ബഫറിംഗ്.

സമീർ മത്രംകോട്  സഹൃദയനും കലാതൽപരനുമായ ഒരു തൊഴിയൂർ നിവാസി കഴിഞ്ഞ എട്ടു വർഷങ്ങളോളമായി  പ്രവാസിയായി ഖത്തറിലുണ്ട് , സുനേന നഗറിൽ മത്രംകോട് മൊയ്തുട്ടി, ആമിനു ദമ്പതികളുടെ നാലുമക്കളിൽ ഇളയനായ സമീർ രണ്ടു വർഷത്തിലേറെയായി ഖത്തർ എയർ വൈസിൽ  അക്കൌന്റ്സ് ഡിപ്പാർട്ട്മെന്റിൽ ജോലിനോക്കി വരുന്നു ,സലിം മത്രംകോട് (ഫോട്ടോ ജേർണലിസ്റ്റ് -പെനിൻസുല ,ഖത്തർ ) ബഷീർ അഹമ്മദ് ( ടൂറിസ്റ്റ്‌ട്രാവെൽ ബ്യൂറോ , അൽ -ഖോർ , ഖത്തർ ) മുജീബ് റഹ്മാൻ (കാപ്കോ,ഖത്തർ ) എന്നിവർ  സഹോദരങ്ങൾ , ഭാര്യ യംസിയ   ഒരു മകൻ ഷുഹൈബ്  (രണ്ടു വയസ്സ് ) 
താഴെ ചേര്‍ക്കുന്ന ലേഖനം ഫോകസ് ഖത്തർ പുറത്തിറക്കിയ ദോഹ യൂത്ത് കോണ്‍ഫറൻസ്‌ സോവനീരിൽ സമീറിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടതാണ് .
(സമീര്‍ കോളേജ്‌ പഠന കാലത്ത് )
പച്ചവിരിച്ച് നില്‍ക്കുന്ന പാടങ്ങളും, ചെമ്പക പൂവിന്റെ  മണമുള്ള എന്റെ‌ വീട്ടുമുറ്റവും , കണിക്കൊന്ന പൂത്തുനില്‍ക്കുന്ന എന്റെ ഗ്രാമ ഭംഗിയുംവിട്ട് സന്ദര്‍ശന വിസയില്‍ ദോഹയില്‍ എത്തിയത് മുതല്‍ ഇത് പ്രവാസത്തിന്റെ എട്ടാം വര്‍ഷം .
ആദ്യ മൂന്നു വര്‍ഷം  തീര്‍ത്തും ഒരു കുടുംബാന്തരീക്ഷം തന്നെയായിരുന്നു .ഇക്കമാരും അവരുടെ കുടുംബവും പിന്നെ വളരെ കുറച്ചു സുഹൃത്തുക്കളുമായിട്ടുള്ള ഒരു ചെറിയ ലോകം .നാട് വിട്ടു വന്നതിന്റെ വിഷമങ്ങളോ പിരിമുറുക്കങ്ങളോ  ഒന്നും അനുഭവിച്ചരിയാതെയുള്ള ദിനങ്ങള്‍.
പിന്നീട് പലപ്പോഴായി പരിചയപ്പെട്ട ഗള്‍ഫ്‌  സൌഹൃദങ്ങള്‍ ബാച്ചിലര്‍ റൂമുകളിലെ താമസത്തിന് വഴിയൊരുക്കി ,പല സ്ഥലങ്ങളിലായി ചെറിയ ഇടവേളകളില്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലക്കാരുമയുള്ള ജീവിതം, പ്രവാസത്തിന്റെ ആ നീരൊഴുക്കിലേക്ക് കുറേശെ കുറേശെയായി ഞാന്‍ ഊര്‍ന്നിറങ്ങുകയായിരുന്നു .
