപ്പേരു കിട്ടി. ഇവരെ കൂടാതെ അടുത്ത ബന്ധത്തിലുള്ള യത്തീമായ ഒരു കുട്ടി, അയല്‍പക്കത്തെ ദരിദ്രകുടുംബത്തിലെ ഇക്ക ഇവരെല്ലാം ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായിരുന്നു. പിന്നെ ഉപ്പായുടെയും ഉമ്മായുടെയും ഉമ്മമാരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സന്തുഷ്ട കുടുംബം.
ഉപ്പാക്ക് കടുത്ത പ്രമേഹമായതിനാല്‍ നോമ്പെടുക്കാനാവുമായിരുന്നില്ല.ഞാന്‍ ആദ്യമായി നോമ്പെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ട്യോള്‍ടെ നോമ്പ് മാതാപിതാക്കള്‍ക്കുള്ളതാണെന്ന്
ഉപ്പ സന്തോഷത്തോടെ പറഞ്ഞു. ‘ഇന്‍െറ മോളെ നോമ്പ് ഉപ്പാക്കാണോ ഉമ്മാക്കാണോ’ന്ന് ചോദ്യത്തിന് എന്നും ഉപ്പക്കുട്ടിയായിരുന്ന എനിക്ക്, ഉപ്പാക്കെന്നു പറയാന്‍ തെല്ലും ചിന്തിക്കേണ്ടിവന്നില്ല.
രാത്രിയില്‍ ഉപ്പയും ആണ്‍കുട്ടികളെല്ലാവരും പൂമുഖത്തെ കോലായിലാണ് കിടക്കുക. രണ്ടര മൂന്നു മണിയാവുമ്പോഴാണ് അത്താഴത്തിനെഴുന്നേറ്റത്. ചൂടുചോറും ചുട്ടരച്ച ചമ്മന്തിയും കട്ടിത്തൈരും കൂട്ടി എല്ലാവരും ചോറുണ്ടു. സുബ്ഹ് ബാങ്ക് കൊടുക്കുന്നതുവരെ എല്ലാവരും കൂടിയിരുന്നു ഖുര്‍ആന്‍ പാരായണം. ഇതിനിടയില്‍ പഴവും തേങ്ങാപ്പാലും അവിലുംകൂട്ടി പിഴിഞ്ഞത് ഓരോ ഗ്ളാസ് കിട്ടും. ഏറ്റവുമാദ്യം ഖത്തം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്മാനവുമുണ്ടാവും.
ആദ്യത്തെ നോമ്പെടുത്ത ദിവസം രണ്ടു മണിവരെ ഒരുവിധം പിടിച്ചുനിന്നു. രാവിലെ മുതല്‍ മാവിന്‍ചുവട്ടിലും കൊത്തങ്കല്ല് കളിക്കുന്നിടത്തും സജീവമായിരുന്ന ഞാന്‍ ഉച്ചച്ചൂട് സഹിക്കാനാവാതെ തൊണ്ടവരണ്ട് ഒരിറ്റു വെള്ളത്തിനായി കൊതിച്ചു. വെള്ളം കിട്ടാതെ ഞാന്‍ മരിച്ചുപോവുമോയെന്നൊരു ഭീതി എന്നെ തളര്‍ത്തി. വീട്ടിലെ രണ്ട് വല്യുമ്മമാര്‍ തളര്‍ന്ന എന്‍െറ മുഖത്ത് നോക്കി ‘മോളതിനൊന്നും ആയില്ല. കുട്ട്യോള്‍ക്ക് ഉച്ചവരെ നോറ്റാല്‍ മതി’യെന്നുപറഞ്ഞ് ആശ്വസിപ്പിച്ചു. രണ്ടു മണിയായപ്പോള്‍ ഉമ്മ പറഞ്ഞു, ഇത്രനേരം നോമ്പെടുത്തില്ലേ, ഇനി കുറച്ചുനേരം കൂടിയല്ലേ, ഉമ്മാടെ പൊന്ന് നോമ്പെത്തിക്കൂന്ന്. വീണ്ടും കളിക്കൂട്ടത്തിലേക്ക് തിരിച്ചിറങ്ങിയ ഞാന്‍ മൂന്നു മണിയായപ്പോള്‍ കളിക്കിടയില്‍ നിന്നോടിവന്ന് പുറത്തെ പൈപ്പില്‍നിന്ന് വെള്ളം ആര്‍ത്തിയോടെ കോരിക്കുടിച്ചു. ആ വെള്ളം ഇറങ്ങിപ്പോകുമ്പോള്‍ ഞാനന്നുവരെ അനുഭവിക്കാത്ത തണുപ്പനുഭവപ്പെട്ടു. അന്നനാളത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ്. നോമ്പുമുറിച്ച എന്നെ നോക്കി, കൊടുംപാതകം ചെയ്തതുപോലെ നില്‍ക്കുന്ന കളിക്കൂട്ടത്തില്‍ നിന്ന് ഒരു കുറുമ്പന്‍ ‘അമലു നോമ്പുമുറിച്ചേ’ എന്നോളിയിട്ട് അകത്തേക്കോടി.
‘ഇത്രനേരം നോമ്പെടുത്തിട്ട്’ ഉമ്മാടെ സ്വരത്തിലെ നിരാശ എന്‍െറ കണ്ണുകളില്‍ എരിവായി പെയ്തിറങ്ങി. രാവിലെ മുതല്‍ കരുതിവെച്ച ഞാവല്‍പഴങ്ങള്‍, കാക്ക കൊത്തിയിട്ട മൂവാണ്ടന്‍ മാങ്ങയുടെ മുറിച്ചുവെച്ച കഷണങ്ങള്‍ , പഴുത്തൂര്‍ന്നുവീണ അയിനിച്ചക്കയുടെ മണ്ണാവാത്ത പഴം... പാത്രത്തില്‍ മൂടിവെച്ചിരുന്നതെല്ലാം പുറത്തേക്കെറിഞ്ഞ്, ഞാന്‍ പായയില്‍ മുഖമമര്‍ത്തി കമിഴ്ന്നുകിടന്നു. ‘ഉപ്പപ്പ വന്നാല്‍ അനക്കിന്ന് കിട്ടിക്കോളു’മെന്നുപറഞ്ഞ് കളിക്കൂട്ടങ്ങള്‍ എന്നെ പേടിപ്പിച്ചു. ഉപ്പ അരികില്‍ വന്നിരുന്ന് ‘ഉപ്പാടെ കൂലി പോയല്ലോ’ എന്നു പറഞ്ഞപ്പോള്‍ ഞാനൊന്നൂടെ തേങ്ങി. ‘സാരോല്ല, ആദ്യത്തെ നൊമ്പല്ലെ, അതിത്രക്കൊക്കെ മതി’യെന്നു പറഞ്ഞ് തഴുകിയപ്പോള്‍ ഞാനാ മടിയില്‍ തലവെച്ചങ്ങനെ കിടന്നു. പിറ്റേന്നെന്നെ അത്താഴത്തിന് വിളിക്കണമെന്ന് ഉപ്പാനെ പറഞ്ഞേല്‍പിച്ച് കൈയിലടിച്ച് സത്യം ചെയ്യിച്ചാണ് കിടന്നുറങ്ങിയത്.
ഉപ്പ എന്നെ അത്താഴത്തിന് വിളിക്കുമ്പോള്‍ ഉമ്മയും വല്യുമ്മമാരും ‘‘കുട്ടീനെക്കൊണ്ട് പറ്റൂല്ല, വെറുതെ അതിന്‍െറ ഉറക്കം കളയണ്ടാ’’എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ വാശിയോടെ ഞാന്‍ ഉപ്പാടെ ചെവിയില്‍ മന്ത്രിച്ചു.‘‘എന്‍െറ നോമ്പിന്റെ കൂലി ഉപ്പാക്കു മാത്രാട്ടോ. ഇന്നലെ ഞാന്‍ ഉമ്മാക്കും കൂടി കിട്ടിക്കോട്ടേന്ന് വിചാരിച്ചേരുന്നു. ഇനി ഉപ്പാക്കു മാത്രം മതി’’.
പിറ്റേന്ന് ദാഹത്തേക്കാളും കത്തിക്കാളുന്ന വിശപ്പിനേക്കാളും എന്റെ ഉപ്പാക്ക് റബ്ബ് കൊടുക്കുന്ന സ്വര്‍ഗമെന്ന പൂങ്കാവനത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ വാശിയോടെ നോമ്പുപിടിച്ചു. ഉപ്പാനെ കാണാന്‍ വന്ന വിരുന്നുകാരന്‍ കൊണ്ടുവന്ന കമറുകട്ടക്കോ പഞ്ചാരമണലില്‍ വീണുകിടക്കുന്ന മൂവാണ്ടന്‍ മാങ്ങകള്‍ക്കോ എന്‍െറ തീരുമാനത്തെ ഇളക്കാനായില്ല. വൈകുന്നേരം മഗ്രിബ് ബാങ്കിന് ചെവിയോര്‍ത്ത് കോലായിലെ പായയില്‍ ഒടിഞ്ഞുതൂങ്ങിയിരിക്കുമ്പോഴും ഉള്ളില്‍ അണയാത്ത ഊര്‍ജമായിരുന്നു.
പതിനൊന്നാം വയസ്സില്‍ ‘എന്‍െറ മക്കളെ കണ്ട് കൊതിതീര്‍ന്നില്ലല്ലോ എന്‍െറ റബ്ബേ’ എന്നു കേണുകൊണ്ടെന്‍െറ ഉപ്പ ഞങ്ങളെ വിട്ട് ഇഹലോകത്തില്‍നിന്ന് പോയശേഷം വന്ന ഓരോ റമദാനിലും ഞാനെന്‍െറ ഉപ്പാക്ക് സ്വര്‍ഗത്തിലൊരിടത്തിനായി കേണു, മുഴുവന്‍ നോമ്പും എടുത്തു. പെരുന്നാള്‍ തലേന്ന്, ‘‘ന്‍റെ മോള്‍ നോമ്പെടുത്തതല്ലേ’’ എന്നു പറഞ്ഞ് ഉപ്പ തരാറുള്ള പുത്തനുടുപ്പ് ഇന്നില്ല. എന്റെ പതിനേഴാം വയസ്സില്‍ ഒരു നോമ്പുകാലത്ത് പോരിശയാക്കപ്പെട്ട അവസാനത്തെ പത്തില്‍ നോമ്പോടുകൂടി ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞു. അന്നുമുതല്‍ ഓരോ നോമ്പിനും ഞാനെന്‍റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ഒരുപോലെ പ്രാര്‍ഥിക്കാന്‍ തുടങ്ങി.
അമലുവിന്റെ കൂടുതല്‍ രചനകള്‍ വായിക്കാന്‍ ബ്ലോഗ്‌ സന്ദര്‍ശിക്കാം ..: പിടിച്ചു കയറാന്‍ ഒരു പൂമരം

സരസന്‍ , ശാന്തന്‍ , ലളിതകലാപ്രിയന്‍ .

(തൊഴിയൂരിലെ  പ്രതിഭകള്‍ -4)
ചെറുകഥാകൃത്ത്, നടന്‍ , സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി വ്യത്യസ്ത തലങ്ങളില്‍ തന്റെ പ്രതിഭ തെളിയിച്ച ഒരു തൊഴിയൂർ  നിവാസിയാണ്   റഷീദ്‌ തൊഴിയൂര്‍ . സരസന്‍,ശാന്തന്‍ ,ലളിതകലാപ്രിയന്‍. തുടങ്ങിയ  വിശേഷണങ്ങള്‍ക്ക് തികച്ചും അനുയോജ്യമായ വ്യക്തിത്വത്തിന്നുടമ.. പ്രവാസത്തിന്റെ ഊഷരതയില്‍ നിന്നും മനസ്സിന്റെ ഉള്ളറകളിലേക്ക് ഊറിയെത്തിയ ചിന്തകളെ ലളിതമായ ആഖ്യാനശൈലിയിലൂടെ അനുവാചക ഹൃദയങ്ങളിലേക്ക് കോറിയിടാന്‍ റഷീദിന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ടെന്ന്‌ അടിവരയിട്ടു പറയാനാവും.
