തൊഴിയൂരിലെ നായാടി കോളനികൾ .


(മാതൃഭൂമി ദിനപത്രത്തില്‍ വന്നത്)
വംശ നാശം വന്നുകൊണ്ടിരിക്കുന്ന നായാടി കോളനികൾ .
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദേശത്തെ കപ്പിയൂര്‍ മംഗലത്ത് മനക്കലെ തമ്പ്രാക്കള്‍ തങ്ങളുടെ പൂര്‍വ്വികര്‍ക്ക് നല്‍കിയ സ്ഥലമാണിതെന്നുമാത്രമെ തൊഴിയൂര്‍ നായാടിക്കോളനിയിലെ എഴുപതുകാരിയായ പുന്നയൂര്‍ രമണിക്ക് അറിയൂ. പൊന്നാനിയില്‍ നിന്ന് പതിനാറാം വയസ്സിലാണ് രമണി തൊഴിയൂരിലേക്ക് വിവാഹം കഴിച്ചെത്തിയത്. അന്നുമുതല്‍ ഇന്നുവരെ ഇവിടെ ജീവിക്കുന്നു. അമ്പത്തിനാലുവര്‍ഷമായി വോട്ടുചെയ്തിട്ടില്ല. അന്നും ഇന്നും ഒരേപോലെയുള്ള ഓലക്കൂരയില്‍ ജീവിക്കുന്നു. ഇക്കാലമത്രയും റേഷന്‍ കാര്‍ഡ് ലഭ്യമായില്ല. വീടിനു നമ്പറില്ല, പട്ടയമില്ല, വൈദ്യുതിയില്ല. ഈ വര്‍ഷം മഴ കനത്തതിനാല്‍ ഓലമേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നു. തൊഴിയൂര്‍, പൂക്കോട്ടുപഞ്ചായത്തിലായിരുന്ന കാലത്ത് റേഷന്‍ കാര്‍ഡിന്റെ രേഖകള്‍ക്കായി വില്ലേജോഫീസും മറ്റും കയറിയിറങ്ങി. ബ്ലോക്കോഫീസുവഴി ആനുകൂല്യങ്ങള്‍ക്കു ശ്രമിച്ചു. ഒന്നും കിട്ടിയില്ല. അഞ്ചുവര്‍ഷം മുമ്പ് സ്വന്തമായി കിടപ്പാടവും വീടും ഉണ്ടാക്കുന്നതിനായുള്ള രേഖകള്‍ ലഭിക്കാന്‍ കളക്ടര്‍ക്ക് നിവേദനം നല്കിയെങ്കിലും ഫലമുണ്ടായില്ല.
തൊഴിയൂര്‍ പ്രദേശം ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയുടെഭാഗമാക്കിയപ്പോള്‍ നായാടിക്കോളനി മുനിസിപ്പാലിറ്റിയുടെ ഭാഗമായി. ഇക്കാലമത്രയും യാതൊരു വിധ ആനുകൂല്യങ്ങളും ലഭിച്ചില്ല. റേഷന്‍ മണ്ണെണ്ണ വാങ്ങാന്‍ കഴിയാത്തതുകൊണ്ട് മെഴുകുതിരി കത്തിച്ചുവെയ്ക്കുന്നു. പകല്‍ മുഴുവന്‍ മുറിമരുന്നു ശേഖരിയ്ക്കലും ആമപിടിത്തവുമൊക്കയായി കഴിയുന്നു. അടുത്തകാലങ്ങളിലായി മറ്റു കൂലിപ്പണിക്കും പോയിത്തുടങ്ങി. മഴയായതിനാല്‍ പണിയില്ലാതായി. വീടിന്റെ തറ സിമന്റിട്ടിട്ടില്ല. ചുമരുകളുടെ സ്ഥാനത്ത് ഓലയും പരസ്യക്കാര്‍ ഉപേക്ഷിച്ച കീറിയ ഫ്‌ളക്‌സുകളും ഉപയോഗിച്ചു മറച്ചിരിക്കുന്നു. ഭര്‍ത്താവ് മരിച്ചതിനുശേഷം രമണി ഒരു തമിഴ്‌നാട്ടുകാനെ വിവാഹം കഴിച്ചു. പണ്ടുണ്ടായിരുന്ന നായാടിക്കുടുംബങ്ങള്‍ പലതും പലയിടങ്ങളിലേക്കുപോയി. രമണിയുടെ മക്കളും സഹോദരങ്ങളുമൊക്കയായി ഇപ്പോള്‍ മൂന്നു കുടിലുകള്‍ മാത്രമാണുള്ളത്. പ്രദേശം ഷോപ്പിങ് കോംപ്ലക്‌സുകളും വ്യാപാരസ്ഥാപനങ്ങളും മറ്റും വന്ന് വികസിച്ചപ്പോള്‍ നായാടിക്കോളനി മാത്രം മാറ്റമില്ലാതെ തുടര്‍ന്നു. ഗുരുവായൂര്‍- പൊന്നാനി സംസ്ഥാന പാതയോരമായതിനാല്‍ ഭൂമിക്ക് നല്ല വിലയായപ്പോള്‍ ഭൂമാഫിയ പ്രലോഭനങ്ങളുമായി കോളനിക്ക് ചുറ്റുമുണ്ട്. 
നായാടിക്കോളനിയെ കുടിയൊഴിപ്പിക്കാനുള്ള അണിയറ ശ്രമങ്ങള്‍ നടത്തുന്നു. എന്തുവന്നാലും തങ്ങളുടെ മണ്ണില്‍ ഉറച്ചു ജീവിക്കാനാണ് കോളനി വാസികളുടെ തിരുമാനം. അധികൃതരും സാമൂഹിക സന്നദ്ധ സംഘടനകളും സഹായിച്ചാല്‍ ഇവര്‍ക്ക് ചോര്‍ന്നൊലിക്കാത്ത സ്വന്തം വീട്ടില്‍ ജീവിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളെ വോട്ടര്‍ പട്ടികയിലെങ്കിലും ചേര്‍ത്ത് സഹായിക്കണമെന്നാണ് ഇവരുടെ അപേക്ഷ. തങ്ങളുടെ കുട്ടികളെ നല്ലരീതിയില്‍ വിദ്യാഭ്യാസം ചെയ്യിച്ച് നല്ലഭാവിയിലെത്തിക്കാന്‍ രമണിയും കുടുംബവും പ്രാര്‍ത്ഥനയോടെ കഴിയുന്നു.

6 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...