ആദ്യം അല്‍ ഖോറില്‍,എന്റെ സമീപ നാട്ടുകാര്‍ തന്നെയായ ഒരു ജോലിയില്ലാ പട്ടാളവുമായായി പിന്നെ എന്റെ ചങ്ങാത്തം , സ്വപനങ്ങള്‍ നെയ്തു കൂട്ടി അവയ്ക്ക് മുകളില്‍ അടയിരിക്കുന്ന പൊന്മുട്ടയിടാത്ത താറാവ് കൂട്ടങ്ങള്‍! ഒരു കൂരവെക്കാന്‍ ,സഹോദരിയെ മാന്യമായി കെട്ടിച്ചുവിടാന്‍ ,പിതാവിന്റെത കടങ്ങളും ജോലിഭാരവും ഒഴിവാക്കി ഒരു കൈ താങ്ങായി മാറാന്‍ അങ്ങിനെയങ്ങിനെ നിരവധി സ്വപ്നങ്ങള്‍ നെഞ്ചില്ട്ട് തിരിച്ചും മറിച്ചും കൂട്ടിയും കിഴിച്ചും സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുന്ന പ്രവാസി കൂട്ടം .
ആ കൂട്ടായ്മക്ക് ഞങ്ങള്‍ ‘തണ്ടര്‍ ബോയ്സ് ‘എന്ന് പേരിട്ടു .ക്രിക്കറ്റും ,കാരംസും ,വൈകുന്നേരങ്ങളിലെ കോര്‍ണീഷ് ചുറ്റലുമൊക്കെയായി കുറച്ചു നല്ല നാളുകള്‍ . പിന്നെ ജോലി തരപ്പെട്ടപ്പോള്‍ പലരും പലവഴിക്ക് പിരിഞ്ഞു .
ഞാന്‍ വീണ്ടും ദോഹ ഷാര കഹ്രുബയിലേക്ക്, അതൊരു കണ്ണൂര്‍ നിവാസികളുടെ വില്ല.
പാനൂര്‍ സ്വദേശിയും I.C എന്ന് ഇഷ്ടത്തോടെ വിളിക്കുന്ന അബ്ദുല്‍ അസീസ്‌ ആണ് അവിടെയൊരു താല്‍ക്കാലിക ബെഡ് സ്പൈസ് ശെരിയാക്കി തന്നത്.
“വൈദ്യര്‍ പശുവിനെ തല്ലിയാല്‍ എല്ലായിടത്തും മര്‍മ്മം എന്ന് പണ്ടാരോ പറഞ്ഞത് പോലെ മൂട്ടക്കും പാറ്റക്കും ഒഴിച്ച് ഒരുപാട് നിയമങ്ങളും ,നോട്ടീസ് ബോര്‍ഡും ,ഇടയ്ക്കിടെ വരുന്ന താക്കീതുകളും ഒക്കെയായി ഒരു കിടിലന്‍ സ്ഥലം.
എങ്കിലും ശെരിക്കും അടുക്കും ചിട്ടയുമുള്ള ഒരു ബാച്ചിലര്‍ താമസക്കരനാക്കി എന്നെ മാറ്റിയത് അവിടുത്തെ താമസമാണ് എന്ന് പറയാതെ വയ്യ.
തൊട്ടടുത്തുള്ള അല്‍ ഗാനം മസ്ജിദില്‍ റഊഫ് മഅദനിയുടെ വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ ആ നാളുകളില്‍ എനിക്ക് കിട്ടിയ വലിയൊരു അനുഗ്രഹമായിരുന്നു.അവിടെ നിന്ന് കിട്ടിയ സൌഹൃദങ്ങള്‍ എന്നെ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിലേക്ക് അടുപ്പിച്ചു.ജോലിക്കിടെ ഉച്ച ഭക്ഷണം ഇസ്ലാഹി സെന്റര്‍ മെസ്സില്‍ നിന്നായി.
അവിടുത്തെ ഉച്ച ഭക്ഷണവും,ചര്‍ച്ചകളുമാണ് ഖത്തറിലെ യുവത്വത്തിന്റെ് പ്രതീകമായ ‘ഫോകസ് ഖത്തര്‍ ‘എന്ന യുവജന പ്രസ്ഥാനത്തിലേക്ക് എന്നെ അടുപ്പിച്ചത്.