തൊഴിയൂറിന്റെ കിഴക്കന്‍ പ്രാന്ത പ്രദേശത്ത് വലിയപറമ്പില്‍ കാദര്‍ സുഹറ ദമ്പതികളുടെ നാല് ആണ്‍മക്കളില്‍ രണ്ടാമനായി  ജനിച്ച റഷീദ്‌ വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ച് ഒരു ചുമട്  പ്രാരാബ്ധങ്ങളുമായി തന്റെ  പത്തൊമ്പതാം വയസ്സില്‍ പ്രവാസ ജീവിതം തുടങ്ങിവെച്ചതാണ് .  തൊള്ളായിരത്തി തൊണ്ണൂറ്റിഒന്നു മുതല്‍ രണ്ടായിരത്തി നാലു വരെ നീണ്ട പതിമൂന്നുവര്‍ഷം സൗദിയില്‍ ജോലി നോക്കിയ ശേഷം നാല് വര്‍ഷത്തെ ഇടവേളയായി നാട്ടില്‍ കഴിച്ചു കൂട്ടിയെങ്കിലും ജീവിത സാഹചര്യം വീണ്ടും പ്രവാസിയാക്കി ഇപ്പോള്‍ കഴിഞ്ഞ അഞ്ചു വർഷങ്ങളായി  ഖത്തറിലെ ദോഹയിൽ   Right way Freight Services എന്ന സ്ഥാപനത്തില്‍ ട്രാന്‍സ്പോര്‍ട്ട് സൂപര്‍വൈസറായി ജോലി നോക്കുന്നു, ഭാര്യ ഹസീന  കുടുംബിനിയാണ് .മക്കള്‍ രണ്ടുപേര്‍ മൂത്തവള്‍ സഹവ എന്ന എഴുവയസ്സുകാരി,മകന്‍ നാലു വയസ്സുകാരന്‍ സഹല്‍ , പാലയൂര്‍   സെന്റ്‌ : ഫ്രാന്‍സിസ് സ്കൂളില്‍ മകള്‍ മൂന്നാം  ക്ലാസ്സിലും മകന്‍ ഒന്നിലും പഠിക്കുന്നു .സഹോദരങ്ങളിൽ  ജേഷ്ടൻ താഹഷെരീഫ് ഷാർജയിലും ,  അനുജന്മാരായ മുസ്തഫ ദുബായിലും ,  മുജീബ് വീഡിയോ ഗ്രാഫറായി നാട്ടിലും ജോലിചെയ്യുന്നു  . പ്രവാസ ജീവിതത്തിന്നിടയിലെ ഇടവേളയില്‍ നാലു വര്‍ഷം നാട്ടില്‍നിന്ന അവസരത്തില്‍ 'അറേബ്യന്‍' എന്ന മലയാളം വീഡിയോ ആല്‍ബത്തിലും 'മിന്നുകെട്ട്' എന്ന സീരിയലില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ റോളിലും അഭിനയിക്കുവാനുള്ള അവസരം ലഭിച്ചിരുന്നു.
റഷീദിന്റെ ആദ്യത്തെ രചന ദൃഷ്ടാന്തം എന്ന ചെറുകഥയാണ്. ഇരിപ്പിടം ഓണ്‍ ലൈന്‍ വാരിക ഏര്‍പ്പെടുത്തിയ കഥാരചനാ മത്സരത്തില്‍ ജീവിത യാതനകള്‍  എന്ന കഥ ഒന്നാം സ്ഥാനത്തിന് അര്‍ഹമായിട്ടുണ്ട്   , റഷീദ്‌ ബ്ലോഗ്‌ രംഗത്തും ശ്രദ്ധേയനാണ്.
ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ് , ഫേസ്‌ബുക്ക് ക്യു-മലയാളം ഗ്രൂപ്‌, തൊഴിയൂര്‍ മഹല്ല് ഖത്തര്‍ കമ്മറ്റി  തുടങ്ങിയ സാമൂഹിക സംഘടനകളില്‍ സജീവ സാന്നിധ്യമായ റഷീദിന്റെ   ഇന്ദ്രധനുസ്സ് എന്ന മലയാളം ബ്ലോഗില്‍ ലളിതമായ ശൈലിയില്‍ എഴുതിയ കുറെ നല്ല ചെറുകഥകള്‍ വായിക്കാനാവും. തന്റെ ബ്ലോഗിന്റെ ആമുഖമായി റഷീദ്‌ കുറിച്ചിരിക്കുന്ന വരികള്‍ ശ്രദ്ധിക്കുക ..
"എന്‍റെ ജീവിതാനുഭവങ്ങള്‍ എന്നെ ഒരു എഴുത്തുകാരനാക്കി, മനുഷ്യ ജീവിതങ്ങളില്‍ ഈ ലോകത്തിന്‍റെ ഏതെങ്കിലുമൊരു കോണില്‍ ഉണ്ടാവും എന്‍റെ കഥയിലെ കഥാപാത്രങ്ങള്‍ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, ആധികാരികമായി രചനകള്‍ നിര്‍വഹിക്കാന്‍ ഞാന്‍ അര്‍ഹനല്ല എന്ന് എനിക്കറിയാം, എന്നാലും എഴുതുവാനുള്ള എന്‍റെ ആര്‍ത്തി അത്യാര്‍ത്തിയായി എന്നില്‍ പരിണമിക്കുമ്പോള്‍ എഴുതാതിരിക്കുവാന്‍ എനിക്ക് നിര്‍വാഹമില്ല, മറ്റ് മേഘലകളില്‍ നിന്നും എഴുത്ത് വേറിട്ടുനില്‍ക്കുന്നു എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു , എഴുത്ത് വെറും നേരമ്പോക്കായി കാണാതെ എഴുതുന്നത്‌ മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു ,എന്‍റെ രചനകളിലൂടെ ആരുടെയെങ്കിലും ജീവിതത്തില്‍ നന്മയും വെളിച്ചവും ഏകാന്‍ കഴിഞ്ഞാല്‍ എന്‍റെ കര്‍ത്തവ്യം അര്‍ത്ഥവത്താകും ' എല്ലാവരിലും നന്മ മാത്രം ഉണ്ടാവട്ടെ ..."
ഈ കൊച്ചു വരികളിലെ നിര്‍മ്മലതയില്‍ നിന്നും റഷീദെന്ന പച്ചയായ മനുഷ്യന്റെ നന്മനിറഞ്ഞ മനസ്സ്  നമുക്ക് വായിച്ചെടുക്കാനാവും, തൊഴിയൂരിനു അഭിമാനമായി  എടുത്തുകാട്ടാവുന്ന  ഈ യുവപ്രതിഭ കൂടുതൽ ഉയരങ്ങളിൽ എത്തിപ്പെടട്ടെ എന്ന് ആത്മാർഥമായും  ആഗ്രഹിക്കുന്നു.
റഷീദ്‌ അഭിനയിച്ച അറേബ്യന്‍ എന്ന ആല്‍ബത്തിലെ ഒരു ഗാനം ഇവിടെ ...കള്ളിപ്പൂങ്കുയിലേ ...എന്നുള്ളം തേന്‍ കിളിയെ ...


റഷീദിന്റെ കൂടുതല്‍ ആല്‍ബങ്ങള്‍ യു-ടുബില്‍ കാണാന്‍ താഴെ  ക്ലിക്കാം ..

റഷീദിന്റെ ബ്ലോഗിലെ പുതിയ കഥ താഴെ വായിക്കാം ..

പെയ്തൊഴിയാതെ.

മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് അറിയപെടുന്ന പുരാതനമായ തറവാടാണ് റഹീം ഹാജിയുടേത്. പാരമ്പര്യമായി ഭൂസ്വത്ത് വേണ്ടുവോളം ഉണ്ടെങ്കിലും വ്യാപാര പ്രിയനായിരുന്നു അദ്ദേഹം. കേരളത്തിലും ഗള്‍ഫ് നാടുകളിലും വ്യാപിച്ചു കിടക്കുന്നു അദ്ദേഹത്തിന്‍റെ വ്യാപാര കേന്ദ്രങ്ങള്‍. .... .വ്യാപാരത്തോടൊപ്പം കൃഷിയിലും  തല്‍പരനായ അദ്ദേഹം കൃഷിയിടം അധികരിപ്പിക്കാന്‍ അഹോരാത്രം പരിശ്രമിച്ചു.സമ്പന്നത വിളിച്ചോതുന്ന എട്ട്‌ കിടപ്പുമുറികളുള്ള ഇരുനില മണിമാളികയായിരുന്നു റഹീം ഹാജിയുടേത് . മാളികയില്‍ ഇപ്പോള്‍ താമസിക്കുന്നത് റഹീം ഹാജിയും, ഭാര്യ ഫാത്തിമയും ,മക്കളായ  ഷാഹിദും, ഷാഹിനയും ,ഷാഹിനയുടെ  രണ്ടും നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ടു വാല്യക്കാരികളുമാണ് . മാളികയോട് ചേര്‍ന്നുള്ള കയ്യാലപുരയില്‍ കാര്യസ്ഥന്‍ ഉമ്മര്‍കുട്ടിയും കുടുംബവും താമസിക്കുന്നുണ്ട് .
  ഷാഹിദ്‌ ലണ്ടനില്‍ നിന്നും ഉപരിപഠനം കഴിഞ്ഞതില്‍ പിന്നെ വിദേശങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലെ മേല്‍നോട്ടം വഹിക്കുന്നു.  ഷാഹിനയുടെ വിവാഹം പതിനേഴാമത്തെ വയസ്സിലായിരുന്നു നടത്തപെട്ടത്‌ .ഷാഹിന അന്ന് പ്ലസ്‌ടു വിജയിച്ചിരിക്കുന്ന സമയമായിരുന്നു   .തുടര്‍ന്നു പഠിക്കണം എന്ന് ഷാഹിനയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും റഹിം ഹാജി അവളുടെ വാക്കുകള്‍ ചെവികൊണ്ടില്ല. 
,, വല്ല്യ പഠിപ്പുകാരിയായിട്ട് ജോലിയ്ക്ക് പോകേണ്ട  ഗതികേടൊന്നും എന്‍റെ മോള്‍ക്കില്ലാ ,,
എന്നതായിരുന്നു റഹീം ഹാജിയുടെ ഭാഷ്യം .ഷാഹിനയ്ക്ക് ഹാഷിം എന്ന സ്നേഹസമ്പന്നനായ ഭര്‍ത്താവിനെയാണ് ലഭിച്ചത് .ഒരു ജര്‍മ്മന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഉല്ലാസ കപ്പലിലെ മാനേജറായ ഹാഷിം ആറുമാസം കൂടുമ്പോള്‍ അവധിക്ക്‌ നാട്ടില്‍ വന്നുപോകും .ഹാഷിം നാട്ടിലെത്തിയാല്‍  ഹാഷിമും ഷാഹിനയും മക്കളും പട്ടണത്തില്‍ റഹീം ഹാജി ഷാഹിനയ്‌ക്കായി  വാങ്ങി നല്‍കിയ വീട്ടിലാണ് താമസിക്കുക .
 ഹാഷിം തിരികെ പോയാല്‍ ഷാഹിനയും മക്കളും റഹീം ഹാജിയുടെ വീട്ടിലേക്ക് തന്നെ തിരികെ പോരും .ഹാഷിമിന്‍റെ വീട്ടുക്കാരുമായി  ഷാഹിന സ്വരച്ചേര്‍ച്ചയില്ലല്ല.വിവാഹം കഴിഞ്ഞ നാളുകളില്‍ തന്നെ ഹാഷിമിന്‍റെ സഹോദരിമാരുമായി ഷാഹിന വഴക്ക് കൂടുന്നത് പതിവായിരുന്നു.ഷാഹിദിന് ഷാഹിനയെ ജീവനാണ് ഒരേയൊരു സഹോദരിക്ക് വേണ്ടി ജീവിക്കുന്നത് പോലെയാണ് അയാളുടെ പ്രവര്‍ത്തികള്‍..
ഷാഹിന എന്തെങ്കിലും ആവശ്യപെട്ടാല്‍ അത് നിറവേറ്റി കൊടുക്കാതെ ഷാഹിദിന് ഉറങ്ങുവാന്‍ കഴിയുമായിരുന്നില്ല  .വിവാഹം കഴിഞ്ഞതില്‍ പിന്നെ ഷാഹിന ഡ്രൈവിംഗ് പഠിച്ചു .സ്ത്രീധന മായി നല്‍കിയ ആഡംബര വാഹനം ഉള്ളപ്പോള്‍ തന്നെ പുതുതായി ഇറങ്ങിയ ആഡംബര വാഹനം വേണം എന്ന് ഷാഹിന ഷാഹിദിനോട് പറഞ്ഞപ്പോള്‍ ഒരാഴ്ചത്തെ അവധിക്ക് ഷാഹിദ് നാട്ടിലേക്ക് പോന്നു .രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ  പുതിയ വാഹനം ഷാഹിദ്‌ സഹോദരിക്ക് വാങ്ങിച്ചു നല്‍കിയിട്ട് അധിക നാളുകളായിട്ടില്ല .
പുതിയ വാഹനം  വാങ്ങിച്ചു നല്‍കിയപ്പോള്‍  ഫാത്തിമ മകനോട്‌ പറഞ്ഞു  
,, ഇപ്പൊ ഓള്‍ക്ക് എന്തിനാ വേറെ വണ്ടി വാങ്ങിക്കൊടത്തത്  ഇയ്യ് ഒരുത്തനാ ഓളെ വെടക്കാക്കണത് . രണ്ട് കുട്ട്യോള് ഉണ്ട് അവറ്റകളെ നോക്കാനുണ്ടോ ഓള്ക്ക് നേരം .സര്‍ക്കീട്ട് പോകാനേ ഓള്ക്ക് നേരോളളു. സര്‍ക്കീട്ട് കയിഞ്ഞു വന്നാല് പിന്നെ കംബ്യൂട്ടറിന്‍റെ മുന്നില് ഇരിക്കാനേ ഓള്ക്ക് നെരോളളു.പെണ്ണാണെന്നുള്ള ബല്ല ബിജാരോം ഒണ്ടോ ഓള്ക്ക്   ,,
എന്‍റെ ഉമ്മച്ചി ഞാനും വാപ്പേം കൂടി പണം ബേണ്ടത് പോലെ ഉണ്ടാക്ക്ണു ണ്ട്. മയ്യത്താകുമ്പോ കൂടെ കൊണ്ടോകോ ഈ പണോക്കെ .എന്‍റെ ഒരേയൊരു പെങ്ങളാ ഓള് ,ഓള് പറഞ്ഞാല്‍ എന്നെകൊണ്ട് കയ്യണത്  ഞാനോള്‍ക്ക് ബാങ്ങിച്ചു കൊടുക്കും.എനക്ക് എന്‍റെ ജീവനാ ഓള് ഇങ്ങള് ഓരോന്ന്‍ പറഞ്ഞ് ഞമ്മളെ ബേജാറാക്കല്ലേ  ...... ,,
റഹീം ഹാജി ഇടയ്ക്കൊക്കെ നാട്ടില്‍ വന്നു പോയികൊണ്ടിരിന്നു .
ഷാഹിനയുടെ പ്രധാന ഹോബി ഫേസ്ബുക്കില്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നതാണ് .കഴിഞ്ഞ ദിവസം ഒരു സുമുഖനായ ചെറുപ്പക്കാരന്‍റെ ഫ്രെണ്ട് റിക്കൊസ്റ്റ് കണ്ടപ്പോള്‍ അവള്‍ അയാളെ  സുഹൃത്തായി  അംഗീകരിച്ചു. സുഹൃത്താക്കിയതിലുള്ള നന്ദി വാക്കുകളായിരുന്നു തുടക്കം. അയല്‍ ജില്ലക്കാരനായ രോഹിത് എന്ന ചെറുപ്പക്കാരനില്‍ മറ്റാരിലും ഇല്ലാത്ത സ്നേഹം ഉണ്ടെന്ന്  തിരിച്ചറിയുവാന്‍ ഷാഹിനയ്ക്ക് അധിക നാളുകള്‍ വേണ്ടി വന്നില്ല. താന്‍ എന്നും  ഷാഹിനയുടെ  നല്ലൊരു സുഹൃത്തായിരിക്കും  എന്നായിരുന്നു ആദ്യമൊക്കെ അയാളുടെ ഭാഷ്യം.പിന്നീട്‌ ഫേസ്ബുക്ക് ചാറ്റിംഗില്‍ നിന്നും വീഡിയോ ചാറ്റിംഗിലേക്കും സുഹൃത്ത് ബന്ധത്തില്‍നിന്നും പ്രണയബന്ധത്തിലേക്കും  അവരുടെ ബന്ധം വഴിമാറി .വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണെന്ന് അവള്‍ അയാളോട് പറയാറുണ്ടെങ്കിലും . ഷാഹിന ഇല്ലാതെ ജീവിക്കുവാന്‍ തനിക്കാവില്ലാ  എന്ന്അയാള്‍   നിരന്തരം അവളോട്‌ പറഞ്ഞു കൊണ്ടേയിരുന്നു.
ദിവസങ്ങള്‍ കൊഴിഞ്ഞു പോയി ഷാഹിനയ്ക്ക് ഇപ്പോള്‍ രോഹിതുമായി ഒരു ദിവസം പോലും സംസാരിക്കാതെ ഇരിക്കുവാന്‍ കഴിയാതെയായി .ഒരു ദിവസം രോഹിത്‌ പറഞ്ഞു .
,, എന്‍റെ പൊന്നെ എനിക്ക് ഷാഹിനയെ നേരില്‍ കാണുവാന്‍ കൊതിയാവുന്നു,, 
ഷാഹിന അയാളില്‍ നിന്നും അങ്ങിനെയൊരു വാക്ക് കേള്‍ക്കുവാന്‍ കൊതിച്ചിരുന്നു വെങ്കിലും അവള്‍ പറഞ്ഞു .
,, എന്താ ഇങ്ങള്  ഈ പറയണത് ആരെങ്കിലും അറിഞ്ഞാല്‍ ?,,
,,എന്‍റെ പൊന്നെ  ആരും അറിയില്ല എനിക്ക് ഇനിയും ഷാഹിനയെ കാണാതെയിരിക്കുവാന്‍ ആവില്ല. നേരില്‍ ഒന്ന് കണ്ടാല്‍ മാത്രം  മതി .,,
അവരുടെ  ആദ്യസമാഗമം പട്ടണത്തിലെ പാര്‍ക്കില്‍ വെച്ചായിരുന്നു .ഫോട്ടോയില്‍ കാണുന്നതിനെക്കാളും സുമുഖനായിരുന്നു രോഹിത്.എപ്പോഴും ചിരിച്ചുകൊണ്ടുള്ള രോഹിതിന്‍റെ സംസാരം ഷാഹിനയ്ക്ക് ഒരുപാട് ഇഷ്ടമായി . പിന്നീട് കുറച്ചു നാളത്തേക്ക് അവര്‍ക്ക് നേരില്‍ കാണുവാന്‍ കഴിഞ്ഞില്ല .ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍  ഒന്നുകൂടി നേരില്‍ കാണണം എന്ന് രോഹിത് പറഞ്ഞപ്പോള്‍ ഷാഹിനയാണ് പട്ടണത്തിലെ തന്‍റെ വീടിനെ കുറിച്ച് അയാളോട് പറഞ്ഞത് .അവള്‍ പറഞ്ഞത് പ്രകാരം പട്ടണത്തില്‍ അയാള്‍ അവളെ കാത്തു നിന്നു.അവളുടെ വാഹനത്തില്‍ അയാളെ അവള്‍ പട്ടണത്തിലെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി .രോഹിത് കയ്യില്‍ കഴിക്കുവാന്‍ ഭക്ഷണവും ശീതളപാനീയവും കരുതിയിരുന്നു.
അന്ന് അവര്‍ ഒരു പാട് നേരം സംസാരിച്ചിരുന്നു .സംസാരത്തിനിടയില്‍ അയാള്‍ കൊണ്ടു വന്ന ഭക്ഷണം അവര്‍  ഭക്ഷിച്ചു.ശീതളപാനീയം കുടിച്ചപ്പോള്‍  എന്തെന്നില്ലാത്ത ഒരു അനുഭൂതി ഷാഹിനയ്ക്ക് അനുഭവപെട്ടു . കണ്ണിമകള്‍ അടയുന്നത് പോലെ ,എത്രശ്രമിച്ചിട്ടും കണ്ണിമകള്‍ തുറക്കുവാന്‍ അവള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല .കൈകള്‍ കഴുകുവാനായി ഇരുന്നിടത്തു നിന്നും എഴുനേറ്റപ്പോള്‍ പാദങ്ങള്‍ നിലത്ത് ഉറക്കാത്തത് പോലെ അനുഭവപെട്ടു.  അപ്പോള്‍  അവള്‍ രോഹിതിനെ നിസഹയായി നോക്കി . അയാള്‍ അവളുടെ അരികിലേക്ക് ച്ചെന്ന് അവളുടെ  കൈ പിടിച്ചു, അയാള്‍ അവളെ തന്‍റെ മാറിലേക്ക് ചായ്ച്ചു . പിന്നീട്  അവള്‍ ഒന്നും  അറിയുന്നുണ്ടായിരുന്നില്ല . ഏതോ മായികലോകത്ത് അകപെട്ടത്‌ പോലെ ഒരു നവ്യാനുഭവമായി അവളില്‍ അവശേഷിച്ചു .അര്‍ദ്ധ അബോതാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ കിടപ്പുമുറിയിലെ മെത്തയില്‍ അവള്‍ വിവസ്ത്രയാക്കപെട്ടിരുന്നു .
ചെയ്തുപോയ തെറ്റിനെക്കുറിച്ചോര്‍ത്ത്  അവളുടെ മനം നൊന്തു .രോഹിത് അപ്പോള്‍  അവളുടെ നഗ്നമായ ശരീരം മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു .  എല്ലാം നേടിയെടുത്ത അഹങ്കാരിയുടെ മുഖഭാവത്തോടെയുള്ള അയാളുടെ ഇരിപ്പ് കണ്ടപ്പോള്‍ അന്ന് ആദ്യമായി അയാളോട് അവള്‍ക്ക് വെറുപ്പ്‌ തോന്നി .വസ്ത്രങ്ങള്‍ ഒരുവിധം എടുത്തണിഞ്ഞ് അവള്‍ തിടുക്കത്തില്‍ വാഹനത്തില്‍ കയറി വീട്ടിലേക്ക് തിരികെ പോന്നു .മനസ്സ് നിറയെ കുറ്റബോധവുമായി   വീട്ടില്‍ എത്തിയപ്പോള്‍ ഫാത്തിമ മകളെ കാണാതെ ഉമ്മറത്ത് കാത്തിരിപ്പുണ്ടായിരുന്നു .
,, ഇത് എന്താപ്പോ കഥ നേരം എത്രയായി എന്ന് അറിയോ അനക്ക് .
ചോയിക്കാനും പറയാനും ആരും ഇല്ലാത്തതിന്‍റെ  ഹുങ്കാണ് അനക്ക്. അവര് വിളിക്കുമ്പോ ഞാന്‍ പറയണുണ്ട്‌ പുന്നാര മോളുടെ അഴിഞ്ഞാട്ടം.  ഇത് എന്തൊരു ജന്മാ എന്‍റെ പടച്ചോനെ,,ഫാത്തിമ പിറുപിറുത്തു കൊണ്ടിരുന്നു .