മൂല്യവത്തായ ഒരു യുവജന പ്രസ്ഥാനം എങ്ങിനെ ആയിരിക്കണമെന്ന് തിരിച്ചറിയുകയായിരുന്നു ഫോകസ് ഖത്തറിലൂടെ  ഞാന്‍ . ഒരു പുരുഷന്റെ തീഷ്ണമായ യൌവ്വന കാലം എങ്ങിനെ ചിലവഴിക്കണമെന്നു അനുഭവങ്ങളിലൂടെ പടിച്ചിച്ചുതരികയായിരുന്നു ഫോകസ് ഖത്തര്‍ .
നാട്ടിലെ സാംസ്കാരിക  സംഘടന ഭാരവാഹിത്വ പരിചയം വളരെയെളുപ്പം എന്നെ ‘ഫോകസ് ഖത്തറിലേക്ക് ‘അടുപ്പിച്ചു.
(മകന്‍ ശുഹൈബിനോടൊപ്പം)
‘ഫോകസ് ഖത്തര്‍ ‘സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിയുള്ള പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ ജീവിതത്തിന്റെ വസന്തകാലത്തില്‍ നിന്നും പാര്ശ്വവൽക്കരിക്കപെട്ട ലേബര്‍ ക്യാമ്പുകളില്‍ പ്രയാസം അനുഭവിക്കുന്ന യാഥാര്ത്ഥ  പ്രവാസിയെ നേരിട്ട് കാണാനും അവരുടെ ദുരിതങ്ങളില്‍ ആശ്വാസത്തിന്റെ ഒരു മെഴുകുതിരി വെട്ടമെങ്കിലും പകർന്നു നൽകാനും ഫോകസ് ഖത്തറുമായുള്ള പ്രവര്ത്തനം കൊണ്ട് കഴിഞ്ഞു എന്നുള്ളത് ഇവിടെ എനിക്ക് കിട്ടിയ സൌഭാഗ്യമാണ് . ഒപ്പം ഒരുപാട് നല്ല വ്യക്തിബന്ധങ്ങളും ഫോകസ് എനിക്ക് നല്കിയിട്ടുണ്ട് .
ഇതിനിടയില്‍ ജോലിയുടെ ഭാഗമായി ദോഹയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടു മൂന്നു താല്‍ക്കാലിക സങ്കേതങ്ങള്‍  മാറി .ഇടയ്ക്കിടെ നാട്ടില്‍ പോയി വരുന്നതുകൊണ്ടാണീ മാറ്റങ്ങള്‍ .
ഒടുവിലായി എയര്‍പോര്‍ട്ടിന് അടുത്തായി ഒരു പാര്‍ട്ടി ഹാല്‍  താമസം.
മലപ്പുറം ,കോഴിക്കോട് ,തിരുവനന്തപുരം ,കണ്ണൂര്‍ ,കൊല്ലം ജില്ലക്കാരും ,പിന്നെ ഒരു ഹൈദ്രാബാദിയും ഞാനടക്കമുള്ള കുറച്ചു തൃശൂര്ക്കാരും.
തൊട്ടടുത്ത റൂമുകളില്‍ മുംബൈക്കാരും ,പിന്നെ കാസര്ഗോഡ്‌കാരും.
ഓര്ത്തു വെക്കാന്‍ നല്ല ചിന്തകളും ,അതിലേറെ ഓർത്തോർത്തു ചിരിക്കാന്‍ കുറെ നര്‍മ്മ മൂഹൂര്ത്തങ്ങളും ഇവിടെ നിന്നും എനിക്ക് കിട്ടി .
സ്വന്തമായി എംബസി അവകാശപെടുന്ന കാസര്‍ഗോഡ് സുഹൃത്തുക്കള്‍ ചിരിക്കാനുള്ള വക ഏറെ നല്കിയിട്ടുണ്ട്.