ഷാഹിന ഉമ്മയോട് മറുപടി പറഞ്ഞില്ല.  കിടപ്പുമുറിയുടെ കതകടച്ച് മെത്തയിലേക്ക് അവള്‍ ചാഞ്ഞു .അന്നവള്‍ കമ്പ്യൂട്ടറിന് മുന്‍പില്‍ ഇരുന്നില്ല .തന്‍റെ ജീവിതം ശിഥിലമാകുവാന്‍ കാരണമായ സൈബര്‍ ലോകത്തെ അവള്‍ വെറുത്തു .അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ മക്കളെ അരികിലേക്ക് വിളിച്ച് കെട്ടി പിടിച്ച് ഒരുപാട് നേരം കരഞ്ഞു .സമയം ഒന്‍പത്‌ കഴിഞ്ഞപ്പോള്‍ അവളുടെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തു. ഷാഹിന മൊബൈല്‍ഫോണ്‍ എടുത്ത് നോക്കി. രോഹിത്‌ ആണെന്ന് കണ്ടപ്പോള്‍ അവള്‍ കാള്‍ എടുത്തില്ല .തുടരെത്തുടരെ റിംഗ് ചെയ്തപ്പോള്‍ മനസ്സില്ലാമനസ്സോടെ കാള്‍ എടുത്തു.
,, എന്താ ഫോണ്‍ എടുക്കാത്തത് .എനിക്ക് ഇന്ന് രണ്ടു മണിക്ക് തന്നെ നേരില്‍ കാണണം. ഞാന്‍ ഇന്നലെ നമ്മള്‍ ഒത്തുകൂടിയ വീട്ടില്‍ കാത്തിരിക്കും,,
,, ഇല്ല ഞാന്‍ വരില്ല ഇങ്ങള് എന്നെ ചതിച്ചു ,,
 ഇന്നലെ ഞാന്‍ എടുത്ത വീഡിയോ ക്ലിപ്പ് എന്‍റെ ഫോണില്‍ ഭദ്രമായി ഇരുപ്പുണ്ട് .എന്താ ഷാഹിന വരില്ലേ ,,
ഭീഷണിയുടേ സ്വരമായിരുന്നു അയാളുടേത്.
അവള്‍ ,ഊം ,എന്ന് മൂളുക മാത്രം ചെയ്തു .
അവള്‍ക്ക് അയാളുടെ അരികിലേക്ക് പോകാതെയിരിക്കുവാന്‍ നിര്‍വാഹം ഉണ്ടായിരുന്നില്ല .അന്ന് അയാളുടെ കൂടെ രണ്ടു ചെറുപ്പക്കാര്‍ വേറെയും ഉണ്ടായിരുന്നു .രോഹിതിന്‍റെ കൂടെ ആളെ കണ്ടപ്പോള്‍  ഷാഹിന പകച്ചു നിന്നു.തിരികെ നടക്കുവാന്‍ ശ്രമിച്ച ഷാഹിനയെ  രോഹിത് കൈയ്യില്‍ പിടിച്ച് കിടപ്പ് മുറിയിലേക്ക് തള്ളി. രോഹിതിന്‍റെ കൂടെ വന്ന ഒരു ചെറുപ്പകാരനും ഒപ്പം  കയറി . രോഹിത് മുറിയില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ ചെറുപ്പക്കാരന്‍ കിടപ്പുമുറിയുടെ കതകടച്ച് സാക്ഷയിട്ടു .അവള്‍ക്ക് ഉറക്കെ കരയണം എന്നുണ്ടായിരുന്നു പക്ഷെ ശബ്ദം    തൊണ്ടയില്‍ കുരുങ്ങി നിന്നു .അന്ന് മൂന്നു പേരും ഷാഹിനയെ മാറിമാറി  ഉപയോഗിച്ചു.പിന്നീട് ഇത് തുടര്‍ന്നു കൊണ്ടേയിരുന്നു.രോഹിതിന്‍റെ       കൂടെ പലരും വന്നുകൊണ്ടേയിരുന്നു ..ശീതളപാനീയത്തില്‍ മയക്കുമരുന്ന്‌ സ്ഥിരമായി രോഹിത് ശാഹിനയ്ക്ക് നല്‍കികൊണ്ടിരുന്നു പതിയെപ്പതിയെ ഷാഹിനയ്ക്ക് മയക്കുമരുന്ന്‌ ഇല്ലാതെ ജീവിക്കുവാന്‍ കഴിയാതെയായി .ഷാഹിന രോഹിതില്‍ നിന്നും മയക്കുമരുന്ന്‌ നേരിട്ട് വാങ്ങിക്കുവാന്‍ തുടങ്ങി  അയാള്‍ ചോദിക്കുന്ന രൂപ അവള്‍ അയാള്‍ക്ക്‌ കൊടുത്ത് കൊണ്ടും ഇരുന്നു .
ഹാഷിം അവധിക്ക് നാട്ടിലേക്ക് വരുന്നു എന്ന വാര്‍ത്ത ഷാഹിനയെ തളര്‍ത്തി അന്ന് ഷാഹിന രോഹിതിന് വിളിച്ചു.
,, എന്‍റെ ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ വരുന്നുണ്ട് ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെ ,,
,, വെറുതെ വിടുവാനോ എന്‍റെ കയ്യില്‍ കുരുങ്ങിയ ഇരയെ ഇത് വരെ ഞാന്‍ വെറുതെ വിട്ടിട്ടില്ല .നമ്മള്‍ നാട് വിടുന്നു .നിനക്ക് ഇനി എന്നെ പോലെ മയക്കുമരുന്ന്‌ ഇല്ലാതെ ജീവിക്കുവാന്‍ ഈ ഭൂലോകത്ത് കഴിയില്ല . കിട്ടാവുന്ന രൂപയും എടുത്ത് നാളെ പോന്നോളു    വന്നില്ലാ എങ്കില്‍ ലോകം മുഴുവന്‍ ഞാന്‍ കാമകേളിയുടെ വീഡിയോ പ്രചരിപ്പിക്കും ,, 
അന്തര്‍ദ്ദേശീയ മയക്കുമരുന്ന്‌ മാഫിയയുടെ കണ്ണിയായിരുന്നു രോഹിത് .കലാലയ ജീവിതം തുടങ്ങുന്നത് വരെ സല്‍സ്വഭാവിയായിരുന്നു അയാള്‍ .അദ്ധ്യാപകരായ മാതാപിതാക്കളുടെ സ്നേഹസമ്പന്നനായ മകന്‍. മയക്കുമരുന്ന്‌ മാഫിയയില്‍ അകപ്പെട്ടതിന്  ശേഷമാണ് ക്രൂരമായ മനസ്സിന്‍റെ ഉടമയായത്   .വീട്ടില്‍ നിന്നും മയക്കുമരുന്നിനായി രൂപ ലഭിക്കാതെ ആയപ്പോള്‍ .ഫേസ്ബുക്ക് കേന്ദ്രീകരിച്ച്‌ സമ്പന്നരായ പെണ്‍ കുട്ടികളെ സ്നേഹം നടിച്ച്‌ വലയിലാക്കുക അയാള്‍ പതിവാക്കി .അതിനായി ഫേസ്ബുക്കില്‍ ഇരയെ തിരഞ്ഞു കൊണ്ടേയിരിക്കും .പത്തുപേരുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചാല്‍ ഒരാള്‍ തന്‍റെ ഇംഗിതത്തിന് വഴങ്ങും എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു .വീടിന്‍റെയും പുതിയ വാഹനത്തിന്‍റെയും ചിത്രങ്ങള്‍ സുഹൃത്തുക്കളുമായി പങ്കു വെച്ചതാണ് ഷാഹിനയ്ക്ക് വിനയായത്.ഇരയെ ആയി ബോംബെയിലേക്ക് നാട് വിടുന്ന രോഹിത് ഇരയുടെ സാമ്പത്തിക ശ്രോതസ്സ് നിലച്ചാല്‍ ചുവന്നതെരുവിലെ പെണ്‍ വാണിഭ  ശൃംഖലയ്ക്ക്    ഇരയെ വില്‍ക്കും അതാണ്‌ അയാളുടെ രീതി .
അടുത്ത ദിവസ്സം ഷാഹിന  സഹോദരന്‍ വാങ്ങി നല്‍കിയ ആഡംബര കാറുമായി   കുഞ്ഞുങ്ങളെയും കൊണ്ട് രോഹിതിന് അരികില്‍ എത്തി .രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ബോംയിലും  എത്തി .പോരുമ്പോള്‍ ഷാഹിനയുടെ  എ റ്റി എം കാര്‍ഡും സഹോദരന്‍റെ എ റ്റി എം കാര്‍ഡും സ്വര്‍ണവും ഷാഹിന കരുതിയിരുന്നു .ബോംബെയില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് അവര്‍ വാടകയ്ക്ക് എടുത്തു താമസം തുടങ്ങി. ഷാഹിന രോഹിതില്‍ നിന്നും ആഗ്രഹിച്ചിരുന്നത് മയക്കുമരുന്ന്‌ മാത്രമായിരുന്നു .അയാള്‍  അത് അവള്‍ക്ക് വേണ്ടുവോളം നല്‍കി .
ഷാഹിനയും കുഞ്ഞുങ്ങളും വീട് വിട്ട് എങ്ങോട്ട് പോയി എന്നറിയാതെ റഹീം ഹാജിയും ഷാഹിദും നാട്ടില്‍  എത്തി തിരച്ചില്‍ ആരംഭിച്ചു.ഹാഷിം അവധിക്കാലം കഴിഞ്ഞ് ഭാര്യയെയും കുഞ്ഞുങ്ങളേയും കാണാന്‍ കഴിയാതെ തിരികെപോയിരുന്നു . ഏതാനും ആഴ്ചകള്‍  കഴിഞ്ഞപ്പോള്‍ .ഷാഹിനയുടെ മക്കള്‍ ദാരുണമായി ബോംബയിലെ റെയില്‍വേ പാളത്തില്‍ മരണപെട്ടു എന്ന നാടിനെ നടുക്കിയ വാര്‍ത്തയുമായാണ് ഗ്രാമം ഉണര്‍ന്നത് . പേരക്കുട്ടികളുടെ മരണ വാര്‍ത്തയറിഞ്ഞ റഹീം ഹാജിയെ ഹൃദയ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ഷാഹിദും സുഹൃത്തുക്കളും ബൊംബയിലേക്ക് യാത്ര തിരിച്ചു .അത്ത്യാഹിതം നടന്ന പരിധിയില്‍ പെട്ട പോലീസ് സ്റ്റേഷനില്‍ തിരക്കിയപ്പോള്‍ അവിടെ ഷാഹിന ഉണ്ടായിരുന്നു .പോലീസ് കാര്യങ്ങള്‍ ഷാഹിദിനോട് വിശദീകരിച്ചു.ഉറങ്ങി കിടന്നിരുന്ന രോഹിതിനെ ഷാഹിന കഴുത്തറുത്തുകൊന്നു.കുഞ്ഞുങ്ങള്‍ എങ്ങിനെയാണ് മരണ പെട്ടത് എന്ന് അഞ്ജാതമാണ് ഷാഹിന ഒന്നും ഉരിയാടുന്നുണ്ടായിരുന്നില്ല.മനോനില തെറ്റിയ ഷാഹിനയെ കണ്ടപ്പോള്‍ ഷാഹിദ് പൊട്ടികരഞ്ഞുപോയി .കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍ ബോംബെയിലെ ഒരു കബര്‍സ്ഥാനില്‍ കബറടക്കി.
ഷാഹിനയ്ക്ക്  ജാമ്യം ലഭിക്കുവാനായി ഷാഹിദ് പണം വാരിയെറിഞ്ഞു.നാലാം ദിവസ്സം  റഹീം ഹാജിയുടെ മരണ  വാര്‍ത്തയാണ് ഷാഹിദിനെ തേടിയെത്തിയത്  .ഷാഹിദും സുഹൃത്തുക്കളും  നാട്ടിലേക്ക് തിരിച്ചു .സഹോദരി മൂലം നഷ്ടങ്ങള്‍ വേണ്ടുവോളം ഉണ്ടായെങ്കിലും അയാള്‍ ഷാഹിനയെ വെറുത്തില്ല .എങ്ങനെയെങ്കിലും സഹോദരിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട്  പോകണം എന്നായിരുന്നു അയാളുടെ ചിന്ത .അതിനായി അയാള്‍ അഹോരാത്രം പരിശ്രമിച്ചു .
പോലീസ് സ്റ്റേഷനിലെ കാരാഗ്രഹത്തില്‍ ഷാഹിന ഏകയായിരുന്നു .അവളുടെ മനസ്സ് ശൂന്യമായിരുന്നു കഴിഞ്ഞതൊന്നും ഓര്‍മയില്‍ ഇല്ലാത്ത മനസ്സായിരുന്നു   അപ്പോള്‍ അവളുടേത് .പോലീസ് അവളുടെ തല മുണ്ഡനം ചെയ്തു .മയക്കുമരുന്ന്‌ ലഭിക്കാതെ ആയപ്പോള്‍   ശിരസ്സ് ചുമരില്‍ സ്വയം  ഇടിച്ച് പരിക്കേല്‍പ്പിച്ചു  ഷാഹിന ആശ്വാസം കണ്ടെത്തി  .ശിരസ്സില്‍ നിന്നും ചോരവാര്‍ന്നു തുടങ്ങിയപ്പോള്‍ പോലീസ് ഷാഹിനയെ മാനസീക  ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി .റഹീം ഹാജിയുടെ മൃതദേഹം കബറടക്കിയ ഉടനെ തന്നെ ഷാഹിദ് ബോംബയിലെക്ക് തിരികെയെത്തി ഷാഹിനയെ ജാമ്യത്തിലിറക്കുവാന്‍ ശ്രമമാരംഭിച്ചു.ഒരാഴച്ചയ്ക്കു ശേഷം ,ബോംബെ വിട്ടു പോകെരുത് എന്ന നിബന്ധനയോടെ ശാഹിനയ്ക്ക് ജാമ്യം ലഭിച്ചു .ഷാഹിദ് അപ്പാര്‍ട്ട്മെന്‍റെ വാടകയ്ക്ക് എടുത്ത് ഷാഹിനയെ പരിപാലിച്ചു.ഷാഹിന ഒന്നും ഉരിയാടാതെ ഇരുന്നിടത്ത് തന്നെയിരിക്കും  .ഷാഹിന സംസാരിക്കുന്നത് കേള്‍ക്കുവാന്‍ ഷാഹിദ് കൊതിച്ചു പക്ഷെ നിരാശയായിരുന്നു ഫലം.  ഷാഹിനയെ കുളിപ്പിക്കുവാനും മറ്റും ഷാഹിദ് ഒരു ഹോം നഴ്സിനെ ഏര്‍പ്പാടാക്കി.
മാസങ്ങള്‍ക്കൊടുവില്‍ മാനസിക നില തെറ്റിയത് മൂലം കോടതി ഷാഹിനയെ കുറ്റവിമുക്തയാക്കി അപ്പോഴും ഷാഹിനയുടെ മക്കള്‍ എങ്ങിനെ കൊലചെയ്യപ്പെട്ടുവെന്ന് അഞ്ജാതമായിരുന്നു . അടുത്തദിവസം നാട്ടിലേക്ക് പോകുവാനായി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യം വെച്ച് ഷാഹിദ് ഷാഹിനയുടെ കൈ പിടിച്ചിറങ്ങുമ്പോള്‍ ഷാഹിനയുടെ മനോനില വീണ്ടെടുക്കാന്‍ കഴിയുമെന്ന് അയാളുടെ  മനസ്സ്‌ മന്ത്രിച്ചു.അപ്പോള്‍   പെയ്തൊഴിയാന്‍ വെമ്പുന്ന മഴക്കാറുകളെ ഞൊടിയിടയില്‍ ശക്തമായി  ആഞ്ഞടിച്ച കാറ്റ് അപഹരിച്ചു കൊണ്ടു പോയി  ഒരു പക്ഷെ അരുതാത്ത തെറ്റുകള്‍ ചെയ്തതിന് ഷാഹിനയോടുള്ള പ്രകൃതിയുടെ നീരസമാവാം ആ പ്രതിഭാസം.



ബഫറിംഗ്.

സമീർ മത്രംകോട്  സഹൃദയനും കലാതൽപരനുമായ ഒരു തൊഴിയൂർ നിവാസി കഴിഞ്ഞ എട്ടു വർഷങ്ങളോളമായി  പ്രവാസിയായി ഖത്തറിലുണ്ട് , സുനേന നഗറിൽ മത്രംകോട് മൊയ്തുട്ടി, ആമിനു ദമ്പതികളുടെ നാലുമക്കളിൽ ഇളയനായ സമീർ രണ്ടു വർഷത്തിലേറെയായി ഖത്തർ എയർ വൈസിൽ  അക്കൌന്റ്സ് ഡിപ്പാർട്ട്മെന്റിൽ ജോലിനോക്കി വരുന്നു ,സലിം മത്രംകോട് (ഫോട്ടോ ജേർണലിസ്റ്റ് -പെനിൻസുല ,ഖത്തർ ) ബഷീർ അഹമ്മദ് ( ടൂറിസ്റ്റ്‌ട്രാവെൽ ബ്യൂറോ , അൽ -ഖോർ , ഖത്തർ ) മുജീബ് റഹ്മാൻ (കാപ്കോ,ഖത്തർ ) എന്നിവർ  സഹോദരങ്ങൾ , ഭാര്യ യംസിയ   ഒരു മകൻ ഷുഹൈബ്  (രണ്ടു വയസ്സ് ) 
താഴെ ചേര്‍ക്കുന്ന ലേഖനം ഫോകസ് ഖത്തർ പുറത്തിറക്കിയ ദോഹ യൂത്ത് കോണ്‍ഫറൻസ്‌ സോവനീരിൽ സമീറിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടതാണ് .
(സമീര്‍ കോളേജ്‌ പഠന കാലത്ത് )
പച്ചവിരിച്ച് നില്‍ക്കുന്ന പാടങ്ങളും, ചെമ്പക പൂവിന്റെ  മണമുള്ള എന്റെ‌ വീട്ടുമുറ്റവും , കണിക്കൊന്ന പൂത്തുനില്‍ക്കുന്ന എന്റെ ഗ്രാമ ഭംഗിയുംവിട്ട് സന്ദര്‍ശന വിസയില്‍ ദോഹയില്‍ എത്തിയത് മുതല്‍ ഇത് പ്രവാസത്തിന്റെ എട്ടാം വര്‍ഷം .
ആദ്യ മൂന്നു വര്‍ഷം  തീര്‍ത്തും ഒരു കുടുംബാന്തരീക്ഷം തന്നെയായിരുന്നു .ഇക്കമാരും അവരുടെ കുടുംബവും പിന്നെ വളരെ കുറച്ചു സുഹൃത്തുക്കളുമായിട്ടുള്ള ഒരു ചെറിയ ലോകം .നാട് വിട്ടു വന്നതിന്റെ വിഷമങ്ങളോ പിരിമുറുക്കങ്ങളോ  ഒന്നും അനുഭവിച്ചരിയാതെയുള്ള ദിനങ്ങള്‍.
പിന്നീട് പലപ്പോഴായി പരിചയപ്പെട്ട ഗള്‍ഫ്‌  സൌഹൃദങ്ങള്‍ ബാച്ചിലര്‍ റൂമുകളിലെ താമസത്തിന് വഴിയൊരുക്കി ,പല സ്ഥലങ്ങളിലായി ചെറിയ ഇടവേളകളില്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലക്കാരുമയുള്ള ജീവിതം, പ്രവാസത്തിന്റെ ആ നീരൊഴുക്കിലേക്ക് കുറേശെ കുറേശെയായി ഞാന്‍ ഊര്‍ന്നിറങ്ങുകയായിരുന്നു .
ആദ്യം അല്‍ ഖോറില്‍,എന്റെ സമീപ നാട്ടുകാര്‍ തന്നെയായ ഒരു ജോലിയില്ലാ പട്ടാളവുമായായി പിന്നെ എന്റെ ചങ്ങാത്തം , സ്വപനങ്ങള്‍ നെയ്തു കൂട്ടി അവയ്ക്ക് മുകളില്‍ അടയിരിക്കുന്ന പൊന്മുട്ടയിടാത്ത താറാവ് കൂട്ടങ്ങള്‍! ഒരു കൂരവെക്കാന്‍ ,സഹോദരിയെ മാന്യമായി കെട്ടിച്ചുവിടാന്‍ ,പിതാവിന്റെത കടങ്ങളും ജോലിഭാരവും ഒഴിവാക്കി ഒരു കൈ താങ്ങായി മാറാന്‍ അങ്ങിനെയങ്ങിനെ നിരവധി സ്വപ്നങ്ങള്‍ നെഞ്ചില്ട്ട് തിരിച്ചും മറിച്ചും കൂട്ടിയും കിഴിച്ചും സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുന്ന പ്രവാസി കൂട്ടം .
ആ കൂട്ടായ്മക്ക് ഞങ്ങള്‍ ‘തണ്ടര്‍ ബോയ്സ് ‘എന്ന് പേരിട്ടു .ക്രിക്കറ്റും ,കാരംസും ,വൈകുന്നേരങ്ങളിലെ കോര്‍ണീഷ് ചുറ്റലുമൊക്കെയായി കുറച്ചു നല്ല നാളുകള്‍ . പിന്നെ ജോലി തരപ്പെട്ടപ്പോള്‍ പലരും പലവഴിക്ക് പിരിഞ്ഞു .
ഞാന്‍ വീണ്ടും ദോഹ ഷാര കഹ്രുബയിലേക്ക്, അതൊരു കണ്ണൂര്‍ നിവാസികളുടെ വില്ല.
പാനൂര്‍ സ്വദേശിയും I.C എന്ന് ഇഷ്ടത്തോടെ വിളിക്കുന്ന അബ്ദുല്‍ അസീസ്‌ ആണ് അവിടെയൊരു താല്‍ക്കാലിക ബെഡ് സ്പൈസ് ശെരിയാക്കി തന്നത്.
“വൈദ്യര്‍ പശുവിനെ തല്ലിയാല്‍ എല്ലായിടത്തും മര്‍മ്മം എന്ന് പണ്ടാരോ പറഞ്ഞത് പോലെ മൂട്ടക്കും പാറ്റക്കും ഒഴിച്ച് ഒരുപാട് നിയമങ്ങളും ,നോട്ടീസ് ബോര്‍ഡും ,ഇടയ്ക്കിടെ വരുന്ന താക്കീതുകളും ഒക്കെയായി ഒരു കിടിലന്‍ സ്ഥലം.
എങ്കിലും ശെരിക്കും അടുക്കും ചിട്ടയുമുള്ള ഒരു ബാച്ചിലര്‍ താമസക്കരനാക്കി എന്നെ മാറ്റിയത് അവിടുത്തെ താമസമാണ് എന്ന് പറയാതെ വയ്യ.
തൊട്ടടുത്തുള്ള അല്‍ ഗാനം മസ്ജിദില്‍ റഊഫ് മഅദനിയുടെ വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ ആ നാളുകളില്‍ എനിക്ക് കിട്ടിയ വലിയൊരു അനുഗ്രഹമായിരുന്നു.അവിടെ നിന്ന് കിട്ടിയ സൌഹൃദങ്ങള്‍ എന്നെ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിലേക്ക് അടുപ്പിച്ചു.ജോലിക്കിടെ ഉച്ച ഭക്ഷണം ഇസ്ലാഹി സെന്റര്‍ മെസ്സില്‍ നിന്നായി.
അവിടുത്തെ ഉച്ച ഭക്ഷണവും,ചര്‍ച്ചകളുമാണ് ഖത്തറിലെ യുവത്വത്തിന്റെ് പ്രതീകമായ ‘ഫോകസ് ഖത്തര്‍ ‘എന്ന യുവജന പ്രസ്ഥാനത്തിലേക്ക് എന്നെ അടുപ്പിച്ചത്.
മൂല്യവത്തായ ഒരു യുവജന പ്രസ്ഥാനം എങ്ങിനെ ആയിരിക്കണമെന്ന് തിരിച്ചറിയുകയായിരുന്നു ഫോകസ് ഖത്തറിലൂടെ  ഞാന്‍ . ഒരു പുരുഷന്റെ തീഷ്ണമായ യൌവ്വന കാലം എങ്ങിനെ ചിലവഴിക്കണമെന്നു അനുഭവങ്ങളിലൂടെ പടിച്ചിച്ചുതരികയായിരുന്നു ഫോകസ് ഖത്തര്‍ .