(കൂടെ  ജേഷ്ടന്‍ ബഷീര്‍ )
തലസ്ഥാന നഗരിയുടെ ഭാഗമാണെന്നു മേനി പറയുന്ന തിരുവനന്തപുരം അപ്പികള്‍ ,ഭാഷാ പിതാവിന്റെ നാട്ടുകാരെന്നു  ‘പോരിശ’പറയുന്ന മലപ്പുറം ‘കത്തികള്‍’ തലശ്ശേരി ബിരിയാണിയുടെ വമ്പു മായി കണ്ണൂര്‍.. സാംസ്ക്കാരിക തലസ്ഥാനത്തിന്റെയും, ലോകത്തിലെ ഏറ്റവും വലിയ ‘റൌണ്ട് എബൌട്ട്‌ ആയ തേക്കിന്‍ കാട് മൈതാനത്തിന്റെയും ഹുങ്ക് പറഞ്ഞു ജില്ല അടിസ്ഥാനത്തിലുള്ള ഈ വീമ്പ് പറച്ചിലില്‍ ഞങ്ങള്‍ ‘തൃശൂര്‍ ‘ക്കാരും ഒട്ടും കുറഞ്ഞു നിന്നില്ല.
ഇതുവരെ താമസിച്ച സ്ഥലങ്ങളില്‍ ഇന്റര്നെറ്റ് ഷെയറിംഗ് സൗകര്യം ഉണ്ടായിരുന്നു, പക്ഷെ ഇവിടെ ഞങ്ങള്‍ സ്വയം കണക്ഷന്‍ എടുക്കാന്‍ നിര്ബന്ധിതരായി .
മാസ വരിസംഖ്യ പങ്ക് വെക്കാന്‍ മുന്നോട്ട് വന്ന കാസര്ഗോഡ്‌ ചോട്ടാ ബായ് ആദ്യമേ തന്നെ ഒരു പരാതി മുന്നോട്ടു വെച്ചു നെറ്റ്  ജാസ്ത്തി കറങ്ങുന്നൂ എന്നായിരുന്നു ആ പരാതി .
സത്യത്തില്‍ ചോട്ടാ ബായ് (ഇങ്ങനെയാണ് ഞങ്ങള്‍ അദ്ധേഹത്തെ വിളിക്കുന്നത്‌ ) പറഞ്ഞതിന്റ പൊരുള്‍ എനിക്ക് പിടികിട്ടിയില്ല .കൂടുതല്‍ പേർക്ക്  വൈഫൈ പാസ്സ്‌വേര്ഡ് കൊടുക്കേണ്ടി വരും എന്നായിരിക്കും അയാൾ  ഉദ്ദേശിച്ചത്‌ എന്ന് ഞാന്‍ ഊഹിച്ചു .
രണ്ടാഴ്ച കഴിഞ്ഞു ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സന്തോഷത്തോടെ ഓടി വന്ന് ‘ചോട്ടാ ബായ്’ എന്നോട് പറഞ്ഞു “ഇക്ക നെറ്റ് കറക്കം കുറഞ്ഞു ഇപ്പൊ നല്ല സൂപ്പര്‍ ആണെന്ന് .
പിന്നീട് ഞാന്‍ അന്വേഷിച്ചു  നോക്കിയപോഴല്ലേ ‘ചോട്ടാ ബായ്’ ഉദേശിച്ച കറക്കം എന്താണെന്ന് എനിക്ക് മനസ്സിലായത് അത് മറ്റൊന്നുമായിരുന്നില്ല സുഹൃത്തുക്കളെ ...
ഇന്റര്നെറ്റില്‍ വീഡിയോ ക്ലിപ്പുകള്‍ കാണുമ്പോഴൊക്കെ നമ്മെ വട്ടം കറക്കാറുള്ള “ബഫഫ്‌റിംഗ്’ തന്നെ...... 
അതെ ഓരോ പ്രവാസിയുടെയും ജീവിതം പോലെയുള്ള ഒരു ബഫ്‌റിംഗ് .

9 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...