നാട്ടിലെ സാംസ്കാരിക  സംഘടന ഭാരവാഹിത്വ പരിചയം വളരെയെളുപ്പം എന്നെ ‘ഫോകസ് ഖത്തറിലേക്ക് ‘അടുപ്പിച്ചു.
(മകന്‍ ശുഹൈബിനോടൊപ്പം)
‘ഫോകസ് ഖത്തര്‍ ‘സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിയുള്ള പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ ജീവിതത്തിന്റെ വസന്തകാലത്തില്‍ നിന്നും പാര്ശ്വവൽക്കരിക്കപെട്ട ലേബര്‍ ക്യാമ്പുകളില്‍ പ്രയാസം അനുഭവിക്കുന്ന യാഥാര്ത്ഥ  പ്രവാസിയെ നേരിട്ട് കാണാനും അവരുടെ ദുരിതങ്ങളില്‍ ആശ്വാസത്തിന്റെ ഒരു മെഴുകുതിരി വെട്ടമെങ്കിലും പകർന്നു നൽകാനും ഫോകസ് ഖത്തറുമായുള്ള പ്രവര്ത്തനം കൊണ്ട് കഴിഞ്ഞു എന്നുള്ളത് ഇവിടെ എനിക്ക് കിട്ടിയ സൌഭാഗ്യമാണ് . ഒപ്പം ഒരുപാട് നല്ല വ്യക്തിബന്ധങ്ങളും ഫോകസ് എനിക്ക് നല്കിയിട്ടുണ്ട് .
ഇതിനിടയില്‍ ജോലിയുടെ ഭാഗമായി ദോഹയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടു മൂന്നു താല്‍ക്കാലിക സങ്കേതങ്ങള്‍  മാറി .ഇടയ്ക്കിടെ നാട്ടില്‍ പോയി വരുന്നതുകൊണ്ടാണീ മാറ്റങ്ങള്‍ .
ഒടുവിലായി എയര്‍പോര്‍ട്ടിന് അടുത്തായി ഒരു പാര്‍ട്ടി ഹാല്‍  താമസം.
മലപ്പുറം ,കോഴിക്കോട് ,തിരുവനന്തപുരം ,കണ്ണൂര്‍ ,കൊല്ലം ജില്ലക്കാരും ,പിന്നെ ഒരു ഹൈദ്രാബാദിയും ഞാനടക്കമുള്ള കുറച്ചു തൃശൂര്ക്കാരും.
തൊട്ടടുത്ത റൂമുകളില്‍ മുംബൈക്കാരും ,പിന്നെ കാസര്ഗോഡ്‌കാരും.
ഓര്ത്തു വെക്കാന്‍ നല്ല ചിന്തകളും ,അതിലേറെ ഓർത്തോർത്തു ചിരിക്കാന്‍ കുറെ നര്‍മ്മ മൂഹൂര്ത്തങ്ങളും ഇവിടെ നിന്നും എനിക്ക് കിട്ടി .
സ്വന്തമായി എംബസി അവകാശപെടുന്ന കാസര്‍ഗോഡ് സുഹൃത്തുക്കള്‍ ചിരിക്കാനുള്ള വക ഏറെ നല്കിയിട്ടുണ്ട്.
(കൂടെ  ജേഷ്ടന്‍ ബഷീര്‍ )
തലസ്ഥാന നഗരിയുടെ ഭാഗമാണെന്നു മേനി പറയുന്ന തിരുവനന്തപുരം അപ്പികള്‍ ,ഭാഷാ പിതാവിന്റെ നാട്ടുകാരെന്നു  ‘പോരിശ’പറയുന്ന മലപ്പുറം ‘കത്തികള്‍’ തലശ്ശേരി ബിരിയാണിയുടെ വമ്പു മായി കണ്ണൂര്‍.. സാംസ്ക്കാരിക തലസ്ഥാനത്തിന്റെയും, ലോകത്തിലെ ഏറ്റവും വലിയ ‘റൌണ്ട് എബൌട്ട്‌ ആയ തേക്കിന്‍ കാട് മൈതാനത്തിന്റെയും ഹുങ്ക് പറഞ്ഞു ജില്ല അടിസ്ഥാനത്തിലുള്ള ഈ വീമ്പ് പറച്ചിലില്‍ ഞങ്ങള്‍ ‘തൃശൂര്‍ ‘ക്കാരും ഒട്ടും കുറഞ്ഞു നിന്നില്ല.
ഇതുവരെ താമസിച്ച സ്ഥലങ്ങളില്‍ ഇന്റര്നെറ്റ് ഷെയറിംഗ് സൗകര്യം ഉണ്ടായിരുന്നു, പക്ഷെ ഇവിടെ ഞങ്ങള്‍ സ്വയം കണക്ഷന്‍ എടുക്കാന്‍ നിര്ബന്ധിതരായി .
മാസ വരിസംഖ്യ പങ്ക് വെക്കാന്‍ മുന്നോട്ട് വന്ന കാസര്ഗോഡ്‌ ചോട്ടാ ബായ് ആദ്യമേ തന്നെ ഒരു പരാതി മുന്നോട്ടു വെച്ചു നെറ്റ്  ജാസ്ത്തി കറങ്ങുന്നൂ എന്നായിരുന്നു ആ പരാതി .
സത്യത്തില്‍ ചോട്ടാ ബായ് (ഇങ്ങനെയാണ് ഞങ്ങള്‍ അദ്ധേഹത്തെ വിളിക്കുന്നത്‌ ) പറഞ്ഞതിന്റ പൊരുള്‍ എനിക്ക് പിടികിട്ടിയില്ല .കൂടുതല്‍ പേർക്ക്  വൈഫൈ പാസ്സ്‌വേര്ഡ് കൊടുക്കേണ്ടി വരും എന്നായിരിക്കും അയാൾ  ഉദ്ദേശിച്ചത്‌ എന്ന് ഞാന്‍ ഊഹിച്ചു .
രണ്ടാഴ്ച കഴിഞ്ഞു ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സന്തോഷത്തോടെ ഓടി വന്ന് ‘ചോട്ടാ ബായ്’ എന്നോട് പറഞ്ഞു “ഇക്ക നെറ്റ് കറക്കം കുറഞ്ഞു ഇപ്പൊ നല്ല സൂപ്പര്‍ ആണെന്ന് .
പിന്നീട് ഞാന്‍ അന്വേഷിച്ചു  നോക്കിയപോഴല്ലേ ‘ചോട്ടാ ബായ്’ ഉദേശിച്ച കറക്കം എന്താണെന്ന് എനിക്ക് മനസ്സിലായത് അത് മറ്റൊന്നുമായിരുന്നില്ല സുഹൃത്തുക്കളെ ...
ഇന്റര്നെറ്റില്‍ വീഡിയോ ക്ലിപ്പുകള്‍ കാണുമ്പോഴൊക്കെ നമ്മെ വട്ടം കറക്കാറുള്ള “ബഫഫ്‌റിംഗ്’ തന്നെ...... 
അതെ ഓരോ പ്രവാസിയുടെയും ജീവിതം പോലെയുള്ള ഒരു ബഫ്‌റിംഗ് .

മരുഭൂമിയുടെ സ്പന്ദനങ്ങള്‍ തേടി..സലിം മത്രംകോട്.

(തൊഴിയൂരിലെ  പ്രതിഭകള്‍ -2)
ന്യുസ് ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകള്‍ കണ്ടെത്താനായി മരുഭൂമിയുടെ പൌരാണികവും കാലീകവുമായ സ്പന്ദനങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് ഖത്തറിലെ പെനിന്‍സുല എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്‍റെ ഫോട്ടോ ജേര്‍ണലിസ്റ്റായ സലിം മത്രംകോട്, വാക്കുകള്‍കൊണ്ട് പകര്‍ത്താന്‍ പറ്റാത്ത ദൃശ്യങ്ങളെ തന്‍റെ ക്യാമറക്കണ്ണിലൂടെ പകര്‍ത്തി അനുവാചകരുടെ ശ്രദ്ധ കവര്‍ന്ന സലിം മരുഭൂമിയില്‍ നിന്നും പകര്‍ത്തിയെടുക്കുന്ന ഓരോ ഫ്രൈമും ദൃശ്യ സമ്പന്നത കൊണ്ട് വാചാലമാകുന്നവയാണ്.
പൊന്നാനി എം ഇ എസ് കോളേജില്‍ നിന്നും പ്രീഡിഗ്രിക്ക് ശേഷം ഫിലിം ഡയറക്ഷനിലും വീഡിയോ-സ്റ്റില്‍ ഫോട്ടോഗ്രാഫിയിലും ഡിപ്ലോമകള്‍ കരസ്ഥമാക്കിയ സലിം തൃശ്ശൂര്‍ജില്ലയിലെ തൊഴിയൂര്‍ ദേശത്ത് മത്രംകോട്ട് മൊയ്തുട്ടി ആമിനു മൊയ്തുട്ടി ദമ്പതികളുടെ മകനാണ്. കേരള ഫിലിം അക്കാദമിയില്‍ നിന്നും ഡിപ്ലോമയോടെ ഫോട്ടോഗ്രാഫി രംഗത്തേക്ക് പ്രവേശിച്ച സലിം 1999ലാണ് ഖത്തറില്‍ എത്തിയത്, നേരത്തെ ദുബായ്‌ അല്‍-ഷലീല്‍ സെന്‍ററില്‍ അഞ്ചു വര്‍ഷത്തോളം ജോലി നോക്കിയിരുന്ന സലിം ഇപ്പോള്‍ ദാറുല്‍ ശര്‍ക്ക് പ്രിന്‍റിംഗ് ആന്‍ഡ്‌ പബ്ലിഷിംഗ് കമ്പനിയുടെ കീഴിലുള്ള പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ പെനിന്‍സുലയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്തുവരുന്നു. സലീമിന്റെ ഭാര്യ ശംസിയാ സലിം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വനിതാ വിഭാഗം ഖത്തര്‍ യുനിറ്റിന്റെ ഭാരവാഹിയാണ്, ഇവര്‍ക്ക് മൂന്നുമക്കള്‍ ഫാത്തിമ, മുഹമ്മദ്‌, മറിയം എന്നിവര്‍ .

തിരുവനന്തപുരം ചലച്ചിത്ര ഫിലിം സൊസൈറ്റി അംഗം , ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അംഗം , ഇന്ത്യന്‍ മീഡിയാ പ്രൊഫഷണല്‍സ് അസോസിയേഷന്‍ ഖത്തര്‍ യൂണിറ്റിലെ ആജീവനാന്തഅംഗം, തൊഴിയൂര്‍ ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി അംഗം, തൊഴിയൂര്‍ സുനേന സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ്‌ ഡ്രാമ ക്ലബ്ബ്‌ സ്ഥാപകാംഗം  എന്നിങ്ങനെ പന്ത്രണ്ടോളം സംഘടനകളുടെ അംഗത്വമുള്ള സലീമിന്‍റെ പ്രധാന ഹോബികള്‍ വായനയും സഞ്ചാരവുമാണ്. 
ജോലിയുടെ ഭാഗമായി അപൂര്‍വ്വ കാഴ്ചകള്‍ തേടി വിവിധ രാജ്യങ്ങളിലൂടെ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്ന സലീമിന്‍റെ കൈവശം അപൂര്‍വ്വഫോട്ടോകളുടെ ഒരു വന്‍ ശേഖരം തന്നെയുണ്ട്. ജോലിയുടെ ഭാഗമായിതന്നെ ലോകരാഷ്ട്രങ്ങളുടെ തലവന്മാരുമായും മറ്റ് ഉന്നതരുമായും പല തവണ  കൂടിക്കാഴ്ച്ചകളും അഭിമുഖങ്ങളും സലിം നടത്തിയിട്ടുണ്ട്, ഇന്ത്യന്‍ രാഷ്ട്രപതിമാര്‍ , പ്രധാനമന്ത്രിമാര്‍ , കലാ സാഹിത്യ രംഗത്തെഅതിപ്രശസ്തര്‍ തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടുന്നു.
ഖത്തറില്‍ വെച്ച് നടന്ന ഏഷ്യന്‍ ഗയിംസ്, അറബ് ഉച്ചകോടികള്‍, ഐക്യ രാഷ്ടസഭാ സമ്മേളനം തുടങ്ങിയ കുറെയേറെ ചരിത്ര സംഭവങ്ങളില്‍ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറാവാനും സലീമിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും സലീമിന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ സന്ദര്‍ശിക്കാം http://www.facebook.com/matramkot/photos
*                       *                      *                   *                     *
ഇത്രയും  വിവരങ്ങള്‍ സലീമിനെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്..
പക്ഷേ, ഓര്‍മ്മകള്‍ രണ്ടു മൂന്നു പതിറ്റാണ്ടുകള്‍ പുറകിലേക്ക് പായുമ്പോള്‍ തൊഴിയൂരെന്ന കൊച്ചു ഗ്രാമത്തിന്റെ ഉള്‍തുടിപ്പുകള്‍ തൊട്ടറിഞ്ഞ് ഓരോ മണല്‍ തരിക്കും ഓരോ പുല്‍കൊടിക്കും പ്രിയപ്പെട്ടവരായി ഓരോ നാട്ടുവഴികള്‍ക്കും; നീര്‍ച്ചാലുകള്‍ക്കും ചിരപരിചിതരായി, കുചേല കുബേര വ്യത്യാസങ്ങളില്ലാതെ ഓരോ വീട്ടുകാര്‍ക്കും വേണ്ടപ്പെട്ടവരായി ആഹ്ലാദ; ആരവങ്ങളോടെ ആര്‍മാദിച്ചു കൂത്താടി ഒരേമനസ്സും കുറെ ശരീരവുമായി നടന്നിരുന്ന ഒരുപറ്റം കൌമാരക്കാരില്‍ രണ്ടു പേരായി ഞങ്ങളും ഉണ്ടായിരുന്നു. 
സലീമിന്റെ ബാല്യകാലം പിതാവിനോടൊപ്പം ഗള്‍ഫ്‌ നാടുകളില്‍ ആയിരുന്നതിനാല്‍ എല്‍ പി ,യു .പി സ്കൂള്‍ വിദ്യാഭ്യാസവും അവിടെയായിരുന്നു, ഹൈസ്കൂള്‍ പഠനകാലം മുതലാണ്‌ സലിം നാട്ടില്‍ സ്ഥിരതാമസമാക്കിയത് , സൌഹൃദങ്ങള്‍ക്ക് ഊഷ്മളതയും ദൃഡതയും കൈവരുന്ന  കൌമാരദിശയിലാണ് ഞങ്ങള്‍നല്ല കൂട്ടുകാരാവുന്നതും പരസ്പരം ശെരിക്കും അടുക്കുന്നതും , അയല്‍വീട്ടുകാരാവുന്നതും ഈ കാലഘട്ടത്തിൽ തന്നെയാണ് .

പെരുന്നാളുകള്‍ ഉത്സവങ്ങള്‍  കല്യാണരാവുകള്‍ തുടങ്ങിയ ആഘോഷവേളകളെല്ലാം അടിച്ചു പൊളിക്കാനായി ചുറ്റുവട്ടങ്ങളിലായുള്ള സമപ്രായക്കാരായ ഞങ്ങള്‍ പത്തുപന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘം എപ്പോഴും സന്നദ്ധരായി മുന്നിലുണ്ടായിരുന്നു, ചെണ്ടമേളങ്ങളും വെടിക്കെട്ടുകളും ഫുഡ്ബോള്‍മേളകളും നാടക കഥാപ്രസംഗ സദസ്സുകളും  തുടങ്ങി ആര്‍മാദങ്ങള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഞങ്ങളുടെ നിറസാന്നിദ്ധ്യം ഉറപ്പായിരുന്നു, ഒന്നിച്ചു ഒരേ പാത്രത്തില്‍ നിന്ന് കയ്യിട്ടുവാരി കടിപിടികൂടി ഉണ്ടും , ഒരേ കടത്തിണ്ണയില്‍ നിരനിരയായി ഒരുമിച്ചുകിടന്നുറങ്ങിയും കാലം കഴിച്ചിരുന്ന ആനന്ദസുരഭിലങ്ങളായ കൌമാര;യൗവ്വനകാലങ്ങള്‍ , അന്നൊക്കെ രാത്രികാലം വീട്ടില്‍ ഉറങ്ങുകയെന്നത്  ആലോചിക്കാന്‍ തന്നെ വയ്യാത്ത കാര്യമായിരുന്നു . സലിം അന്നും ഇന്നും സംസാരപ്രിയനാണ് , എന്തുകാര്യമായാലും  തന്നെക്കൊണ്ടാവുന്ന പോലെ അതിനുവേണ്ടി പ്രവർത്തിക്കാനും  മുന്നിട്ടിറങ്ങാനും സദാ സന്നദ്ധൻ .. എന്തിലും ഏതിലും  തന്റേതായൊരു  അഭിപ്രായം രേഖപ്പെടുത്തിയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയത്തിനും ഇടമില്ല . സലിം കൂടെയുണ്ടെങ്കില്‍ എന്ത് ചെയ്യാനും പ്രത്യേകമായൊരു ധൈര്യമാണ് ,കാരണം  കാര്യങ്ങള്‍ തന്മയത്വത്തോടെ സംസാരിച്ചു പ്രതിവിധികള്‍ കണ്ടെത്താന്‍ അവനാകുമെന്നു ഉറപ്പ് തന്നെ .  
അങ്ങിനെ കാലത്തിന്‍റെ കൂലം കുത്തിയുള്ള ഒഴുക്കിന്നിടയില്‍ കുതൂഹലങ്ങളും രസകരവുമായ ഒരുപാടു  കൊച്ചു കൊച്ചു അനുഭവങ്ങളിലൂടെ ; പിണക്കങ്ങളിലൂടെ ഇണക്കങ്ങളിലൂടെ  സ്നേഹോഷ്മളമായ  പരസ്പര വിശ്വാസങ്ങളിലൂടെ; ധാരണകളിലൂടെ ദൃഡമായിപ്പോയതായിരുന്നു ഞങ്ങളുടെ സൌഹൃദം, അക്കാലത്തെ വിനോദ വിജ്ഞാന സൌഹൃദയാത്രകളില്‍ എല്ലാ ഗ്രൂപ്പുകളോടോപ്പവും ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഉണ്ടായിരുന്നു , യൌവ്വനകാലത്തിന്റെ പ്രാരംഭഘട്ടത്തില്‍ നിത്യച്ചിലവുകള്‍ക്ക്  വഴികണ്ടെത്താനായി ഞങ്ങള്‍ പാര്‍ട്ണര്‍ഷിപ്പായി ഒരു  ഓഡിയോ & വീഡിയോ ഷോപ്പ്‌   തുടങ്ങിയെങ്കിലും തേരാപാരാ വായിനോക്കിനടക്കലും സാമൂഹിക സേവനമെന്ന പേരില്‍ ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങളും തലക്കുപിടിച്ചിരുന്നതിനാല്‍ അതിലൊന്നും  കാര്യമായി ശ്രദ്ധിച്ചില്ല എന്നതാണ് സത്യം, കൂട്ടത്തില്‍ സിനിമാ ലോകത്ത്‌ സംവിധാനസഹായിയായി സലീമും  ,തിരക്കഥാരചന ,പ്രൊഡക്ഷന്‍ കണ്ട്രോളര്‍ മേഘലയില്‍ ഞാനും അരക്കൈ പയറ്റിനോക്കിയെങ്കിലും അത് ഞങ്ങള്‍ക്ക് ചേര്‍ന്ന തട്ടകമല്ല എന്ന തിരിച്ചറിവില്‍ അക്കളി വൈകാതെതന്നെ വിട്ടു , പിന്നെ അന്നത്തെ യുവ സമൂഹത്തെ ഒരു മാനിയ പോലെ ബാധിച്ചിരുന്ന ഗള്‍ഫ്‌ സ്വപ്നങ്ങളില്‍ കുരുങ്ങി   കൂട്ടുകാരില്‍ കൂടുതല്‍ പേരും ജീവിത മാര്‍ഗം തേടിയ  പ്രവാസത്തിന്റെ വഴിതന്നെ ഞങ്ങളും തിരഞ്ഞെടുത്തു .  ജീവിത പാന്ഥാവിലെ അനിവാര്യമായ വേര്‍പ്പിരിയലുകള്‍ ഞങ്ങളെയും  പല പല കരകളില്‍ കൊണ്ടെത്തിച്ചുവെങ്കിലും ജീവിതത്തിന്‍റെ ഏതു തിക്കുതിരക്കുകള്‍ക്കിടയിലും ഞങ്ങളുടെ സൌഹൃദവലയം ഒരു ഫോണ്‍ കോളിലൂടെയെങ്കിലും പുതുക്കി നിര്‍ത്താന്‍ എന്നും ശ്രമിച്ചിരുന്നു.അതിന്നിടെ സമയദോഷമാവാം ..സ്വന്തക്കാരും ബന്ധക്കാരും പോലും തള്ളിപ്പറഞ്ഞ; തെറ്റിദ്ധാരണകളുടെ മുള്‍മുനയിലൂടെ തെന്നി നടക്കേണ്ടിവന്ന ഒരു കാലഘട്ടം എന്‍റെ ജീവിതത്തില്‍ വന്നു ഭവിച്ചിരുന്നു,  ഞാന്‍ ഓര്‍ക്കാന്‍ പോലും ഇഷ്ട്പ്പെടാത്ത ജീവിതത്തിലെ ഒരു കറുത്ത  അധ്യായം,  നിരാശയുടെ തുരുത്തില്‍ ഒറ്റപ്പെട്ട് ദുരൂഹതകളുടെ അറ്റം കാണാത്ത വീഥികള്‍ കണ്ടു ഇനിയെന്ത് എന്നറിയാതെ പകച്ചു നിന്ന സമയത്ത് തോളില്‍ കയ്യിട്ടു ഞാനുണ്ടടോ നീന്‍റെകൂടെ നീ ധൈര്യമായിരിക്ക് എന്നോതിയ അപൂര്‍വ്വം ചില സുഹൃത്തുക്കളുടെ കൂട്ടത്തില്‍ മുന്നില്‍ നിന്ന സലീമിന്റെ ആ സ്വാന്തന മന്ത്രം ജീവവായു നിലനില്‍ക്കും കാലത്തോളം മറക്കാനാവില്ല എനിക്ക് , ഉള്ളില്‍ അസ്വസ്ഥതകളും വിഷമങ്ങളും തിങ്ങിവിങ്ങുന്ന നേരം എന്‍റെ ഈ സുഹൃത്തിന്‍റെ  ഒരു ആശ്വാസ വാക്ക് കേട്ടാല്‍ മനസ്സില്‍ ഒരു നിറവു വന്നു തുടിക്കുന്നതായി അനുഭവപ്പെട്ടിരുന്നു എന്നും.
ലോകത്തിന്‍റെ; കാലത്തിന്‍റെ; ജീവിതത്തിന്‍റെ,  ഓരോ പരമാണുവിന്‍റെപോലും ചെറു ചെറു ചലനങ്ങള്‍വരെ അതിസൂക്ഷമായി അറിയുന്നവനും, കാണുന്നവനും, മനുഷ്യമനസ്സിന്‍റെ സ്നിഗ്ദ ഭാവങ്ങളും അതിനിഗൂഢ തലങ്ങളും തൊട്ടറിയുന്നവനുമായ ജഗന്നിയന്താവിന്‍റെ കാരുണ്യസ്പര്‍ശത്താലാവാം കൂടുതല്‍ വിഷമങ്ങളിലേക്ക് ആഴ്തപ്പെടാതെ ഇന്നും അല്ലലറിയാതെ ജീവിച്ചു പോകുവാനുള്ള വഴികള്‍ തുറന്നു കിട്ടുന്നത്.
കാലത്തിന്റെ ഉരുണ്ടുപോക്കിന്നിടയിലെ  ഗതിവിഗതികള്‍ക്കിടയില്‍ ഞങ്ങള്‍ വീണ്ടും ഭൂഗോളത്തിന്റെ ഒരേ ബിന്ദുവില്‍ തന്നെ എത്തിച്ചെര്‍ന്നിട്ടിപ്പോള്‍ വര്‍ഷങ്ങള്‍ ഏഴ് പിന്നിടുന്നു . ഇന്ന് ആഴ്ചയില്‍ ഒരുതവണയെങ്കിലും ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടാറും വിശേഷങ്ങള്‍ പങ്കുവെക്കാറും ഉണ്ട്.
കൂടുതല്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി  തന്റെ ജോലിയുടെ നിപുണത തെളിയിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ സലീമിന് ലഭിക്കട്ടെ എന്ന ആത്മാര്‍ഥമായ ആശംസകളോടെ..
*                                  *                                *                                      *                                    *                              
മുമ്പൊക്കെ ജോലിത്തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകള്‍ ഉല്ലാസപ്രദമാക്കാന്‍ കുടുംബത്തോടൊപ്പം ഞങ്ങള്‍ ഉല്ലാസയാത്രകള്‍ നടത്താറുണ്ടായിരുന്നു,അത്തരം ഒരു യാത്രയെക്കുറിച്ച് എന്റെ മകള്‍ നേന എഴുതിയ ഒരു പോസ്റ്റ് ഇവിടെ (എത്തിയാല്‍ ഊട്ടി..ഇല്ലെങ്കില്‍ ) വായിക്കാം . അതേ പോസ്റ്റില്‍ സലിം എഴുതിയ ഒരു കമ്മന്റ് ഞങ്ങളുടെ സൌഹ്യദത്തിന്റെ ആഴം ഉള്‍ക്കൊള്ളുന്ന ഒന്നാണ് അതിവിടെ ചേര്‍ക്കുന്നു ..
മത്രംകോട് said...
ബഹു ജോര്‍ ! സംഭവം കലക്കി!
ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന സലിം ഞാനും (അന്ന് ഞാന്‍ തടി വളര്‍ത്തിയിരുന്നില്ല; മുളച്ചിരുന്നില്ല എന്ന് ഏതോ അസൂയക്കാര് പറയുന്ന വിവരം ഞാനും അറിഞ്ഞിട്ടുണ്ട്) ഷംസി എന്റെ ഇണയുമാണ്.
മോള്‍ടെ ഉപ്പ എന്റെ 'മായിന്‍കുട്ടി' (close friend ) ആണെന്ന് ഞാന്‍ പറയാതെ തന്നെ നിനക്ക് അറിയുമല്ലോ. മുഖസ്തുതി പറയുകയാണെന്ന് തോന്നരുത്, ഓന്റെ കൂടെ എന്നൊക്കെ ഞാന്‍ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടോ അന്നൊക്കെ എന്തെങ്കിലും പുലിവാല്‍ ഉണ്ടാകും, അല്ലെങ്കില്‍ ഓന്‍ ഉണ്ടാക്കും. പണ്ടൊരിക്കല്‍ നട്ടപ്പാതിരാക്ക്‌ ‍ തിരുവനന്തപുരം നഗരത്തില്‍ മൂന്ന് നാലു മണിക്കൂര്‍ എന്നെ ഇട്ടു കറക്കിയ പഹയനാണ് മോളുടെ വാപ്പ. ഇന്ഷ അല്ലഹ്, അതെല്ലാം വളരെ വിശദമായി സലിംക അടുത്ത് തന്നെ എഴുതുന്നുണ്ട്. ഞാനും ഒരു ബ്ലോഗിന്റെ പണിപ്പുരയിലാണ് (ബൂലോകം അംഗങ്ങള്‍ക്ക്ഒരു ഭീഷണി). -മോനെ സിധ്ധീക്കെ നീയും സൂക്ഷിച്ചോ..
ഉമ്മയും മോളും കൂടി എന്നെ ഒരു രോഗിയാക്കി കളഞ്ഞല്ലോ. എന്റെ പനി ഞാന്‍ ക്രോസ്സിനും കാല്പോളും ഒക്കെ കഴിച്ചു അഡ്ജസ്റ്റു ചെയ്തിരിന്നു . തുടക്കം പിഴച്ചാല്‍ ഒടുക്കം പിഴക്കും എന്നതാണ് നാട്ടുമൊഴി. കോഴിക്കോട് സാഗര്‍ ഹോട്ടലില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു യാത്ര തുടര്ന്നപ്പോഴാണ്ണ് മോളുടെ വാപ്പാടെ ഭാണ്ടകെട്ടിനകത്തെ പൊല്ലാപ്പുകള്‍ ഓരോന്ന് പുറത്ത് വരുന്നത്. ആദ്യം പറഞ്ഞു ഒരു ടൈം പീസ് (ഖുദ്സിന്റെ രൂപവും ബാങ്ക് വിളിക്കുകയും ചെയ്യുന്ന പച്ച നിറമുള്ള ഒരു കുഞ്ഞു ടൈം-പീസ്) ഒരിടത്ത് എത്തിക്കാനുണ്ട്‌, വളരെ അത്യാവശം ഉള്ളതാണ്. ആ സാധനം അവിടെ എത്തിച്ചില്ലേല്‍ പ്രായമായ ഒരു വെല്ലിമ്മ അതുകാണാതെ മരിച്ചു പോവും എന്നൊക്കെ വികാരാധീനനായി പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഒന്നും എതിര്‍ത്ത് പറഞ്ഞില്ല. പിന്നീട് അങ്ങോട്ട്‌ 'മജിഷ്യന്‍ മുതുകാടിനെ' ഓര്‍മിപ്പിക്കും വിതമാണ്‌ കാര്യങ്ങള്‍. ഓരോ മൂന്നോ നാലോ കിലോമീറ്റര്‍ നീങ്ങിയാല്‍ സഞ്ചിയില്‍ നിന്നും പുതിയത് എന്തെങ്കിലും എടുക്കും എന്നിട്ട് അതിനെ കുറിച്ചും ഒരു MARK ANTHONY പ്രസ്സംഗം നടത്തും. ഇത്ര അധികം വടക്കര് കുവൈത്തില്‍ ഉള്ള വിവരം അന്നാണ് എനിക്ക് മനസ്സിലായത്. എനിക്ക് എന്തെങ്കിലും പറയാന്‍ പറ്റോ ? എന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കുവൈത്തില്‍ നിന്നും ലീവെടുത്ത് വന്ന എന്റെ 'മായീന്‍കുട്ടിയല്ലേ ! മൈസൂര്‍ സ്വപ്നം കണ്ടു ഇരിക്കുന്ന എന്റെ പ്രിയതമക്ക് ദേഷ്യം വന്നുതുടങ്ങി. സിദ്ധിയുടെ വിശാല മനസ്സിന്റെ മഹത്ത്വത്തെ കുറിച്ച് (ആരും കേള്‍ക്കാതെ) അവളോട്‌ വീമ്പു പറഞ്ഞു ഒരുവിധം  കക്ഷിയെ തണുപ്പിച്ചു. സത്യം  പറഞ്ഞാല്‍ (വെറുതേ പെരുപ്പിച്ചു പറയുന്നതല്ല കേട്ടോ) ക്ഷമക്കും സഹനത്തിനും ഉള്ള വല്ല അന്താരാഷ്ട്ര അവാര്‍ഡും ഉണ്ടായിരുന്നെങ്കില്‍ ആ വര്ഷം ഞങ്ങള്‍ക്കെല്ലാം (ശൈല, ഷംസി, നസീര്‍ (സിദ്ധിയുടെ അളിയന്‍), ഇമ്പായി (ഡ്രൈവര്‍ ) പിന്നെ ഞാനും അടങ്ങുന്ന ഞങ്ങള്‍ക്ക് പങ്കിട്ടു എടുക്കാമായിരുന്നു. അവന്റെ സഞ്ചിയിലെ 'ഒടുക്കത്തെ' പൊതിയും തലശ്ശേരിയിലെ ഏതോ കരണ്ടും വെളിച്ചവുമില്ലാത്ത ഒരു മലയിടുക്കിലുള്ള വീട്ടില്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ സമയം രാത്രി പതിനൊന്നു മണി ആയിക്കാണും. പിന്നീട് ഇരുട്ടത്ത് ഇരുട്ടി വഴി മൈസൂരിലേക്ക്. ശേഷം ശൈല എഴുതിയത് പോലെ 'ധിക്കാര ധിക്കാര..' യില്‍ നിന്നും രക്ഷപ്പെട്ടു ഊട്ടിയിലേക്ക്. കരിമ്പും ഇളനീരും വാങ്ങിക്കൊണ്ടു വന്നത് ഈപാവത്തനാണ്. ഉമ്മ ഉറക്കച്ചടവില്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ അടുത്ത് നിറുത്തിയിട്ടിരുന്ന വാഹനത്തിലെ യാത്രക്കാരായ കോട്ടക്കല്‍ സ്വദേശികളും കരിമ്പും ഇളനീരും കഴിക്കുന്നത്‌ കണ്ടപ്പോള്‍ അങ്ങിനെ തോന്നിയതോ, അല്ലെങ്കില്‍ ആരാമം ആഴ്ച്ചപ്പതിപ്പുകാര്‍ മനപ്പൂര്‍വം ലേഖനത്തിന്റെ ഒഴുക്കിന് വേണ്ടി അവരുടെ വക സൂപ്പര്‍ എഡിറ്റിംഗ് നടത്തിയതോ ആവാം.
ഒരു കാര്യം വിട്ടു പോയത്:- മൈസൂര്‍ ഏതായാലും കുളമായി, ഊട്ടിയില്‍ മൂന്നു നാല് ദിവസം ചിലവഴിക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. തിരക്കിട്ട് ഓടിച്ചാടി എവിടെയും കറങ്ങണ്ട. എല്ലാ സ്ഥലവും സാവകാശം വിസ്തരിച്ചു കാണാം എന്ന് കരുതി ആദ്യത്തെ ദിവസം സത്യത്തില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മാത്രമേ കണ്ടുള്ളൂ. വൈകീട്ട് ഞാന്‍ വീട്ടിലേക്കു ഒന്ന് ഫോണ്‍ ചെയ്തു. അപ്പോഴാണ് ഞങ്ങളുടെ പ്രിയ സുഹൃത്ത്‌ മാളിയേക്കല്‍ അഷറഫിന്റെ (ഉപ്പ ബ്ലോഗില്‍ എഴുതിയിട്ടുള്ള, ഞങ്ങള്‍ എല്ലാം ഇഷ്ടത്തോടെ മാഷേ എന്ന് വിളിക്കാറുള്ള അഷറഫ് മാമ) രണ്ടാമത്തെ കുഞ്ഞ് (നവജാതശിശു)  മരിച്ച വിവരം അറിഞ്ഞത്. പിന്നെ എന്ത് ഊട്ടി! ഉടനെ തന്നെ ലോഡ്ജില്‍ പോയി സാധനങ്ങള്‍ എല്ലാം എടുത്തു നാട്ടിലേക്ക് മടങ്ങി. എത്രയും പെട്ടന്ന് അശ്രഫിന്റെയും ജാസ്മിന്റെ യും അടുത്ത് എത്തണം. അതുമാത്രമായിരുന്നു പിന്നത്തെ ചിന്ത.
പക്ഷേ മോള്‍ എഴുതിയപോലെ ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍ ..!അതെ മോളെ, വാസ്തവം! ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ (ഞങ്ങളും, മോളും, പിന്നെ നുന്നുതാത്തയും, മോനുട്ടനും, ഭീമുവും) ‍ ആരും ഇന്ന് ഈ ഭൂമിയില്‍ ഉണ്ടാവുമായിരുന്നില്ല. ആയുസ്സ് നീട്ടി തന്ന പടച്ച തമ്പുരാനോട്‌ ആയിരം ശുഖ്‌ര്‍ പറഞ്ഞു നിര്‍ത്തട്ടെ..
                                   
 (കൊച്ചിയില്‍ ഒരു സിനിമാകാലത്ത് കണ്ടുമുട്ടിയപ്പോള്‍ )


Related Posts Plugin for WordPress, Blogger...